
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയതാണ്. ബേസിലിന് ഏറെ പ്രശംസ കിട്ടിയ ചിത്രമാണ് ‘ജയ ജയ ജയ ഹേ’. നിരൂപകപ്രശംസയും പ്രേക്ഷകരുടെ കൈയടിയും നേടിയ ഈ ചിത്രം പലരും ഇപ്പോഴും ഏറ്റെടുക്കുന്നതാണ്.
ഇപ്പോഴിതാ ബേസിലിനെക്കുറിച്ച് ഏറ്റവും കൃത്യമായി തന്നോട് പറഞ്ഞത് ജ്യോതികയാണെന്ന് പൃഥ്വിരാജ്. ജയജയജയജയ ഹേ എന്ന ചിത്രം കണ്ടതിന് ശേഷം ബേസിലിനിട്ട് ഒരു അടി കൊടുക്കാൻ തോന്നിയെന്നും എന്നാല്‍ ബേസിലിന്റെ ആ മുഖം കാണുമ്പോള്‍ അതിന് തോന്നുന്നില്ലെന്നുമാണ് ജ്യോതിക പറഞ്ഞതെന്ന് പൃഥ്വിരാജ് പറയുന്നു. ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇത് തുറന്നു പറഞ്ഞത്.
‘‘ബേസിലിനെറ റിയല്‍ ലൈഫ് പേഴ്സാണിലിറ്റിയെക്കുറിച്ച് ഏറ്റവും നല്ല പരാമർശം എന്നോട് പറഞ്ഞത് ജ്യോതികയാണ്. അന്ന് എനിക്ക് ബേസിലിനെ അത്ര നന്നായി പരിചയം ഇല്ലായിരുന്നു. ഞാൻ ഒരിക്കല്‍ സൂര്യയുടെയും ജ്യോതികയുടെയും മുംബൈയിലെ വീട്ടില്‍ ഭക്ഷണം കഴിക്കാനായി പോയി. ഞാൻ എത്തുന്നതിന്റെ തലേദിവസം ജ്യോതിക ജയജയജയജയ ഹേ എന്ന ചിത്രം കണ്ടിരുന്നു. അപ്പോള്‍ പടത്തിനെക്കുറിച്ച് ജ്യോതിക പറഞ്ഞു, എത്ര ബ്രില്ല്യന്റായ പടമാണത്, വളരെ നല്ല പടം, പക്ഷേ ആ ബേസിലിന്റെ കഥാപാത്രം കണ്ടാല്‍ ഒറ്റ അടി കൊടുക്കാന്‍ തോതോന്നും, പക്ഷേ ഇവനായത് കൊണ്ട് നമുക്കൊരു സ്നേഹവും തോന്നും. ബേസിലിന്റെ ഏറ്റവും വലിയ സന്പാദ്യവും അതുതന്നെയാണ്....’’ പൃഥ്വിരാജ് പറഞ്ഞു.
ബേസില്‍ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ജയജയജയജയ ഹേ. ചിത്രത്തില്‍ ദർശന അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭർത്താവായിട്ടാണ് ബേസില്‍ എത്തിയത്. ഈ ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. ബേസിലും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിഖില വിമലും അനശ്വര രാജനുമാണ് നായികമാര്‍.






