
മലയാള സിനിമയില്‍ മികച്ച സിനിമകള്‍ സൃഷ്ടിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായികയുമാണ് അഞ്ജലി മേനോൻ. അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ അഞ്ജലി മഞ്ചാടിക്കുരു, കേരള കഫേ, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമൺ എന്നീ ഫീച്ചർ സിനിമകളിലൂടെയാണ് അറിയപ്പെടുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതില്‍ അഞ്ജലി ഒരിക്കലും മടി കാണിച്ചിട്ടില്ല. മലയാള സിനിമ വൻ വിജയങ്ങളിലേക്ക് കുതിക്കുമ്പോഴും സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമില്ലെന്ന തരത്തിലുള്ള ചർച്ചകൾ ഉയരുന്നുണ്ട്. വിഷയത്തിൽ നിരവധിപേർ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മലയാളത്തില്‍ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അഞ്ജലി മേനോന്. സൂപ്പര്‍ഹിറ്റായ പ്രേമലു ഒഴികെ അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ്, വര്‍ഷങ്ങള്‍ക്കു ശേഷം, ആവേശം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വലിയ പ്രധാന്യം ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു അഞ്ജലിയുടെ ചോദ്യം. ദ ഹിന്ദു ലൈഫ് സ്റ്റൈലിന്റെ പോസ്റ്റാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. ‘‘മലയാള സിനിമയിലെ സ്ത്രീകൾ എവിടെയാണ്...?’’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഞ്ജലി മേനോന് ചോദിച്ചത്.
എന്നാല്‍ പോസ്റ്റ് വന്നിതിനു പിന്നാലെ നിരവധി പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിലര്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ വിയോജിപ്പ് രേഖപ്പെടുത്തി. സമീപകാലത്ത് ആട്ടം പോലുള്ള സിനിമകള്‍ ഇവിടെ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ കേന്ദ്രകഥാപാത്രം സ്ത്രീയായിരുന്നുവെന്നും അഭിപ്രായം രേഖപ്പെടുത്തിയവരുമുണ്ട്.
ചിലര്‍ സംവിധായികയുടെ ചോദ്യത്തിന് വന്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കുറിക്കുന്നുണ്ട്. സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മാത്രം കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ അത് അരോചകമായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ‘യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് പോലുള്ള സിനിമകളില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല, സ്ത്രീ കഥാപാത്രങ്ങള്‍ സിനിമകളില്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം പോരെയെന്നും വെറുതെ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ച് നോക്കു കുത്തിയായി നിര്‍ത്തുന്നതിലും ഭേദമല്ലേ ഇല്ലാതിരിക്കുന്നത് ? എന്ന ചോദ്യം ഉന്നയിച്ചവരും കുറവല്ല.
തന്റെ സിനിമകളിലൂടെ അഞ്ജലി മേനോന് സൃഷ്ടിച്ച ഇഷ്ടവും ബഹുമാനവും ഇത്തരം സ്റ്റേറ്റ്മെന്റുകളിലൂടെ അവര്‍ തന്നെ സ്വയം നഷ്ടപ്പെടുത്തുകയാണെന്നുമാണ് പലരും പറയുന്നത്. ഈ സിനിമകളിലൊക്കെ അമ്മ വേഷത്തില്‍ വന്നതും സ്ത്രീകള്‍ ആണെന്നും മുന്‍നിര നായികമാരില്ലെന്ന് കരുതി സ്ത്രീകളില്ലെന്ന് പറയരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അര്‍ഥവത്തായ ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്ന ഉദ്ദേശത്തോടെയാണ് അഞ്ജലി മേനോന് ചോദ്യം ഉന്നയിച്ചത്. മറുപടികള്‍ വായിച്ചു നോക്കിയെന്നും സത്യസന്ധതയോടെ ഉത്തരങ്ങള്‍ നല്‍കിയതില്‍ നന്ദിയുണ്ടെന്നും അഞ്ജലി മേനോന് കുറിച്ചു.






