
പ്രിയപ്പെട്ട ചേച്ചി,
എന്റെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷങ്ങളായി. ഞാനും ഭര്‍ത്താവും എഞ്ചിനീയര്‍മാരാണ്, രണ്ടു പേരും നല്ല കമ്പനികളില്‍ ജോലി ചെയ്യുന്നു.
എനിക്ക് പഠിത്തം കഴിഞ്ഞയുടനെ ജോലി കിട്ടി. അത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആലോചിച്ചു, എന്റെ ഇഷ്ടവും കണക്കിലെടുത്തു വിവാഹം നടത്തി. വിവാഹശേഷം ഞങ്ങള്‍ രണ്ടു പേരും അവരവരവരുടെ ആഗ്രഹപ്രകാരം, ആദ്യത്തെ രണ്ടു വര്‍ഷങ്ങള്‍ ചില കോഴ്സുകളൊക്കെ പഠിച്ചു പൂര്‍ത്തിയാക്കി.
കല്യാണനിശ്ചയം കഴിഞ്ഞുള്ള ആറു മാസത്തിനിടയിലാണ് ഞാനും ഭര്‍ത്താവും തുറന്നു സംസാരിക്കുന്നതും അടുത്തറിയുന്നതും. അക്കാലം മുതല്‍, ഇതുവരെ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.
എന്റെ വീട്ടില്‍ ഞാനും അനിയത്തിയുമാണുള്ളത്. അനിയത്തി ഡോക്ടറാണ്.
അച്ഛനുമമ്മയും സര്‍ക്കാരുദ്യോഗസ്ഥരും. ഞങ്ങള്‍ വളരെ ചിട്ടയായി ജീവിച്ച്, ഒരു ഓര്‍ഡറിലാണ് ജീവിച്ചുപോന്നത്. അതുകൊണ്ട് തന്നെ എനിക്കും മനസ്സില്‍ ജീവിതം ഓരോ ഘട്ടങ്ങളായി ജീവിക്കണമെന്നാണ് ആഗ്രഹം.
എന്റെ ഭര്‍ത്താവ് വീട്ടിലെ ഏകമകനാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരാണ്. അവര്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹബന്ധം വേര്പിരിഞ്ഞവരുമാണ്. എന്റെ ഭര്‍ത്താവിന്റെ അമ്മ രണ്ടാമത് വിവാഹിതയായി. അച്ഛന്, ഒറ്റയ്ക്ക് താമസിക്കുന്നു. അച്ഛനും അമ്മയും ഞങ്ങളുമായി നല്ല ബന്ധമാണ് നിലനിര്‍ത്തുന്നത്.
ഞങ്ങള്‍ ബാംഗ്ലൂരിലാണ് താമസം. ഇപ്പോള്‍ ഞങ്ങള്‍ക്ക് സ്വന്തമായി വീടും, കാറുകളും സമ്പാദ്യവുമൊക്കെയുണ്ട്.
ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണ്. രണ്ടുപേരും മാനസികമായി പരസ്പരം ആശ്രയിക്കുന്നുമുണ്ട്. പക്ഷേ, ദമ്പതികള്‍ എന്ന രീതിയില്‍ ഞങ്ങള്‍ ഇത് വരെ ജീവിച്ചിട്ടില്ല. എന്റെ ഭര്‍ത്താവിന് ഞാന്‍ അമ്മയും, സഹോദരിയും, കൂട്ടുകാരിയുമൊക്കെയാണ് എന്നാല്‍, അദ്ദേഹത്തിന് എന്നെ ഇതുവരെ ഒരു ഭാര്യയായി കാണാന്‍ കഴിഞ്ഞിട്ടില്ല.
ഡോക്ടറെ കണ്ടപ്പോള്‍, ആരോഗ്യപരമായി ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുഴപ്പമൊന്നുമില്ല. ഒന്നു - രണ്ടു കൗണ്‍സിലിംഗ് സെഷന് ഞങ്ങള്‍ പോയിരുന്നു. അതിനുശേഷം ഭര്‍ത്താവ് അതിനു സഹകരിക്കുന്നില്ല.
സ്വന്തം അമ്മയെ അച്ഛന് ഭാര്യയായിക്കണ്ടതുകൊണ്ടാണ് അവരുടെ ബന്ധം മോശമായതെന്നും അവര്‍ക്കു വേര്‍പിരിയേണ്ടി വന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം വിവാഹിതനായത്, വിശ്വസ്തയായ ഒരു ആജീവനാന്ത സുഹൃത്തിനുവേണ്ടിയാണെന്നും പറയുന്നു.
