ചോദ്യംഃ മകള്‍ക്ക് 12 വയസ്. മൂന്നു മാസം മുമ്പ് ആര്‍ത്തവം ആരംഭിച്ചു. ആര്‍ത്തവശേഷം കുട്ടിക്ക് അമിത ക്ഷീണവും വിളര്‍ച്ചയും ഉള്ളതായി കാണുന്നു. ആ ദിവസങ്ങളില്‍ സ്കൂളില്‍ പോകാന്‍പോലും സാധിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടിക്ക് അമിത ക്ഷീണം ഉണ്ടാകുന്നത്. വിളര്‍ച്ച മാറാന്‍ എന്താണ് ചെയ്യേണ്ടത്?
ശ്യാമ സുരേന്ദ്രന്, തിരുവനന്തപുരം
ഉത്തരം: അമിതമായ രക്തസ്രാവമുണ്ടാവുന്നതുകൊണ്ടോ, ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവായതുകൊണ്ടോ ആകാം കുട്ടിക്ക് അമിത ക്ഷീണം ഉണ്ടാകുന്നത്. ആഹാരത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ള ഇലക്കറികള്‍, ഇറച്ചി, ലിവര്‍, ധാന്യങ്ങള്‍, ഡ്രൈഫ്രൂട്ട്സ്, നട്സ് എന്നിവ കൂടുതലായി ഉള്‍പ്പെടുത്തുക, കൃത്യമായ കാലയളവില്‍ വിരമരുന്നുകൊടുക്കുക എന്നിവ പെണ്‍കുട്ടികളില്‍ ആര്‍ത്തവത്തെത്തുടര്‍ന്നുള്ള വിളര്‍ച്ച തടയാന്‍ സഹായിക്കും. രക്തക്കുറവു വന്നാല്‍ അയണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് ചികിത്സ. കുട്ടിയെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ച് പരിശോധന നടത്തുന്നത് നല്ലതാണ്.
ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം
ചോദ്യംഃ എനിക്ക് 45 വയസ്. വീട്ടമ്മയാണ്. രണ്ടു കുട്ടികളുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാസമുറ സമയത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നു. ആര്‍ത്തവകാലത്ത് മൂത്രമൊഴിക്കുമ്പോഴാണ് രക്തം കൂടുതലായി പുറത്തുപോകുന്നത്. എന്നാല്‍ പാഡില്‍ രണ്ടോ മൂന്നോ തുള്ളി രക്തമാണ് കാണപ്പെടുക. മൂന്നും നാലും ദിവസം വൈകിയാണ് എനിക്ക് ആര്‍ത്തവം സംഭവിക്കുന്നത്. അതോടനുബന്ധിച്ച് നടുവിനും സ്തനങ്ങള്‍ക്കും വേദന അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് അമിതമായി ആര്‍ത്തവരക്തം പോകുന്നത്. ഇത് ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത്?
എല്‍സി തോമസ്, മംഗലാപുരം
ഉത്തരം: 45 വയസുള്ള സ്ത്രീകളില്‍ അമിത രക്തസ്രാവമുണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. ഗര്‍ഭപാത്രത്തിലുള്ള മുഴകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മുതല്‍ കാന്‍സര്‍ വരെ അമിത രക്തസ്രാവമുണ്ടാക്കാം. ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമുള്ള പരിശോധനകള്‍ നടത്തി ചികിത്സ തുടങ്ങേണ്ടതാണ്.






