കൊല്ലത്തില്‍ രണ്ടുതവണയെങ്കിലും തമിഴ്നാട്ടുകാരെ കൂട്ടത്തോടെ രക്ഷിക്കുന്ന ശീലമുണ്ട് ഇളയദളപതി വിജയ് അണ്ണന്. അതിനിടയില്‍ രണ്ടു പാട്ടുപാടിയെന്നിരിക്കും, ഒന്നു പ്രേമിച്ചെന്നുവരും, സമയം കിട്ടിയാല്‍ കോളജില്‍ പഠിച്ചെന്നുംവരും. പണ്ടേ ജോലിക്കൊന്നുംപോകുന്ന ശീലമില്ല, ഇനി പോയാല്‍ തന്നെ വല്ല ടീ കടക്കാരനോ അങ്ങേയറ്റം ഓട്ടോഡ്രൈവറോ ആകും.
ഇക്കുറി അണ്ണന് ജോലിക്കുപോകുന്നുണ്ട്, ഐ.സി.സി.ഐ. എന്നൊരു ബാങ്കില്‍ വായ്പ തിരിച്ചുപിരിക്കുന്ന ക്വട്ടേഷന്‍ പരിപാടിയാണ്, കലഷ്കന് ഏജന്റ്,. നമ്മുടെ നാട്ടില്‍ ഇതൊക്കെ ന്യൂജനറേഷന് ഗുണ്ടയാണെങ്കിലും സംഭവം നല്ലവനില്‍ നല്ലവനും നാട്ടുകാരെ സിനിമ കണക്കിനു രക്ഷിക്കുകയും ചെയ്യുന്ന വിജയ് അണ്ണന് ആയതുകൊണ്ട് പാവപ്പെട്ടവരുടെ അല്ല, ലോണെടുത്താല്‍ ബാങ്കിനു തിരിച്ചുകൊടുക്കാത്ത വലിയ കോര്‍പറേറ്റുകളുടെ കുത്തിനു പിടിച്ചു പൈസ തിരിച്ചുവാങ്ങുന്ന കക്ഷിയാണ്. അണ്ണന്റെ ഇത്തവണത്തെ പേര് ഭൈരവ.
വിജയ് ഇരട്ടവേഷത്തിലെത്തിയ അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിന്റെ സംവിധായകന് ഭരതന് വീണ്ടും വിജയ്യുമായി ഒന്നിക്കുന്ന ചിത്രമാണ് ഭൈരവ. അഴകിയ തമിഴ്മകനുമായി തട്ടിച്ചുനോക്കിയാല്‍ അഴകാന തമിഴ്മകനാണ് ഭൈരവ. പക്ഷേ സംഭവം വിജയ് പടങ്ങള്‍ ആരാധകര്‍ നെഞ്ചേറ്റിയപ്പോള്‍ മുതലുള്ള ഫോര്‍മുലകളുടെ റീപ്ലേയാണെന്നുമാത്രം. ഒന്നിനുപിന്നാലെ ഒന്നായി ഫോര്‍മുലകള്‍ ക്യൂനിന്നു രണ്ടേമുക്കാല്‍ മണിക്കൂറു തീര്‍ക്കുന്ന വിജയ്പടം. കടുത്ത ഫാനുകള്‍ക്ക് ഇഷ്ടപ്പെടും. ഫാന്സിനുവേണ്ടതെല്ലാം ആവശ്യം പോലെ ഒരുക്കിയിട്ടുണ്ട്. ഇന്‍ഡ്രൊ ഫൈറ്റ്, പിന്നാലെ പാട്ട്, ഇന്റര്‍വെല്‍ പഞ്ച്, ക്ളൈമാക്സിലെ തട്ടിക്കൊണ്ടുപോകല്‍, രക്ഷപ്പെടുത്തല്‍ എന്തിനു മൃതപ്രായനായിക്കിടക്കുമ്പോള് ദേവി പ്രസാദിക്കുന്ന ടിപ്പണിവരെ അല്പം പോലും കുറയ്ക്കാതെ ഇഷ്ടംപോലെ കാശുമുടക്കി പിടിച്ചിട്ടുണ്ട്. അതുകൊണ്ട് ഫാന്സ്രവമാണ് ഭൈരവാ. ആ ഒരു ഉത്സവമൂഡില് ചെന്നിരുന്നുകൊടുത്താല് ഒരു കോമഡിസ്കിറ്റ് കാണുന്ന തരത്തില്‍ ആസ്വദിക്കാം. നായകനടന്റെ വക കുച്ചിപ്പുഡിയാണോ, ഭരതനാട്യമാണോ, ബ്രേക്ക് ഡാന്‍സാണോ എന്നു തിരിച്ചറിയാനാവാത്ത ശരീരചലനങ്ങളും പച്ചക്കുളം ഭാസിപോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഭാവരസങ്ങളും കണ്ട് ഊറിച്ചിരിക്കാം.
