
'കടം' അല്ലെങ്കില്‍ 'സാമ്പത്തിക ബാധ്യത' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ വിഷാദത്തിന്റെ പോറല്‍ വീഴും. പലരുടെയും ചിന്തകളില്‍ അസ്വസ്ഥതയുടെ കയ്പ് വ്യാപിക്കും. പലര്‍ക്കും അപമാനഭാരത്താല്‍ തല കുനിയും, കണ്ണുകള്‍ നിറയും. ചിലര്‍ ജന്മദുരിതമോര്ത്ത് സ്വയം ശപിക്കും. എന്തായാലും ആരും അനുഭവിക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത ഒരു കാര്യമാണത്. ലഭിക്കുമ്പോള്‍ ആശ്വാസവും കൊടുക്കേണ്ടി വരുമ്പോള്‍ വിലാപവും നല്കുന്ന ഒരു പ്രത്യേക അനുഭവവുമാകുന്നു അത്.
സ്ഥിര വരുമാനമുള്ള വ്യക്തികള്‍ക്ക് കടബാധ്യത വലിയ ദുരിതമാകണമെന്നില്ല. പലപ്പോഴും ചെറിയ തോതിലുള്ള സാമ്പത്തിക ഞെരുക്കത്തില്‍ ഒതുങ്ങും അവരുടെ അസ്വസ്ഥത. പക്ഷേ, നിത്യജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് പലപ്പോഴും മറികടക്കാനാവാത്ത കടമ്പയായി മാറുന്നു ഋണ ബാധ്യത. അതുപോലെ അപ്രതീക്ഷിതമായി വന്‍ ബിസിനസ്സ് തകര്‍ച്ച നേരിടേണ്ടിവരുന്നവര്‍ക്കും അതൊരു കുരുക്കായി മാറാറുണ്ട്.
സ്വസ്ഥവും സമാധാനപരവുമായ ജീവിതമാണ് നാമെല്ലാവരും എപ്പോഴും ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്ഥിരതയെന്നത് സമൂഹത്തില്‍ നമുക്ക് മാന്യത നേടിത്തരുന്ന ഒരു സാമൂഹ്യ മാനദണ്ഡമായും കണക്കാക്കപ്പെടുന്നു. ഓരോ കുടുംബത്തിലെയും അച്ഛനമ്മമാര്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളും കൊച്ചുമക്കളും സാമ്പത്തിക സുസ്ഥിരത നേടണമെന്നുള്ളതാണ്. മറ്റൊരു വ്യക്തിയെ ആശ്രയിച്ചുള്ള ജീവിതം അല്ലെങ്കില്‍ മറ്റൊരു വ്യക്തിയുടെ ദയാവായ്പിന് കീഴടങ്ങിയുള്ള ജീവിതം ഒരുതരം സ്വാതന്ത്ര്യരഹിതമായ അവസ്ഥയാണ്.
സാമ്പത്തിക ബാധ്യതയുണ്ടാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ജീവിതത്തിലെരിക്കലെങ്കിലും കടം വാങ്ങേണ്ടി വന്നിട്ടില്ലാത്തവര്‍ ആരുമുണ്ടാകില്ല. മിക്കവര്‍ക്കും അത് സമയത്തുതന്നെ കൊടുത്തുതീര്‍ക്കാനും കഴിയും. എന്നാല്‍ കടം വാങ്ങിയത് തിരികെ കൊടുക്കാന്‍ പറ്റാത്തത് പോകട്ടെ; അതിനുമേല്‍ വീണ്ടും വീണ്ടും ബാധ്യതകള്‍ വരുമ്പോഴാണ് അതൊരു അഴിയാക്കുരുക്കായി നമ്മെ വട്ടം ചുറ്റിക്കുന്നത്. പുരാതന ശാസ്ത്രങ്ങളില്‍ 'കടം' എന്നത് ജീവിതത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തേണ്ട ഒരു വിഷയമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്.
