
ഗൃഹങ്ങള്‍ക്ക് തറക്കല്ലിടീല്‍ കഴിഞ്ഞാല്‍ തറകെട്ടി പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നത്. തറ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തറയുടെ മാതൃക പലവിധം ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗളമഞ്ചകം എന്ന പേരിലറിയപ്പെടുന്ന തറ. ഇത് എല്ലാ ഗൃഹങ്ങള്‍ക്കും ശോഭനമാണ്. ഇത് തറയുടെ ഉയരത്തെ അഞ്ചുഭാഗങ്ങളാക്കിയാല് അവ പാദുകം, ജഗതി, ഗളം, പടി എന്നിങ്ങനെ വിഭജിക്കുന്നു. ഇത് അഞ്ചംശകതറ എന്നറിയപ്പെടുന്നു.
ഈ തറ അഭീഷ്ടസിദ്ധി പ്രദാനം ചെയ്യുന്നതാണ്. തറയുടെ പൊക്കം പാദമാന പൊക്കത്തിനനുസരിച്ചാണ് കല്പിക്കുന്നത്. പാദമാനപൊക്കത്തെ മൂന്നു മുതല്‍ പത്തുവരെയുള്ള ഏതെങ്കിലും ഒരു സംഖ്യകൊണ്ട് ഭാഗിച്ച് അതില്‍ ഒരുഭാഗം തറയ്ക്ക് ഉയരം വയ്ക്കാം. അല്ലെങ്കില്‍ പാദമാനത്തിന്റെ 21-ല്‍ 6, 18-ല്‍ 5, 24-ല്‍ 7, 7-ല്‍ 2, 15-ല്‍ 4 ഭാഗം ഇപ്രകാരം ഉയരം വയ്ക്കാവുന്നതാണ്. തറകെട്ടി, പിഴച്ചാല്‍ സന്തതിനാശം വരെ സംഭവിക്കാം. തറയുടെ കണക്ക്, നീളം, വീതി ഇവ ഗൃഹത്തിന്റെ ദിക്യോനി കണക്കിനനുസൃതമായാല് ഉത്തമമായിരിക്കും.
ഇനി വീടുകള്‍ക്ക് പടിപ്പുരകള്‍ കെട്ടുന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിശദീകരിക്കാം. പടിപ്പുരകള്‍ വലിയ, പടിപ്പുരയെന്നും ചെറിയ പടിപ്പുരയെന്നും രണ്ടുവിധം ഉണ്ട് വലിയ പടിപ്പുംകള് പ്രധാന കവാടത്തിന് മുമ്പില്‍ വയ്ക്കാറുണ്ട്.
ചിലപ്പോള്‍ ഇത് വീടിന്റെ മധ്യഭാഗത്ത് പ്രധാന വാതിലിനനുസൃതമായി വരാം. ഗൃഹമധ്യത്തില്‍ നിന്നും ഗമനം ചെയ്ത് ഇത് സ്ഥാപിക്കുന്നു. ഇത് രണ്ടുനില ആയിട്ടും ചെയ്യാം. ഇതിന്റെ കണക്ക് വീടിന്റെ ദിക്ക് കണക്കിനനുസരിച്ചോ, ഏകയോനിയായിട്ടോ ചെയ്യാം.
ചെറിയ പടിപ്പുരകള്‍ വീടിന്റെ ദര്‍ശനത്തിനനുസരിച്ച് ഓരോ ദിക്കിന്റെയും ഇരുവശങ്ങളിലായി ചെയ്യാവുന്നതാണ്.
വീടിന്റെ പ്രധാന വാതിലിന് മുമ്പില്‍, വൃക്ഷങ്ങള്‍, കിണര്‍, റോഡിന്റെ അതിരുകള്‍ ഇവ വരുവാന്‍ പാടില്ലാത്തതാകുന്നു. അങ്ങനെവരുന്നത് ആപല്‍ക്കരമാണ്. കൂടാതെ വീടുകളിലേക്ക് ശുദ്ധമായ വായുസഞ്ചാരം ലഭിക്കത്തക്കവിധം ആയിരിക്കണം വീടിന്റെ പ്രധാന കവാടം. വീടിന്റെ മധ്യഭാഗത്തുള്ള മധ്യസൂത്രം ഭേദിക്കുവാന്‍ പാടില്ല.
മദ്ധ്യഭാഗത്തുകൂടി വായുസഞ്ചാരം വീടിനകത്തുകൂടി പ്രവേശിച്ച് പുറത്തേക്ക് പോകുവാന്‍ തക്കവിധം എയര്‍ഹോളുകള്‍ നിര്‍ബന്ധമാണ്. ഗൃഹങ്ങളില്‍ അടുക്കളയുടെ സ്ഥാനത്തിനും വളരെ പ്രാധാന്യമുണ്ട്. അടുക്കളയ്ക്ക് മൂന്നു സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായത് അഗ്നികോണാണ്. (തെക്കുകിഴക്ക്) അഗ്നിയുമായി ബന്ധപ്പെട്ടതാണ് തെക്കുകിഴക്കേ മൂല. അവിടെ അടുക്കളയ്ക്ക് സ്ഥാനം വളരെ പ്രധാനമാണ്. അതുപോലെ അടുക്കളയുടെ മധ്യഭാഗത്ത് അടുപ്പുകള്‍ വരുവാന്‍ പാടില്ല. അത് അടുക്കളയുടെ ഉള്ളളവിനെ നവഭാഗങ്ങളാക്കി ഒരുഭാഗം മാറ്റിയാണ് വേണ്ടത്ര അടുപ്പുകള്‍ സ്ഥാപിക്കേണ്ടത്. അടുപ്പുകള്‍ ത്രിമൂര്‍ത്തീ സങ്കല്പമാണ്. ഇവ മൂന്നെണ്ണം തന്നെ വേണം. ഒറ്റ, ഇരട്ട പാടില്ല.
അടുക്കള മറ്റു മുറികളില്‍ നിന്നും താഴ്ന്നു കിടക്കുവാന് പാടില്ല. തറനിരപ്പ് ഒരുപോലെ ആകണമെന്ന് നിര്‍ബന്ധമുണ്ട്. അടുക്കള ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈശാനകോണും വായുകോണും മറ്റു രണ്ടു സ്ഥാനങ്ങളാണ്. *






