
തിരുവനന്തപുരം: മകനെ ബ്രിട്ടീഷ് പൗരനായ ഭര്‍ത്താവ് തട്ടിയെടുത്തുവെന്ന് മലയാളി യുവതി. തിരുവനന്തപുരത്ത് താമസിക്കുന്ന കൊല്ലം സ്വദേശിനി അന്ന മാത്യൂസാണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പുതുവര്‍ഷ ദിനം മുതല്‍ മകനെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് യുവതി പറയുന്നു. പത്ത് വര്‍ഷമായി ഇന്ത്യയില്‍ ടൂറിസ്റ്റ് വിസയില്‍ താമസിക്കുന്ന ജെയിംസ് പിയേഴ്സ് എന്ന ടോമാണ് അന്നയുടെ ഭര്‍ത്താവ്. ഇയാള്‍ തന്റെ മകന് സാമുവല്‍ എന്ന അഞ്ച് വയസുകാരനുമായി മുങ്ങിയെന്നാണ് യുവതിയുടെ ആരോപണം.
ജെയിംസുമായുള്ള വിവാഹമോചന കേസ് കോടയതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ സംരക്ഷണം അന്നയ്ക്കാണ് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍ ജെയിംസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ആറ് ദിവസത്തേക്ക് കുട്ടിയെ ജെയിംസിനൊപ്പം വിടാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ 31ന് കുട്ടിയെ തിരികെ ഏല്പ്പിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ അന്ന് മുതല്‍ ഇരുവരെയും കാണ്മാനില്ല.
പാസ്പോര്‍ട്ട് കോടതിയിലായതിനാല്‍ ജെയിംസ് രാജ്യം വിട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ഉത്തരേന്ത്യയിലേക്ക് പോയിരിക്കാന്‍ സാധ്യതയുണ്ടെന്നും കേസ് അന്വേഷിക്കുന്ന ഫോര്‍ട്ട് കൊച്ചി എസ്.ഐ ദ്വിജേഷ് എസ് പറഞ്ഞു.






