
വടകരയിൽ യു ഡി എഫ് പരിപാടിക്കിടെ ആർ എം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ഹരിഹരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിൽ കേസെടുക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആവശ്യം.
ഐ ടി ആക്ട് പ്രകാരമടക്കം ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിൽ കേസ് എടുക്കണമെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡി വൈ എഫ് ഐ വടകര ബ്ലോക്ക് സെക്രട്ടറി ഇക്കാര്യം ചൂണ്ടികാട്ടി വടകര റൂറൽ എസ് പിക്കും പരാതി നൽകിയിട്ടുണ്ട്.
ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് നേരത്തെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു.






