
ഒരു സിനിമയെന്ന പോലെ ആകാംക്ഷയും ചടങ്ങുകളുമൊക്കെ നിറഞ്ഞതായിരുന്നു ജയറാമിന്റെ ഇളയപുത്രി മാളവികാ ജയറാമിന്റേത്. ഗുരുവായൂർ ക്ഷേത്രത്തിലെ ലളിതമായ താലികെട്ട് ചടങ്ങൊഴിച്ചാൽ, ബാക്കിയെല്ലാം ആർഭാടം നിറഞ്ഞതായിരുന്നു. വിവാഹത്തിന് മുൻപും ശേഷവുമായി നിരവധി ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. മലയാള സിനിമാലോകവും ചടങ്ങിലെ പല പരിപാടികളിലും സാന്നിധ്യമായിരുന്നു.
ഇപ്പോഴിതാ ചടങ്ങിനിടെയുള്ള മാളവികയുടെ അമ്മ പാര്‍വ്വതി ജയറാമിന്റെ ഒരു ഡാന്‍സാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. മകള്‍ക്ക് വേണ്ടിയുള്ള പാര്‍വ്വതിയുടെ ഹൃദയഹാരിയായ നൃത്തം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ഒരു ദൈവം തന്ത പൂവേ...’ എന്ന പാട്ടിനാണ് പാര്‍വ്വതി രസകരമായി നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. കണ്ണുനിറഞ്ഞാണ് മാളവിക ഭര്‍ത്താവ് നവനീത് ഗിരീഷിനൊപ്പമിരുന്ന് ഈ നൃത്തം കണ്ടത്. ഇടറുന്ന കണ്ണുകളോടെ ജയറാമും നൃത്തം കാണുന്നത് വീഡിയോയില്‍ കാണാം.
‘‘അമ്മയുടെ സ്നേഹം, ഭംഗിയുള്ള ഓരോ ചലനങ്ങളിലൂടെയും പ്രകടിപ്പിക്കുന്നു... ഏറെ നാളുകൾക്ക് ശേഷം നടി അശ്വതി ജയറാമിന്റെ നൃത്തത്തോടുള്ള പുനഃസമാഗമത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ഒരു പരമമായ പദവിയാണ്, അവരുടെ മകൾ മാളവികയുടെ സംഗീത് നൈറ്റിലെ ഹൃദയസ്പർശിയായ പ്രകടനം...സ്നേഹവും അഭിനിവേശവും നിറഞ്ഞ അവരുടെ പ്രകടനം എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു, സന്തോഷത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും കണ്ണുനീർ മിക്കവരിലും വന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വൈറ്റ് ലൈന്‍ ഫോട്ടോഗ്രഫി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.