കടബാധ്യതയെപ്പറ്റി ജ്യോതിഷം എന്താണ് വിശദീകരിക്കുന്നതെന്ന് നോക്കാം. പ്രാഥമികമായി നോക്കുമ്പോള്‍ സാമ്പത്തിക ദുരിതങ്ങള്‍ മുജ്ജന്മ പാപങ്ങളുടെ (സഞ്ചിത പാപം) അനന്തര ഫലമാണ്. അത്, ആ ജന്മത്തില് ചെയ്തിട്ടുള്ള, ധനം സംബന്ധിച്ച ക്രൂരതകള്‍ നല്കിയ പാപമാകാം. അല്ലെങ്കില്‍ ആ ജന്മത്തിലുളള അച്ഛനോടോ, അമ്മയോടോ മറ്റ് പിതൃക്കളോടോ ഉള്ള മര്യാദാ ലംഘനങ്ങളുടെ പാപഭാരമാകാം. സജ്ജനങ്ങളെയും സാധുക്കളെയും പീഡിപ്പിച്ചതിന്റെ പാപം വഹിക്കുന്നതാവാം. തന്നെ സ്നേഹിച്ച സുഹൃത്തുക്കളോടോ, ബന്ധുക്കളോടോ, ഗുരുക്കന്മാരോടോ വിശ്വസ്തത പാലിക്കാതിരുന്നതിന്റെ ശാപം ലഭിച്ചതുമാകാം. എന്തായാലും പൂര്‍വ്വജന്മകൃതമായ ഈ പാപഭാരം ഈ ജന്മത്തിലേക്ക് വ്യാപിച്ചിരിക്കുന്നുവെങ്കില് അത് കടബാധ്യതയായോ, വ്യാധി രൂപേണയായോ നമ്മെ വിഷമസന്ധിയില്പെടുത്തും.
ഓരോ ജീവിയുടെയും ഓരോ ജന്മവും ഓരോ ശുദ്ധീകരണ പ്രക്രിയയാണ്. പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ ഈശ്വര സന്നിധിയില്‍ തിരികെയെത്തുന്നു. അല്ലെങ്കില്‍ വീണ്ടും ജനിക്കേണ്ടിവരുന്നു. ഈ പ്രക്രിയയില്‍ നാം അനുഭവിക്കേണ്ടിവരുന്ന ഒരു ഘട്ടമാണ് മനസ്സിനെയും ശരീരത്തെയും പീഡിപ്പിക്കുന്ന ഋണ ബാധ്യതാ അനുഭവം. ചിലപ്പോള്‍ ശത്രുദോഷം മൂലവും ആഭിചാരങ്ങള്‍ മൂലവും കടബാധ്യത സംഭവിക്കാമെന്നും ഗ്രന്ഥങ്ങളില്‍ പറയുന്നു.
ജാതകത്തില്‍ ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം, അവയുടെ ബലം, യോഗം, അവ തമ്മിലുള്ള പരസ്പര ബന്ധം തുടങ്ങിയവ പരിശോധിച്ച് ധനപരമായ ബാധ്യതയ്ക്കുള്ള സാധ്യതയും കാരണവും അറിയാന്‍ കഴിയും. പ്രധാനമായും ഇക്കാര്യത്തില്‍ പ്രത്യക്ഷ അനുഭവം നല്കുന്ന ഭാവങ്ങള്‍ രണ്ടാം ഭാവവും പതിനൊന്നാം ഭാവവും ആറാം ഭാവവുമാണ്. രണ്ടാം ഭാവം ധന ഭാവവും പതിനൊന്നാം ഭാവം ലാഭസ്ഥാനവും ആറാംഭാവം കടങ്ങളെയും ശത്രുവിനെയും സൂചിപ്പിക്കുന്ന ഭാവവുമാണ്.
ഈ സ്ഥാനങ്ങളില്‍ നില്ക്കുന്ന ഗ്രഹങ്ങള്‍, ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങള്‍ അവയുടെ പാപബന്ധം തുടങ്ങിയവ പരിശോധിച്ചാല്‍ കടം ഉണ്ടാകാനുള്ള സാധ്യത മനസ്സിലാകും.
പ്രസ്തുത സ്ഥാനങ്ങള്‍ ശുഭഗ്രഹങ്ങളുമായി ബന്ധപ്പെട്ടു നിന്നാല്‍ ധനം ധാരാളമായി വന്നുചേരും. ഇതോടൊപ്പം ലഗ്നാധിപന് സുസ്ഥാനത്ത് നില്‍ക്കുകയും ബലവാനായിരിക്കുകയും കൂടി ചെയ്താല്‍ കടബാധ്യത ഒരിക്കലും ഉണ്ടാവുകയേ ഇല്ല.
