ചോദ്യം: എന്റെ ഭര്‍ത്താവിനു വേണ്ടിയാണ് കത്ത്. 52 വയസ്. അദ്ദേഹത്തിന് ചിലപ്പോള്‍ ശ്വാസതടസവും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്നു. രാത്രി കാലങ്ങളിലാണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിലും ശ്വാസതടസവും ഹൃദ്രോഗത്തിന്റെ ലക്ഷണമാണോ?
സുഹ്റ
പട്ടം
ഉത്തരം: പലപ്പോഴും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതുകൊണ്ടും കൂടുതല്‍ അപഥ്യമായ ഭക്ഷണം കഴിക്കുന്നതുകൊണ്ടും പലര്‍ക്കും ആമാശയത്തില്‍ ദഹനക്കേടിനൊപ്പം വേദനയും എരിച്ചിലും ഉണ്ടാകാറുണ്ട്.
ചിലപ്പോള്‍ അസിഡിറ്റി കൂടി അള്സറുണ്ടാകാം. ഈ അവസരങ്ങളില്‍ വയറ്റിലസ്വാസ്ഥ്യവും എരിച്ചിലുമൊക്കെയുണ്ടാകാം. കൂടാതെ രാത്രിയില്‍ കിടക്കുമ്പോള്‍ ആമാശയത്തിലെ ദഹനരസങ്ങള്‍ അന്നനാളത്തിലേക്കു തിരിഞ്ഞൊഴുകാം. ഈ സാഹചര്യത്തില്‍ കലശലായ നെഞ്ചെരിച്ചില്‍ ഉണ്ടാകാം. താങ്കളുടെ ഭര്‍ത്താവ് മദ്യപിക്കുമോ എന്നറിയില്ല. മദ്യപിക്കുന്നവരില്‍ അസിഡിറ്റി വളരെ കൂടാറുണ്ട്. കൃത്യസമയത്ത് ആഹാരം കഴിക്കുക, എരിവും പുളിയും കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, രാത്രി ഏഴുമണിക്കു മുമ്പ് അത്താഴം കഴിക്കുക, തല പൊക്കിവച്ച് കിടന്നുറങ്ങുക, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നെഞ്ചെരിച്ചില്‍ നല്ലൊരു പരിധിവരെ കുറയ്ക്കാം. കൂടാതെ അസിഡിറ്റി കുറയ്ക്കുന്ന ഔഷധങ്ങളും ഉപയോഗിക്കാം. ഹൃദ്രോഗത്താലുള്ള നെഞ്ചിലെ അസ്വാസ്ഥ്യം സാധാരണ ആയാസപ്പെടുമ്പോഴാണ് ഉണ്ടാവുക. വിശ്രമിക്കുമ്പോള്‍ അത് കുറയും. ആയാസപ്പെടുമ്പോള്‍ ഹൃദയസ്പന്ദനവേഗത അധികരിച്ച് ബ്ലോക്കുള്ള ഹൃദയഭാഗങ്ങളില്‍ രക്തദാരിദ്ര്യം കൂടുന്നതാണ് ഈ നെഞ്ചുവേദനയ്ക്കു പിന്നിലെ കാരണം. എന്തായാലും ഒരു ഗ്യാസ്ട്രോ എന്ററോളജിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത്.