സാധാരണ വിജയ് സിനിമകളില്‍ പെങ്ങള്‍ക്കു ഡ്രസ് വാങ്ങാനോ, അനുജന് ഫീസ് കൊടുക്കാനോ പട്ടണത്തിലേക്കു ചെല്ലുമ്പോള്‍ അവിടെയുള്ള അധോലോകന്മാരുമായി ഏറ്റുമുട്ടുകയും അധോലോകന്മാരെയെല്ലാം ഒറ്റയ്ക്ക് പാക്ക് ചെയ്തു വിടുകയുമാണ് പതിവ്. ഇതല്ലെങ്കില്‍ വഴിയേ പോകുന്ന ഏതെങ്കിലും സുന്ദരിയെ തീര്‍ത്തും അവിചാരിതമായ കാരണങ്ങള്‍ കൊണ്ട് ഒന്നു രക്ഷിച്ചുകൊടുക്കേണ്ടിവരും. (സുന്ദരിക്കു പിന്നാലെ അധോലോകന്സ് ആയിരിക്കുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ...) ഇക്കുറി മലര്‍വഴി (കീര്‍ത്തിസുരേഷ്) എന്ന സുന്ദരിയെ പെരിയകണ്ണ്( ജഗപതി ബാബു) എന്ന കശാപ്പുകാരനായ സ്വാശ്രയ മെഡിക്കല്‍ കോളജ് മുതലാളി( വാട്ട് എ സിമ്പോളിക് സ്വാശ്രയ മുതലാളി)യുടെ വേട്ടയില്‍നിന്നു രക്ഷിക്കുകയാണ് ഭൈരവന്റെ ശ്രമം.
തുടക്കത്തില്‍ ക്രിക്കറ്റ് പന്തുകൊണ്ട് ഒരുകൂട്ടം ഗുണ്ടകളെ അടിച്ചുറൊട്ടിയാക്കുന്ന ഭൈരവന്റെ മാസ് സീനോടെയാണു തുടക്കം. കാതടിപ്പിക്കുന്ന എന്നാല്‍ ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയുള്ള അടി തുടങ്ങുമ്പോഴേ അറിയാം പടം എങ്ങോട്ടാണെന്ന്. കബാലിയ്ക്കുശേഷം അതേ ഫോര്‍മാറ്റിലുള്ള പശ്ചാത്തലസംഗീതവുമായി സന്തോഷ് നാരായണന് കസറുന്നുണ്ട്. സിനിമയിലെ ഏറ്റവും മികവാര്‍ന്ന ഘടകവുമതാണ്, സന്തോഷ് നാരയണന്റെ സംഗീതം.
ഏതായാലും ലോക്കല്‍ ഗുണ്ടകളെ അടിച്ചു ശീലിച്ച ഭൈരവന് സാക്ഷാല്‍ 'ഡാഡി ഗിരിജയായ' ജഗപതിബാബു അവതരിപ്പിക്കുന്ന പി.കെയുമായി ഏറ്റുമുട്ടുന്നു. ഈ പി.കെ. എന്ന പെരിയകണ്ണാണ് സിനിമയിലെ വിജയ് യുടെ സാമൂഹികപ്രതിബദ്ധതയ്ക്കുളള വേട്ടമൃഗം. പക്ഷേ ടൈമിങ് നോക്കണേ, വിഷയം ഗംഭീരമായി; സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളജിലെ പുറംലോകമറിയാത്ത ക്രൂരതകള്‍. അതും കോളജിന്റെ അംഗീകാരത്തിനു മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കിട്ടാന്‍വേണ്ടി മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതിന്റെ പ്രതികാരം. ഇതിലും നല്ലൊരു വിഷയമില്ല ഇപ്പോള്‍ പറയാന്‍. സിനിമയില്‍ പറയുന്ന കോളജ് കഥകള്‍ തമിഴ്പടത്തിലേ സംഭവിക്കുള്ളുവെന്ന് മുമ്പായിരുന്നെങ്കില്‍ പറയാമായിരുന്നു. പാമ്പാടിയില്‍നിന്നും കോട്ടയത്തുനിന്നുമുള്ള