പതിനൊന്നാം ഭാവാധിപന് ലഗ്നത്തില്‍ നിന്നാല്‍ സ്വപ്രയത്നംകൊണ്ട് ധാരാളം ധനം സമ്പാദിക്കുകയും ചെയ്യും. പ്രസ്തുതഗ്രഹം രണ്ടാം ഭാവത്തില്‍ നിന്നാല്‍ പണം വിതച്ചു പണം കൊയ്യുന്നവന് ആയിരിക്കും. എന്നാല്‍ ഈ ഗ്രഹം പാപന് ആവുകയോ, രണ്ടാംഭാവം പാപരാശി ആവുകയോ ചെയ്താല്‍ ഉണ്ടാക്കിയ ധനം അതുപോലെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ ഇതിന് ചില വ്യത്യാസങ്ങളും പറയാം.
ഉദാഹരണത്തിന് ബലവാനായ ശനി മറ്റ് ദോഷങ്ങള്‍ ഒന്നുമില്ലാതെ രണ്ടില്‍ നിന്നാല്‍ ധാരാളം ധനത്തെ കൊടുക്കും. അതേസമയം ചൊവ്വ, ഗുളികന് ഇവ നിന്നാല്‍ ധനം കറയുകയും ചെയ്യും. എന്നാല്‍ രണ്ടിലെ ശനി സുഖകരമായ ജീവിതം തരികയില്ലെന്നത് മറ്റൊരു കാര്യവുമാണ്. ജാതകത്തില്‍ രണ്ടാം ഭാവാധിപന് എട്ടില്‍ നില്‍ക്കുന്നത് ഭാരിച്ച കടബാധ്യത ഉണ്ടാകാമെന്നതിന്റെ സൂചനയാണ്.
പ്രസ്തുത ഗ്രഹം ആറിലോ, മൂന്നിലോ നിന്നാലും ധനപരമായ ബാധ്യതയുണ്ടാക്കും. ലഗ്നാധിപന് ദുര്‍ബ്ബലനും കൂടിയാണെങ്കില്‍ രോഗം കാരണമായി വീണ്ടും വീണ്ടും പണച്ചെലവ് ഉണ്ടായിക്കൊണ്ടിരിക്കും. രണ്ടാം ഭാവനാഥന് പന്ത്രണ്ടില്‍ നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍, ആഡംബര ജീവിതവും ധൂര്‍ത്തും ദുര്‍ച്ചെലവും കാരണമായി കടം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.
വ്യാഴം രണ്ടില്‍ നിന്നാല്‍ നല്ല പ്രവൃത്തികളിലൂടെ ധനം ലഭിക്കും. ബലമുള്ള വ്യാഴം രണ്ടിലോ, പതിനൊന്നിലോ ദൃഷ്ടി ചെയ്താല്‍ മറ്റ് ഗ്രഹസ്ഥിതികള്‍ മൂലം കടം ഉണ്ടായാലും പരിശ്രമത്തിലൂടെ അത് മുഴുവന്‍ തിരിച്ചടയ്ക്കാന്‍ കഴിയും. അതുപോലെ രണ്ടാം ഭാവനാഥന് ഒന്‍പതില്‍ നില്‍ക്കുകയോ ഒന്‍പതാം രാശിയുമായി ബന്ധപ്പെട്ട് നില്‍ക്കുകയോ ചെയ്യുകയും അനുകൂല സ്ഥിതിയും പതിനൊന്നാം ഭാവം ഗുണകരവും ആയാല്‍ അപ്രതീക്ഷിത ധനലാഭം (ചിലപ്പോള്‍ ഭാഗ്യക്കുറി പോലെയുള്ളവ) ലഭിക്കും. അതേസമയത്ത്, ജാതകത്തില്‍ നാലാം ഭാവാധിപന് എട്ടില്‍ വന്നാല്‍ ആ ജാതകന് ഒരു സ്ഥിര രോഗിയായിരിക്കുകയും അതിലൂടെ ബാധ്യതകള്‍ വരികയും ചെയ്യാന്‍ സാധ്യതയുണ്ട്. അതായത്, അനുഭവയോഗവും വളരെ പ്രധാനമാണ് എന്നര്‍ത്ഥം.
