
അന്തരിച്ച സംഗീതജ്ഞന് കെ.ജി ജയന് ആദരാഞ്ജലികളര്‍പ്പിച്ച് സംഗീത സംവിധായകന് ശരത്. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരില് ജയന്‍മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടന് മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയന്‍മാഷിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം എന്നാണ് ശരത് ഫേയ്സ്ബുക്കില്‍ കുറിച്ചത്.
തൃപ്പുണ്ണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു കെ.ജി ജയന്റെ അന്ത്യം. അയ്യപ്പഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം. നടന് മനോജ് കെ ജയന് ഇളയ മകനാണ്. ശ്രീകോവില്‍ നട തുറന്നു...., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക..., രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. സംഗീത ജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ കെ ജി ജയന് നവതി ആഘോഷിച്ചിരുന്നു.
ശബരിമലയില്‍ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവില്‍ നട തുറന്നു.... എന്ന ഗാനമാണ്. 1991-ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2019-ല്‍ പത്മശ്രീ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.






