
പ്രിയപ്പെട്ട ചേച്ചി,
എന്റെ പേര് സോമജ. 50 വയസ്സുണ്ട്. അധ്യാപികയാണ്. പത്തു വര്‍ഷങ്ങളായി ഡിവോഴ്സ് കഴിഞ്ഞിട്ട്. മക്കളുടെ സമ്മതത്തോട് കൂടിയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഞങ്ങള്‍ രണ്ടുപേരും പുനര്‍വിവാഹം ചെയ്തിട്ടില്ല.
രണ്ടു മക്കളാണ്. ഒരു മകളും ഒരു മകനും. മകള്‍ ബാങ്കുദ്യോഗസ്ഥയാണ്, മകന് എഞ്ചിനീയറും. രണ്ടുപേരും അവരവരുടെ ജോലി സ്ഥലങ്ങളിലാണ് താമസം. ഇടയ്ക്ക് ഞങ്ങളുടെ രണ്ടുപേരുടെയും കൂടെ മാറിമാറി താമസിക്കാറുണ്ട്. മക്കളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി മുന്‍ ഭര്‍ത്താവുമായി അത്യാവശ്യത്തിന് സംസാരിക്കാറുണ്ട്. വിശേഷ ദിവസങ്ങളില്‍ മക്കളോടൊപ്പം ഞങ്ങളും പുറത്തു ഒന്നിച്ചു ആഹാരം കഴിക്കാന്‍ പോകാറുണ്ട്.
സംശയരോഗിയായ എന്റെ മുന്‍ ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് ഞാന്‍ ഡിവോഴ്സിന് തുനിഞ്ഞത്. മക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഒരുപാടുകാലം അയാളുടെ ഉപദ്രവം സഹിച്ചു കഴിഞ്ഞത്. സംശയം തോന്നിക്കഴിഞ്ഞാല്‍ അത് ദൂരീകരിക്കാതെ സ്വന്തം രീതിയില്‍ അതു വളര്‍ത്തി വലുതാക്കി, മാനസികമായും ശരീരികമായും ഉപദ്രവിക്കുക എന്നത് അയാളുടെ പതിവായിരുന്നു.
എന്തിനാണെന്ന് പോലും അറിയാതെയാണ് പലപ്പോഴും ഞാനതു അനുഭവിച്ചുകൊണ്ടിരുന്നത്. പേടിച്ചു ജീവിച്ചു ഞാന്‍ വേറൊരാളായി മാറി. എന്റെ ആത്മവിശ്വാസവും, ആത്മാഭിമാനവും സന്തോഷവും എനിക്ക് നഷ്ടപ്പെട്ടു. മക്കളിതു കണ്ടും കേട്ടുമാണ് വളര്‍ന്നത്.
മക്കള്‍ മുതിര്‍ന്നപ്പോള്‍, ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ എനിക്ക് കൊതിയായതു കൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തയുമാണ്.
അയാളുടെ കൂടെ ജീവിച്ച കാലത്ത് എനിക്കുണ്ടായിരുന്ന നല്ല സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. അവരുമായി ഞാന്‍ സംസാരിക്കുന്നതോ, അവരെ കാണുന്നതോ, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതോ അയാള്‍ക്കിഷ്ടമായിരുന്നില്ല. മക്കള്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്നുകരുതി ആ കാലത്തൊക്കെ ഞാനതു സഹിച്ചു പോന്നു. ഇപ്പോള്‍ ഒരുപാടു കഷ്ടപ്പെട്ടാണ് ഞാന്‍ എനിക്ക് നഷ്ടമായ എന്നെയും, എന്റെ നല്ല ബന്ധങ്ങളെയും തിരിച്ചുപിടിച്ചത്.
ഇപ്പോള്‍ എന്റെ പ്രശ്നം എന്റെ മകളാണ്. അവള് അയാളെപ്പോലെയാണ് എന്നോട് പെരുമാറുന്നത്. വീട്ടില്‍ വരുമ്പോള്‍ എല്ലായിടവും സംശയത്തോടെ ശ്രദ്ധിക്കുക, എന്റെ ഫോണ്‍ പരിശോധിക്കുക, അവളുടെ അച്ഛന് ഉപയോഗിച്ചിരുന്ന ഭാഷയില്‍ എന്നെ കുറ്റപ്പെടുത്തി സംസാരിക്കുക.. ഇതൊക്കെയാണ് മകള്‍ ചെയ്യുന്നത്. മകനോട് ഞാന്‍ ഇതെക്കുറിച്ച് പറഞ്ഞപ്പോള്‍ അവന് പറഞ്ഞത്, 'അമ്മയത് കാര്യമാക്കേണ്ട' എന്നാണ്.