ജാതകത്തിലെ അഞ്ചാം ഭാവവും ഒന്‍പതാം ഭാവവും കൂടി പരിശോധിച്ചാല്‍ ഒരാളുടെ പൂര്‍വ്വ ജന്മ സുകൃത ദുഷ്കൃതങ്ങള്‍ എത്രത്തോളം ഈ ജന്മത്തില് ബാധിക്കുന്നുവെന്ന് കണ്ടെത്താം. അഞ്ചില്‍ കുജന് നില്‍ക്കുന്നത് പാപ സൂചകമാണ്. അഞ്ചിലെ ശനി ഭാര്യയ്ക്ക് രോഗം ഉണ്ടാക്കുകയും അഞ്ചില്‍ നില്ക്കുന്ന രാഹു പുത്രദഃഖവും രോഗാതുരമായ ജീവിതവും നല്‍കുകയും ചെയ്യും. രണ്ടും പതിനൊന്നും അശുഭകരമായിക്കൊണ്ട്, ആറില്‍ ചന്ദ്രന് നിന്നാല്‍ മാനസികരോഗം കാരണമായും കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ ബുധന്‍ ആറില്‍ ശുഭദൃഷ്ടിയൊന്നുമില്ലാതെ നില്ക്കുന്നതും ജാതകന് കടക്കാരന് ആകുമെന്നതിന്റെ സൂചന നല്കുന്നു. അതേസമയം, ആറില്‍ ഗുളികന് നില്‍ക്കുന്നത് ധനപരമായി നല്ലതുമാണ്. ആറാം ഭാവാധിപന് ശുഭനായി അഞ്ചില്‍ നിന്നാല്‍ ധനനാശമാണ് ഫലം. രണ്ടും പതിനൊന്നും ദോഷകരവും ആറാം ഭാവാധിപന് ഏഴിലും വന്നാല്‍ ഭാര്യയുടെ വന്ധ്യതാ ചികിത്സയായിരിക്കും കടബാധ്യതയ്ക്ക് കാരണമാകുന്നത്. ആറാം ഭാവാധിപന് പന്ത്രണ്ടില്‍ വന്നാലും ബാധ്യതയുണ്ടാക്കും.
ഏഴില്‍ ബലമില്ലാത്ത ചന്ദ്രന് നില്‍ക്കുന്നത് സ്ത്രീകള്‍ കാരണമായി ധനനാശം വരുത്തും. ഏഴാം ഭാവനാഥന് 3, 6, 8, 12 രാശികളില് നില്‍ക്കുന്നത് സുഹൃത്തുക്കള്‍ കാരണമായി ബാധ്യതയുണ്ടാകാമെന്നതിന്റെ ലക്ഷണമാണ്. എട്ടില്‍ നില്ക്കുന്ന കുജന്, എട്ടാം ഭാവാധിപന് രണ്ടില്‍ നില്ക്കുക തുടങ്ങിയ ലക്ഷണങ്ങളും ബാധ്യതയുടെ സൂചനയാണ്. ഒന്‍പതാം ഭാവത്തില്‍ സൂര്യന് നില്‍ക്കുന്നത് പൂര്‍വ്വജന്മത്തിലെ പിതൃശാപ സൂചന നല്കുന്നു. ഒന്‍പതില്‍ ശനി ഈ ജന്മത്തില് പിതൃശാപം വാങ്ങിത്തരാന്‍ കാരണമായേക്കാം. ഒന്‍പതാം ഭാവാധിപന് ആറിലോ, എട്ടിലോ നില്ക്കുന്നതും വലിയ കടബാധ്യത വന്നേക്കാമെന്നതിന്റെ സൂചനയാണ്. പതിനൊന്നാം ഭാവാധിപന് എട്ടില്‍ നില്‍ക്കുന്നത് കടം വാങ്ങാനുള്ള പ്രവണത സൂചിപ്പിക്കുന്നു. പ്രസ്തുത ഗ്രഹം പന്ത്രണ്ടില്‍ നിന്നാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഒടുവില്‍ കടബാധ്യതയില്‍ അവസാനിക്കും. പത്താം ഭാവത്തിലെ ശനിയാകട്ടെ, മാതൃ-പിതൃ ശാപം നേടിത്തരാന്‍ കാരണമായേക്കാവുന്ന ഗ്രഹസ്ഥിതിയാണ്.