സ്വാശ്രയകഥകള് കേള്‍ക്കുമ്പോള്‍ ഇതൊക്കെ എന്ത് എന്നു പറഞ്ഞുപോകും. ഏതായാലും ഭൈരവയുടെ കേന്ദ്രപ്രമേയത്തിന് അല്പം ഉള്ക്കനമുണ്ട്. ഇറച്ചിവെട്ടുകാരനായിരുന്ന ഗുണ്ട കോളജ് മുതലാളിയായി വിദ്യാര്‍ഥികളെ മാട്ടിന്കൂട്ടങ്ങളെപ്പോലെ കാണുന്നതുമൊക്കെ അതുകൊണ്ടുതന്നെ കാരിക്കേറച്ചറല്ല, നാട്ടിലെ യഥാര്ഥചിത്രമാണെന്നു തന്നെ പറയേണ്ടിവരും. ഈ ഇറച്ചിവെട്ടുകാരനെ ഇടിച്ചുവീഴ്ത്തുകയാണ് ഭൈരവയുടെ ലക്ഷ്യം. അതേതായാലും ടിപ്പിക്കല്‍ വിജയ് സ്റ്റൈലില്‍ നിറവേറ്റുന്നുണ്ട്. തെളിവില്ലാതെ ഡിസ്മിസ് ചെയ്യുന്ന കേസ് വിജയ് അണ്ണന്റെ പഞ്ച് ഡയലോഗ് കേട്ടു കോടതി വീണ്ടും വാദം കേള്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. അങ്ങനെ അങ്ങനെ അവസാനം വരെ മരണമാസായി വിജയ് തിളങ്ങിനില്‍ക്കുന്ന ഷോയാണ് ഭൈരവ. പലരംഗങ്ങളും അവസാനമിറങ്ങിയ തെറിയുമായി മാറിപ്പോകും. ക്ളൈമാക്സ്പോലും ഏതാണ്ട് അതുതന്നെ.
മലയാളിയായ കീര്‍ത്തിസുരേഷിന്റെ ആദ്യസൂപ്പര്താര തമിഴ്ചിത്രമാണിത്. സാധാരണവിജയ് ചിത്രങ്ങളില്‍നിന്നു മാറി നായികയ്ക്കു മുഴുനീള റോളുണ്ട്. കീര്‍ത്തിയുടെ മലര്മൊഴിയെ കേന്ദ്രീകരിച്ചാണു സിനിമ നീങ്ങുന്നതും. ഏതായാലും ധനുഷിന്റെ തൊടരിയിലെ ദയനീയ പ്രകടനത്തില്‍നിന്ന് കീര്‍ത്തിക്കു കുറച്ചുപുരോഗതിയുണ്ട്. ഡാനിയല്‍ ബാലാജി, ആടുകളം നരേന് മലയാളതാരങ്ങളായ വിജയരാഘവന്, സീമ ജി നായര്‍, അപര്‍ണ വിനോദ് തുടങ്ങിയവരാണു സിനിമയിലെ മറ്റുപ്രധാനവേഷങ്ങളില്‍. എം. സുകുമാറാണ് ക്യാമറ.
ഗില്ലി, മധുരൈ, ദൂള്‍, വീരം തുടങ്ങിയ മാസ് സിനിമകളുടെ രചയീതാവാണ് ഭരതന്. പശ്ചാത്തലം മാത്രം മാറ്റി ബാക്കി മുഴുവന്‍ സന്ദര്‍ഭങ്ങളും അതേപടി നിലനിര്‍ത്തുന്ന ഫോര്‍മുല പരീക്ഷണത്തിനാണ് ഭൈരവയും ശ്രമിക്കുന്നത്. ഫോര്‍മുലയിലെ പുതുമയായിരിക്കും ഇത്തരം സിനിമകളെ ആകര്‍ഷണമാക്കുന്നത്. ഭൈരവയ്ക്ക് ആ പുതുമയുമില്ല. ആദ്യസീന്‍ മുതല്‍ അവസാനസീന്വരെ കൃത്യമായി മുന്‍കൂട്ടി പറയാവുന്ന കാഴ്ച. അല്ലെങ്കില്‍ ഇതുവരെയുള്ള വിജയ് സിനിമകളുടെ ഹൈടെക് കോക്ടെയില്‍. ഈ സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍ കഥയും കഥാപാത്രങ്ങളും അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകും. തീര്‍ച്ച.