മകള്‍ വന്നു പോയിക്കഴിഞ്ഞാല്‍ എനിക്ക് വല്ലാത്ത വിഷമമാണ്. അവള് കുത്തിനോവിച്ചു അതുമിതുമൊക്കെപ്പറഞ്ഞു എനിക്ക് തന്നെ തോന്നിത്തുടങ്ങി ഞാന്‍ കുറ്റക്കാരിയാണെന്ന്. മകളുടെ ഈ സ്വഭാവം മറ്റാരോടും എനിക്ക് പറയാന്‍ സാധിക്കില്ല. അവര്‍ അവളെ മോശമായിക്കാണുന്നത് എനിക്ക് സഹിക്കില്ല.
എന്റെ മകളെ ഞാന്‍ ഉപദേശിക്കുകയോ, അവളുടെ തെറ്റ് തിരുത്തുകയോ ചെയ്യുന്നതവള്‍ക്കിഷ്ടമല്ല. അങ്ങനെയുള്ള സമയത്താണ് അവള് അനാവശ്യമായി എന്റെ കുറ്റങ്ങള്‍ നിരത്തുന്നത്.
അവളുടെ ഈ രീതി എനിക്ക് താങ്ങാനാകുന്നില്ല. ഞാന്‍ ഇതു അര്‍ഹിക്കുന്നില്ല. മറ്റൊരു ബന്ധമോ അല്ലെങ്കില്‍ അതിനുള്ള ആഗ്രഹമോ പോലും എനിക്കില്ല. ഈ കുട്ടികള്‍ നന്നായിരിക്കണം, എനിക്ക് സമാധാനം വേണം എന്ന രണ്ടു കാര്യങ്ങള്‍ മാത്രമേ എപ്പോഴും എന്റെ മനസ്സിലുള്ളൂ. അതുകൊണ്ട് തന്നെ ഈ മുറിവിന്റെ വേദന വലുതാണ്.
അവളെ അകറ്റിനിര്‍ത്താനോ, മകളെ മുറിച്ചു മാറ്റാനോ സാധിക്കുകയുമില്ല. ഞാന്‍ എന്താണ് ചെയ്യേണ്ടത്?
സസ്നേഹം
സോമജ
പ്രിയ സോമജ,
ബന്ധങ്ങള്‍ ബന്ധനങ്ങളാകുമ്പോള്‍ നശിക്കുന്നത് വ്യക്തികളാണ്. സോമജ പറഞ്ഞിരിക്കുന്നതുപോലെ മറ്റുള്ളവര്‍ക്ക് വേണ്ടി ഒതുങ്ങിയും, പതുങ്ങിയും പിന്നെ മറഞ്ഞുമിരുന്നു, തെളിച്ചമേകുന്ന എത്രയോ മനുഷ്യരുണ്ട് നമുക്ക് ചുറ്റും.
സ്വയം ജീവിക്കാന്‍ മറന്നുപോകുന്ന ഇവരില്‍ പലരും മറ്റുള്ളവര്‍ വാര്‍ത്തിടുന്ന ചട്ടക്കൂടിനുള്ളില്ക്കിടെന്ന് ആരുടെയോ ഇഷ്ടത്തിനനുസരിച്ചു പാകപ്പെടുന്നു. ചിലര്‍ നിരന്തരം മുറിവേറ്റ് പിടയുന്നു, മറ്റുചിലര്‍, അവര്‍ പോലുമറിയാതെ വേറെ വ്യക്തികളായി മാറുന്നു.
മക്കളെക്കരുതി സോമജ എത്രയോ കാലം സ്വയം ഹോമിച്ചു കഴിഞ്ഞു. അവര്‍ക്കു കുടുംബം എന്ന വ്യവസ്ഥ, അച്ഛനും അമ്മയും എന്ന ആശ്രയം, ആത്മവിശ്വാസം... ഇതൊക്കെ കൊടുക്കാനായി അവര്‍ സ്വയംപര്യാപ്തരാകുന്നത് വരെ കാത്തിരുന്നില്ലേ; അതു നല്ലൊരമ്മയ്ക്ക് മാത്രമേ കഴിയൂ.
ഈ കത്തിലെ ഓരോ വരിയിലും ആ അമ്മ നിറഞ്ഞു നില്ക്കുന്നു.
യഥാസമയത്ത് പങ്കാളിയുമായി പിരിഞ്ഞതുകൊണ്ട് ഇപ്പോഴെങ്കിലും മറ്റൊരാളുടെ ഭാവനാത്മകമായ ചിന്തകള്ക്കുമനുസരിച്ചു ജീവിക്കേണ്ടിവരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ, ഡിവോഴ്സ് എന്നതൊരു ഉചിതമായ തീരുമാനം.
