
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷത്തിന്റെ എം സ്വരാജ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.
2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമായി അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചെന്നാണ് ആരോപണം. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിരഞ്ഞെടുപ്പില്‍ വെറും 992 വോട്ടുകള്‍ക്കായിരുന്നു കെ.ബാബുവിന്റെ വിജയം.
ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പറയും. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എം സ്വരാജ് ഉന്നയിച്ച പ്രധാന വാദം.
തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കെ ബാബു തോറ്റാല്‍ അയ്യപ്പന് തോല്‍ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില്‍ പ്രചാരണം നടത്തിയെന്നും ആരോപിച്ചു. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് ഉള്‍പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കി. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും എം സ്വരാജ് പറയുന്നു.
എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ വാദം നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി പരാമര്‍ശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിക്കൊണ്ട കേസില്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. എല്‍ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയ തെളിവാണിതെന്നതടക്കം നടപടിക്രമങ്ങള്‍ ചോദ്യം ചെയ്ത് നല്കിയ രണ്ടാം ഹര്‍ജിയും തള്ളിയതോടെ കെ ബാബുവിന് വീണ്ടും തിരിച്ചടി നേരിടുകയായിരുന്നു.