ശത്രുഭാവമായ ആറാം ഭാവം ധനഭാവവുമായി ബന്ധപ്പെട്ടാല്‍ ശത്രുദോഷം ധനവരവിനെ ബാധിക്കുന്നതായി മനസ്സിലാക്കാം.അതുപോലെ എട്ടാം ഭാവവുമായി ബന്ധപ്പെട്ടാല്‍ ആഭിചാരക്രിയ സംശയിക്കണം. ഇത് ഈ ജന്മത്തില് ഉണ്ടായത് തന്നെ ആയിരിക്കണമെന്നില്ല. അതും ജാതക വിശകലനത്തിലൂടെ അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ ജാതകത്തിലെ രാഹു, കുജന്, ശനി എന്നിവയുടെ തല്ക്കാല സ്ഥിതിയും ഗുളികന്റെ ഗ്രഹബന്ധങ്ങളും സ്ഥിതിയും കൂടി പരിശോധിച്ച് വേണം പൂര്‍ണ്ണമായ ഒരു നിഗമനത്തിലെത്തുവാന്‍. ദശാകാലങ്ങള്‍, അപഹാര കാലങ്ങള്‍ എന്നിവ പ്രത്യേകം നോക്കുകയും ദൈവാനുകൂല്യം ഉണ്ടോയെന്ന് വിലയിരുത്തുകയും ചെയ്തിട്ട് വേണം പരിഹാരം നിര്‍ദ്ദേശിക്കേണ്ടത്. ദോഷം എന്തെന്ന് നന്നായി മനസ്സിലാക്കിയാല്‍ മാത്രമേ പരിഹാരം ചെയ്യുന്നതിന് ഫലം സിദ്ധിക്കുകയുള്ളൂ.
കടബാധ്യത വരാന്‍ പോകുന്നതിന്റെ ചില സൂചനകള്‍:
കടബാധ്യത മനസ്സിനെ അലട്ടുവാന്‍ പോകുന്നതിന് മുമ്പായി ഗൃഹത്തില്‍ ചില സൂചനകള്‍ ഉണ്ടാകുമെന്ന് ചില ആചാര്യന്മാര് പറയുന്നു. ഇതിന്റെ പ്രമാണങ്ങളൊന്നും പുരാതന ഗ്രന്ഥങ്ങളില്‍ കണ്ടിട്ടില്ല. കൂടുതലും ചൈനീസ് വാസ്തുതുവായി ബന്ധപ്പെട്ട പരാമര്ശനങ്ങളായിട്ടാണ് മനസ്സിലാക്കുന്നത്. എണ്ണ, കടുക്, എള്ള് തുടങ്ങിയവ ഇടയ്ക്കിടെ കൈതട്ടി മറിയുന്നത് അവലക്ഷണമായി കരുതപ്പെടുന്നു.
പൈപ്പിലൂടെയും മറ്റും ദീര്‍ഘകാലമായുള്ള ജലത്തിന്റെ ചോര്‍ച്ച, നിശ്ചലമായി ഭിത്തിയില്‍ തൂങ്ങുന്ന €ോക്ക്, കണ്ണാടികളോ സ്ഫടിക പാത്രമോ ഇടയ്ക്കിടെ കൈയില്‍ നിന്ന് വീണ് പൊട്ടുക, വീട്ടിലുള്ളവര്‍ തമ്മില്‍ ഇടയ്ക്കിടെ കലഹം ഉണ്ടാവുക, സ്നേഹമായി നിന്നവര്‍ പെട്ടെന്ന് ഭാവം മാറ്റുക, പ്രാര്ത്ഥനാസ്ഥലത്തുള്ള വിഗ്രഹങ്ങളോ, ഫോട്ടോയോ താഴെ വീണ് ഉടയുക തുടങ്ങിയവ ശകുനപ്പിഴകളായി കരുതപ്പെടുന്നു. വാസ്തുശാസ്ത്രപ്രകാരം ഈശാനകോണിലോ, കന്നിമൂലയിലോ കെട്ടിനില്‍ക്കുന്ന മലിനജലം ഈശ്വരാധീനം നഷ്ടപ്പെടുത്തുകയും രോഗം, കടബാധ്യത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.
കടബാധ്യതയ്ക്കുള്ള പരിഹാരങ്ങള്‍:
സ്തോത്രജപം: കനകധാരാ സ്തോത്രം, മഹാലക്ഷ്മ്യഷ്ടകം, അഷ്ടലക്ഷ്മി സ്തോത്രം തുടങ്ങിയ സ്തോത്രങ്ങള്‍ കൃത്യമായ മാത്രയില്‍ ജപിക്കുന്നത് കടബാധ്യത കുറയുന്നതിനും വലിയൊരളവോളം പരിഹരിക്കുന്നതിനും സഹായിക്കും. കുളിച്ച് ശുദ്ധമായി, വെളുത്ത വസ്ത്രം ധരിച്ച് മഹാലക്ഷ്മി ക്ഷേത്രത്തില്‍ (അല്ലെങ്കില്‍ സൗമ്യ മൂര്‍ത്തിയായുള്ള ദേവീക്ഷേത്രങ്ങളില്‍) ദര്‍ശനം നടത്തി ഗൃഹത്തില്‍ വന്നശേഷം ജപമാരംഭിക്കാം. വെള്ളിയാഴ്ച തുടങ്ങുന്നത് നന്ന്.
രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോ, വടക്കോട്ടോ തിരിഞ്ഞിരുന്ന് ജപിക്കാവുന്നതാണ്. ലക്ഷ്മീ ദേവിയുടെ ചിത്രം വച്ച്, നെയ്യ്വിളക്ക് തെളിയിച്ച് അതിന് മുന്നില്‍ ഏകാഗ്രമായി ഇരുന്ന് ജപിച്ച് പൂര്‍ത്തിയാക്കണം. ഇടയ്ക്ക് മുടങ്ങിയാല്‍ ആദ്യം മുതല്‍ ഒന്നുകൂടി ചൊല്ലമെന്നാണ് വിധി.
നാമജപം പൂര്‍ത്തിയാക്കി നമസ്കരിച്ചു വേണം എഴുന്നേല്ക്കാന്. ഇരുപത്തിയൊന്ന് ദിവസമാണ് ജപിക്കേണ്ടത്. ഇരുപത്തിയൊന്നാം ദിവസം മുതല്‍ ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിച്ചു തുടങ്ങും. നെയ്യ്വിളക്ക് തെളിയിക്കുന്നത് വീടിനുള്ളില്‍ അനുകൂല ഊര്‍ജ്ജം (പോസിറ്റീവ് എനര്‍ജി) നിറയാന്‍ സഹായകമാകും.
സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം:
ജാതകത്തില്‍ ചൊവ്വ ദോഷകരമായി ഓജരാശിയില്‍ നില്ക്കുന്നവര് സുബ്രഹ്മണ്യന് പഞ്ചാമൃതം സമര്‍പ്പിക്കുന്നത് കാലം അനുകൂലമാക്കാന്‍ സഹായിക്കും. വെളുത്ത പട്ടു സമര്‍പ്പിക്കുന്നതും നല്ലതാണ്.
ദുര്‍ഗ്ഗാ ദേവിക്ക് പട്ടും നാണയവും സമര്‍പ്പിക്കുക:
ചൊവ്വ യുഗ്മരാശിയില് ദോഷകരമായി നിന്നാല്‍ ദുര്‍ഗ്ഗാ ദേവിയെ പ്രാര്‍ത്ഥിച്ചു പരിഹാരം കാണണം. പട്ടും നാണയവും സമര്‍പ്പിക്കുക, അല്ലെങ്കില്‍ ഒരുപിടി നാണയം എണ്ണിനോക്കാതെ വാരിയെടുത്ത് കാണിക്കയായി സമര്‍പ്പിക്കുക. ഗൃഹവും പരിസരവും ശുദ്ധിയോടെ സൂക്ഷിക്കുക.
ലക്ഷ്മീ വിനായക മന്ത്രം:
രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിവരുത്തി, ലക്ഷ്മീ വിനായക മന്ത്രം ജപിക്കുന്നത് അത്ഭുതകരമായ ദാരിദ്ര്യശാന്തി നല്‍കുന്നതാണ്. രോഗാദി ദുരിതം മൂലം കടക്കെണിയില്‍ പെട്ടവര്‍ക്കും കേതു രണ്ടില്‍ നില്ക്കയാല് ധനവരവ് തടസ്സപ്പെട്ടിരിക്കുന്നവര്ക്കും ഈ മന്ത്രജപം ഏറെ ഗുണകരമാണ്.
''ഓം ശ്രീം ഗം സൗമ്യമായ ഗണപതയേ വരദ വരദ സര്വ്വജനം മേ വശമാനയ സ്വാഹാ.''
ഗൃഹവും പരിസരവും ശുദ്ധിയാക്കി രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി 108 തവണ ഈ മന്ത്രം ജപിക്കുന്നത് വളരെ ഗുണകരമാണ്. 9 ദിവസം എങ്കിലും ജപിക്കണം (മന്ത്രജപം എപ്പോഴും ഉത്തമനായ ഒരു ഗുരുവിനോട് ഉപദേശം വാങ്ങി ചെയ്യുന്നതാണ് ഉത്തമം.)