സോമജ ഇപ്പോള്‍ അനുഭവിക്കുന്ന വിഷമം മനസ്സിലാകുന്നു. കുഞ്ഞുന്നാള് മുതല്‍ കേട്ടുവളര്‍ന്ന കാര്യങ്ങള്‍ ഒരുപക്ഷേ, മോളുടെ മനസ്സില്‍ തറഞ്ഞിട്ടുണ്ടാകും. അമ്മയോട് ഇങ്ങനെയൊക്കെപ്പറയാം, പറഞ്ഞാലും കുഴപ്പമില്ല എന്നൊക്കെ ആ കുട്ടി ധരിച്ചും വച്ചിട്ടുണ്ടാകാം. സോമജ നിശബ്ദമായി നടത്തിയ എതിര്‍പ്പുകള്‍, അല്ലെങ്കില്‍ ചെറുത്തുനില്‍പ്പുകള്‍ അവള് കണ്ടിട്ടുണ്ടാകില്ല. അതുകൊണ്ടുമാകാം അവള് ഇങ്ങനെ പെരുമാറുന്നത്.
സോമജയോടുള്ള മകളുടെ പെരുമാറ്റവും, അവളുടെ സംശയങ്ങളും മാറ്റിയെടുക്കേണ്ടത് തന്നെയാണ്. ഇല്ലെങ്കില്‍, നാളെ മകളുടെ വിവാഹജീവിതത്തേയും ഇതു ബാധിച്ചേക്കാം.
സോമജ അത്യാവശ്യമായി ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍:
* മകളുമായി മനസ്സ് തുറന്നു സംസാരിക്കുക. അവളുടെ മനസ്സില്‍ എന്താണുള്ളതെന്നു കൃത്യമായി മനസിലാക്കുക. അവളുടെ സംശയങ്ങള്‍ വിശദീകരിച്ചു ദൂരീകരിക്കുക.
* മകളുടെ വാക്കുകളും പ്രവൃത്തിയും സോമജയുടെ മനസ്സിലുണ്ടാക്കുന്ന മുറിവുകളെക്കുറിച്ച് വിശദമായി അറിയിക്കുക. ഭര്‍ത്താവുമായി പിരിയാനുണ്ടായ കാരണവും വ്യക്തമാക്കുക.
* ഭര്‍ത്താവ് ഭാര്യയോട്, അല്ലെങ്കില്‍ പങ്കാളികള്‍ പരസ്പരം ചോദ്യം ചെയ്യുന്നത് പോലെ, മകള്‍ അമ്മയോട് പെരുമാറുന്നതിലെ അര്‍ഥശൂന്യത മകളെ പറഞ്ഞു മനസിലാക്കുക.
* അമ്മ മക്കള്‍ക്ക് വേണ്ടി എല്ലാം സഹിക്കുമെങ്കിലും, അവര്‍ ഒരു വ്യക്തി കൂടിയാണെന്നും അവര്‍ക്കും അരുതാത്തതു കേട്ടാല്‍ നോവുമെന്നും മകളെ അറിയിക്കുക.
* മകള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു പോലെയുള്ള സംസാരവും പെരുമാറ്റവും ഇനി സോമജ അംഗീകരിക്കില്ലെന്ന് ഉറപ്പിച്ചു പറയുക.
* ഭര്‍ത്താവിന് ചികില്സിക്കേണ്ടുന്നതായ സംശയരോഗം ഉണ്ടായിരുന്നോ എന്നു കത്തില്‍നിന്ന് വ്യക്തമല്ല. മകള്‍ക്കു ചികിത്സ ആവശ്യമുണ്ടെന്ന് തോന്നിയാല്‍ വൈകാതെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണിക്കുക.
* ആവശ്യമെങ്കില്‍, ചികിത്സ തേടുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് മകളെ പറഞ്ഞു മനസ്സിലാക്കുന്നതിനായി മകന്റെ സഹായവും തേടാം.
* മകള്‍ അമ്മയെ അകാരണമായി സംശയിക്കുന്നത് നിസ്സാരമായ ഒരു കാര്യമല്ല. മകളുടെ ഈ ശീലം ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുക അവള്‍ക്കു തന്നെയാണ്. അവളുടെ വ്യക്തിത്വത്തെ അതു വികലമാക്കുകയും അവളുടെ ബന്ധങ്ങളെ മോശമായി ബാധിക്കുകയും ചെയ്യും.
* അമ്മ എന്ന റോളില്‍നിന്ന് സോമജയെ ഒരു വ്യക്തിയായിക്കാണാന് മകള്‍ക്കു സാധിച്ചാല്‍, അവള് നല്ലൊരു സുഹൃത്തു കൂടിയായി മാറും.
തീര്‍ച്ചയായും അതങ്ങനെ തന്നെയായിത്തീരും. ആശംസകള്‍!
ആശംസകളോടെ,
സ്നേഹപൂര്‍വം വല്യേച്ചി