എനിക്ക് എന്റെ ഭര്‍ത്താവ് പറയുന്നത് പൂര്‍ണ്ണമായും ഉള്ക്കൊള്ളാനാകുന്നുണ്ടെങ്കിലും എന്റെ വീട്ടുകാരും, സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഞങ്ങളുടെ കുഞ്ഞു ജനിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ എനിക്ക് ഞങ്ങളുടെ ഭാവിയേക്കുറിച്ചോര്ത്തു പേടിയുണ്ട്. അദ്ദേഹത്തോടുള്ള സ്നേഹം കാരണം ഈ ജീവിതകാലം മുഴുവന്‍ ഇങ്ങനെ ജീവിച്ചാലും എനിക്കിപ്പോള്‍ പ്രശ്നമില്ല.
ഞാനെന്താണ് ചെയ്യേണ്ടത്?
സസ്നേഹം,
അനൂജ
പ്രിയ അനൂജ,
വിവാഹബന്ധത്തില്‍, രണ്ടു വ്യക്തികള്‍ മാനസികമായും ശരീരികമായും സാമ്പത്തികമായും ബൗദ്ധികമായുമൊക്കെ ഒന്നുചേരുമ്പോഴാണ് അതൊരു കുടുംബമാകുന്നത്.
ഇവയില്‍ ഒന്നെങ്കിലും ചേരാതെ പോയാല്‍, കാലപ്പഴക്കത്തോടൊപ്പം ആ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുക തന്നെ ചെയ്യും.
അനൂജയും ഭര്‍ത്താവും സന്തോഷത്തോടെ ജീവിക്കുമ്പോഴും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ അനൂജയെ അസ്വസ്ഥയാക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും ഈ വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്.
തങ്ങള്‍ക്കു കുട്ടികള്‍ വേണ്ടെന്നു ദമ്പതികള്‍ ഒന്നിച്ചു തീരുമാനിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഓരോരുത്തരുടേയും ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് അവരവരെടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ക്കു തന്നെ സ്വീകാര്യമായ കാലത്തോളം പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ വിവാഹിതരായവര്‍ ദാമ്പത്യബന്ധം വേണ്ടെന്നുവയ്ക്കുന്നത് അഭിലഷണീയമല്ല. വിശ്വസ്തമായ സൗഹൃദത്തിനു വേണ്ടി വിവാഹിതനാകുക എന്ന തീരുമാനത്തില്‍ ഒരാള്‍ മാത്രം എത്തുക എന്നത് ഒരു പ്രായോഗിക തീരുമാനവുമല്ല.
അനൂജയുടെ വിവാഹജീവിതത്തില്‍ ഭര്‍ത്താവിന്റെ ഈ തീരുമാനം നിങ്ങളെ ചെറുതായെങ്കിലും വിഷമിപ്പിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ഭര്‍ത്താവിനെ ഇക്കാര്യം അറിയിക്കുക,
* അദ്ദേഹത്തിന് വിഷമമുണ്ടാകും എന്ന് കരുതി അവനവന്റെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയാതിരിക്കുന്നത് നിര്‍ത്തുക.
* വിശദീകരിച്ചു അനൂജയുടെ മനസ്സ് ഭര്‍ത്താവിന് മനസ്സിലാക്കിക്കൊടുക്കുക.
* അനൂജയുടെ ഭര്‍ത്താവിന്റെ ജീവിതത്തിലെ തിക്താനുഭവങ്ങളായിരിക്കാം ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അവ കേട്ട് മനസ്സിലാക്കി, തിരിച്ചറിഞ്ഞു, നിങ്ങളുടെ വിവാഹജീവിതം മറ്റൊരാളുടെ വിവാഹജീവിതത്തിന്റെ പകര്പ്പാകില്ല എന്നുറപ്പു വരുത്തുക.
* അനൂജയുടെ ഭര്‍ത്താവ് ഇക്കാര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ അദ്ദേഹത്തെയും കൂട്ടി കൗണ്‍സിലിംഗിന് പോകുക.
* അതിനുശേഷം ഭര്‍ത്താവും നിങ്ങളും ഒന്നിച്ചു പുതിയ തീരുമാനങ്ങളെടുക്കുക.
ആശംസകളോടെ,
സ്നേഹപൂര്‍വം, വല്യേച്ചി






