
തിരുവനന്തപുരം: ബി.ജെ.പി. നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ പാര്‍ട്ടിയിലും ഇടതുമുന്നണിയിലും ഒറ്റപ്പെട്ട ഇ.പി. ജയരാജന്റെ രാഷ്ട്രീയഭാവി തുലാസിലായിരിക്കേ ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകം. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവും മുന്നണി കണ്‍വീനറുമായ ജയരാജനെതിരേ അച്ചടക്കനടപടിക്കു യോഗം പച്ചക്കൊടി കാട്ടുമോയെന്ന ആകംക്ഷയില്‍ രാഷ്ട്രീയകേരളം. ജയരാജന് മുന്നണി കണ്‍വീനര്‍ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തിയുള്ള സി.പി.ഐയും സി.പി.എം. തീരുമാനത്തിനായി കാത്തിരിക്കുന്നു.
ജയരാജന് ബി.ജെ.പിയുടെ പ്രലോഭനത്തില്‍ വീണോയെന്നാകും പാര്‍ട്ടി പരിശോധിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് വിശകലനത്തിനാണു സെക്രട്ടേറിയറ്റ് യോഗം ചേരുന്നതെങ്കിലും ഈ വിഷയം ചര്‍ച്ചയാകുമെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പിയുമായുള്ള ചര്‍ച്ചയുടെ ഇടനിലക്കാരന് മാത്രമാണു ജയരാജനെന്നാണു പ്രതിപക്ഷാരോപണം. ഇതോടെ മുഖ്യമന്ത്രിക്കു പ്രതിരോധം തീര്‍ക്കേണ്ട ഇരട്ടിബാധ്യതയും പാര്‍ട്ടിയുടെ ചുമലിലായി.
ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ മാത്രം പരസ്യമായി വിമര്‍ശിച്ച പിണറായി, ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെ ലഘൂകരിച്ചെന്നാണു യു.ഡി.എഫ്. ആരോപണം. ജാവ്ദേക്കറെ താനും പലവട്ടം കണ്ടിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ ന്യായീകരണം. എന്നാല്‍, ഔദ്യോഗികപദവികളില്ലാത്ത ബി.ജെ.പിയുടെ സംഘടനാച്ചുമതലക്കാരനെ മുഖ്യമന്ത്രി എന്തിനു കണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. ബി.ജെ.പിയുമായി ബാന്ധവം ആരോപിക്കപ്പെട്ട നേതാവിനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിലനിര്‍ത്തുക സി.പി.എമ്മിന് എളുപ്പമാവില്ല. വൈദേകം റിസോര്‍ട്ട് വിവാദവും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ആരോപിക്കപ്പെട്ട ബിസിനസ് ബന്ധവും ജയരാജനെ നേരത്തേ നോട്ടപ്പുള്ളിയാക്കിയിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ വിവാദത്തില്‍ ശക്തമായ നടപടിയെടുത്താല്‍ മുമ്പേ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജയരാജന്റെ പ്രതികരണമെങ്ങനെയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെതിരേ സംസ്ഥാനനേതൃത്വത്തിനു നേരിട്ട് നടപടിയെടുക്കാനാവില്ല. എന്നാല്‍, നടപടി ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാനസമിതിക്കു സാധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച് ധാരണയുണ്ടായേക്കാം.






