
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജി വെക്കണം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി പരാതി നൽകിയത്. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണെന്നും എം എം ഹസ്സൻ പറഞ്ഞു. ബാറുകളുടെ സമയം കൂട്ടണമെന്ന് പറഞ്ഞതും ടൂറിസം മന്ത്രിയാണ്.
ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്ന് പറഞ്ഞ ഹസൻ, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ലെന്നും വിവരിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ക്രൈംബ്രാഞ്ച് നിഷ്പക്ഷ അന്വേഷണം നടത്തില്ല.കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്നും ഹസൻ വ്യക്തമാക്കി. ബാർകോഴയിൽ പങ്കുള്ള എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവച്ച് മാറിനിന്നുവേണം അന്വേഷണം നേരിടാനെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഭരണപക്ഷത്തിനെതിരെ വീണുകിട്ടിയ വജ്രായുധമായിട്ടാണ് ബാര്‍കോഴ ആരോപണത്തെ പ്രതിപക്ഷം നോക്കിക്കാണുന്നത്. അതുപയോഗിച്ച് സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പരമാവധി പ്രഹരിക്കാനുളള തന്ത്രങ്ങള്‍ക്ക് പ്രതിപക്ഷ ക്യാമ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ എക്സൈസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകള്‍ തെരുവിലേക്ക് ഇറങ്ങി. മന്ത്രിയുടെ തൃത്താലയിലെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മന്ത്രിക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയിലേക്കും നീട്ടാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.