രോഗാദി ദുരിതങ്ങള്‍ മാറാന്‍ സൂര്യദേവ വന്ദനം:
ദീര്‍ഘകാലമായുള്ള രോഗങ്ങള്‍ മാറുന്നതിനും അതുവഴിയുള്ള സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും സൂര്യദേവനെ ഭജിക്കുന്നത് ഉത്തമമാകുന്നു. ഗായത്രി മന്ത്രജപം, സൂര്യ സ്തോത്രം, ആദിത്യ ഹൃദയം എന്നീ മൂന്നു ഉപാസനാ രീതികളാണ് പ്രധാനമായിട്ടുള്ളത്. ഗുരു ഉപദേശത്തോടെ ഉപാസിച്ചാല്‍ ആരോഗ്യവും ദീര്‍ഘായുസ്സും ധന ലഭ്യതയും ധാരാളമായി ഉണ്ടാകും. ഉദയത്തിന് മുമ്പ് തന്നെ ശരീരശുദ്ധി വരുത്തി കിഴക്കോട്ടു തിരിഞ്ഞുനിന്ന് ഉദിച്ചുയരുന്ന ആദിത്യ ഭഗവാനെ നോക്കി വേണം മന്ത്രജപം ചെയ്യുവാന്‍. അസ്തമയത്തിന് ശേഷം ആദിത്യ മന്ത്രങ്ങള്‍ ജപിക്കാന്‍ പാടില്ലെന്നതാണ് നിഷ്ഠ.
ശ്രീ മഹാവിഷ്ണു അഷ്ടാക്ഷരീ മന്ത്രം:
''ഓം നമോ നാരായണായ'' എന്ന അഷ്ടാക്ഷരീ മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും സമ്പത് സമൃദ്ധിയും നല്‍കും. കടങ്ങളകലും. സാമ്പത്തിക ലഭ്യത വര്‍ദ്ധിക്കും. ഈ മന്ത്രം ജപിക്കാന്‍ ഗുരു ഉപദേശം നിര്‍ബന്ധമല്ല. ജാതകത്തില്‍ വ്യാഴം പിഴച്ചു (ദുഃസ്ഥാനത്ത്) നില്ക്കുന്നവരുടെ ദുരിതം മാറാന്‍ അത്യുത്തമമാണ് ഈ മന്ത്രജപം.
ശനി പീഡാഹര സ്തോത്രം:
''സൂര്യപുത്രോ ദീര്‍ഘ ദേഹോ വിശാലാക്ഷഃ ശിവപ്രിയഃ
ദീര്‍ഘചാര പ്രസന്നാത്മ പീഡാം ഹരതു മേ ശനിഃ''
ജാതകത്തില്‍ ശനിപ്പിഴയുള്ളവര് ഈ സ്തോത്രം ജപിക്കുകയും ശാസ്താ ക്ഷേത്രത്തില്‍ 12 ശനിയാഴ്ച എള്ളുതിരി തെളിയിക്കുകയും ചെയ്താല്‍ ശനിയുടെ ദുഃസ്ഥാന സ്ഥിതി മൂലം ധനവരവില്‍ ഉണ്ടാകാവുന്ന ദുരിതങ്ങള്‍ വളരെ കുറയും. ശനിദശ മൂലം രോഗാദി ദുരിതങ്ങളും സാമ്പത്തിക ബാധ്യതയും നേരിടുന്നവര്‍ ഈ മന്ത്രം ജപിക്കുന്നത് ശാന്തി ലഭിക്കാന്‍ അത്യുത്തമമാണ്. കൂടാതെ ഹനുമാന് സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നതും ശാസ്താവിന് നീരാജനം നല്‍കുന്നതും വളരെ ഉത്തമമാണ്. സര്‍പ്പദോഷമുള്ളവര്‍ ഇതോടൊപ്പം നൂറും പാലും വഴിപാട് സര്‍പ്പങ്ങള്‍ക്ക് നല്‍കുന്നതും നല്ലതാണ്.
ദാരിദ്ര്യ ദഹന സ്തോത്രം:
ലോകനാഥനായ മഹേശ്വരനെ പ്രീതിപ്പെടുത്തി ദാരിദ്ര്യ ദുഃഖം മാറ്റുന്നതിനുള്ള ഉപാസനയാണ് ദാരിദ്ര്യ ദഹന സ്തോത്രം. ദിവസേന ശരീരശുദ്ധി വരുത്തി 21 തവണ വീതം ഉപാസിച്ചാല്‍ കടബാധ്യത, രോഗാദി ദുരിതം മൂലമുള്ള ധന നഷ്ടം എന്നിവ വളരെയേറെ കുറയുന്നതാണ്. കൂടാതെ, സമ്പത്തു വര്‍ധിക്കാനുള്ള ചില പുതു വഴികള്‍ തെളിഞ്ഞു വരികയും ചെയ്യും.
