
ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്ച രാവിലെ ദാരുണമായ ഒരു സംഭവം അരങ്ങേറി. രാത്രിയിലുണ്ടായ വഴക്കിനെത്തുടർന്ന് നജാഫ്ഗഢിലെ വീട്ടിൽ വെച്ച് ഭാര്യയെ തവ ഉപയോഗിച്ച് അടിച്ചുകൊന്നു. പ്രതി പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. പുലർച്ചെ 1 നും 2 നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞ ഇയാൾ രാവിലെ 8 മണിയോടെയാണ് പോലീസ് സ്റ്റേഷനെ സമീപിച്ചത്.
നജാഫ്ഗഢിലെ ഗോപാൽ നഗർ നിവാസിയായ ദിനേഷ് പട്ടേൽ ആണ് ഞായറാഴ്ച രാവിലെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി ഡ്യൂട്ടി ഓഫീസറോട് കുറ്റസമ്മതം നടത്തിയത്. താൻ സ്കീസോഫ്രീനിയ എന്ന മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് 48 കാരനായ പ്രതി പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊലക്കുറ്റത്തിന് കേസെടുത്തു.
ശനിയാഴ്ച അർദ്ധരാത്രിയോടെ തന്റെ 43 വയസ്സുകാരിയായ ഭാര്യ സരിതയെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിൽ, താൻ കഴിഞ്ഞ മൂന്ന് വർഷമായി ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ സ്കീസോഫ്രീനിയ രോഗത്തിന് ചികിത്സയിലാണെന്ന് ദിനേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
2005-ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സരിത ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയായിരുന്നു. മൂത്ത മകൻ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്, ഇളയ മകൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
മുമ്പ് ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിനേഷിന് കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലായിരുന്നു. കുടുംബത്തിലെ നിലവിലെ സാഹചര്യങ്ങളിൽ ഇയാൾ അതീവ ദുഃഖിതനായിരുന്നുവെന്നും ചെറിയ കാര്യങ്ങൾക്ക് പോലും ഭാര്യയുമായി സ്ഥിരമായി വഴക്കിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ, ശനിയാഴ്ച രാത്രി സരിതയുമായി തർക്കമുണ്ടായെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ തവ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാൾ സമ്മതിച്ചു.






