
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ അമിത വേഗതയിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. നാലുപേര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട് മറിഞ്ഞ ബൈക്കില്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ നാലാമത്തെയാള്‍ ആശുപത്രിയിലാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ പാരി ചൗക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. ഒരു വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്രയും സഹോദരിമാരും. ഈ സമയത്ത് പാരി ചൗക്കിന് സമീപം സ്പീഡ് ബ്രേക്കറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞു. ഇതിനിടയില്‍ അമിതവേഗതയില്‍ വന്ന കാര്‍ മോട്ടോര്‍ ബൈക്കില്‍ ഇടിച്ചു. ആശുപത്രിയില്‍വെച്ചാണ് മൂന്ന് പേരും മരിച്ചത്.
നോയിഡയിലെ കുലേസരയില് നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള കസ്നയില് നിന്നാണ് ഇവര്‍ മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിലെത്തിയ കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ശേഷം പരിക്കേറ്റവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കില്‍ ഇടിച്ച വാഹനം തിരിച്ചറിയാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.