തിലഹവനം, നമസ്കാരം, പിന്‍വിളക്ക്:
പിതൃദോഷം കാരണമായി സാമ്പത്തിക ദുരിതം അനുഭവിക്കുന്നവര്‍ ബലിക്രിയകള്‍ കൃത്യമായി ചെയ്ത ശേഷം മഹാവിഷ്ണു ക്ഷേത്രത്തില്‍ തിലഹവനം, നമസ്കാരം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്താല്‍ ദോഷശാന്തിയുണ്ടാകും. പൂര്‍വ്വ ജന്മത്തില് ഉണ്ടായിട്ടുള്ള പിതൃദോഷം മാറുന്നതിനാണ് നമസ്കാരം സമര്‍പ്പിക്കുന്നത്. ശിവക്ഷേത്രത്തില്‍ കൂവളമാല സമര്‍പ്പിക്കുന്നത് മൂന്നു പൂര്വ്വജന്മ പാപങ്ങള്‍ക്ക് ശാന്തി നല്‍കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം പിന്‍വിളക്ക് തെളിയിക്കുക കൂടി ചെയ്താല്‍ ദോഷകാലം വിട്ടൊഴിഞ്ഞ് ധനം വന്നു തുടങ്ങുന്നതുമാണ്.
സുദര്‍ശന യന്ത്രം:
ശത്രുക്കളുടെ ആഭിചാരം കാരണമായോ, കൈവിഷപ്രയോഗം കാരണമായോ ഉണ്ടായേക്കാവുന്ന കടബാധ്യത, ദാരിദ്ര്യം, രോഗാദി ദുരിതങ്ങള്‍ എന്നിവയ്ക്ക് വിധി പ്രകാരം നിത്യ ഉപാസകനായ ഒരു ആചാര്യന് തയ്യാറാക്കിയ സുദര്‍ശന യന്ത്രം ധരിക്കുന്നത് ഉത്തമമാണ്.
നരസിംഹ യന്ത്രം:
ശത്രുദോഷം, ആഭിചാരം എന്നീ ദോഷങ്ങള്‍ മുഖേനയുണ്ടാകുന്ന ദാരിദ്ര്യം, ധനനഷ്ടം, വ്യാപാര തകര്‍ച്ച തുടങ്ങിയവ മാറുന്നതിന് അത്യുത്തമമായ ഒരു മാര്‍ഗ്ഗമാണ് നിരസിംഹ യന്ത്ര ധാരണം. യന്ത്രവിധികള്‍ നന്നായി അറിയാവുന്ന ഒരു പൂജകന് ആയിരിക്കണം യന്ത്രം തയ്യാറാക്കേണ്ടതും ധരിപ്പിക്കേണ്ടതും. ധരിക്കുന്നയാളും ജീവിതത്തില്‍ ചില ചിട്ടകള്‍ പാലിക്കേണ്ടതാണ്. ഈ യന്ത്രം അരയില്‍ ധരിക്കരുതെന്നാണ് ആചാരം.
മനസ്സുറപ്പിച്ചുള്ള ഈശ്വര വിശ്വാസവും ഭക്തിയും ജീവിതത്തില്‍ നല്ല നിഷ്ഠകളും സത്യസന്ധതയും അന്യരെ സഹായിക്കാനുള്ള മനോഭാവവും പുലര്ത്തിപ്പോരുകയാണെങ്കില് ഉപാസനകള്‍ വളരെ ഗുണകരമായ അനുഭവം നല്‍കും.
പലപ്പോഴും ഈശ്വരന് അനുഗ്രഹം ചൊരിയുന്നത് പല അപ്രതീക്ഷിത വഴികളിലൂടെയാണ്. അതിനാല്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കി അല്പം ക്ഷമയോടെ കാത്തിരിക്കുക. എപ്പോഴും കുറഞ്ഞത് മൂന്നുമാസമെങ്കിലും നിഷ്ഠകള്‍ പാലിച്ച് ഉപാസന അല്ലെങ്കില്‍ പ്രാര്‍ത്ഥന നടത്തണം. എപ്പോഴും മനസ്സില്‍ നന്മയ്ക്കായുള്ള പ്രാര്‍ത്ഥന ഉണ്ടായിരിക്കണം. ആദിദേവിയായ മഹാലക്ഷ്മി എപ്പോഴും എല്ലാവര്ക്കും ധനധാന്യ സമൃദ്ധി നല്കട്ടെ.
''ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധനധാന്യ സമൃദ്ധീം ദേഹി ദേഹി നമഃ''






