
വളാഞ്ചേരി: വളാഞ്ചേരിയില്‍ പാറമടയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തു പിടിച്ചെടുത്ത സംഭവമായി ബന്ധപ്പെട്ടു സ്ഥലം ഉടമകളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സി.ഐ. ഒളിവില്‍. എസ്.ഐയും ഇടനിലക്കാരനും അറസ്റ്റില്‍.
വളാഞ്ചേരി എസ്.ഐ: ബിന്ദുലാല്‍ (48), ഇടനിലക്കാരന് പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39) എന്നിവരെയാണ് തിരൂര്‍ ഡിവൈ.എസ്.പി: പി.പി. ഷംസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒളിവില്‍ പോയ വളാഞ്ചേരി സി.ഐ. സുനില്‍ദാസി(53)നു വേണ്ടി തെരച്ചില്‍ ശക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 29നായിരുന്നു കേസിനാസ്പദമായ സംഭവം. തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാറില്‍നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായത്.
എസ്.ഐ. ബിന്ദുലാല്‍ 10 ലക്ഷം രൂപയും സി.ഐ. സുനില്‍ദാസ് എട്ടു ലക്ഷവും മൂന്നാംപ്രതി അസൈനാര്‍ നാലു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പിടിയിലായ എസ്.ഐയെയും ഇടനിലക്കാരനെയും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുന്നു.






