
കഴിഞ്ഞ ദിവസം ഛണ്ഡിഗഡ് എയർപോർട്ടില്‍ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനക്കിടെ സിഐഎസ്എഫിന്റെ വനിത ഉദ്യോഗസ്ഥ മർദ്ദിച്ചതിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിറയുന്നത്.
ഇപ്പോഴിതാ ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥ തുറന്നു പറയുകയാണ് കങ്കണ. തന്നെ മർദ്ദിച്ചു എന്നത് സത്യമാണെന്നും പഞ്ചാബിലെ അവസ്ഥയോർത്തു പേടിയുണ്ടെന്നുമാണ് കങ്കണ പറയുന്നത്.
"കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും എന്നെക്കുറിച്ച് അന്വേഷിച്ചു സന്ദേശങ്ങളും മറ്റും അയക്കുന്നുണ്ട്. ഞാൻ സുഖമായി ഇരിക്കുന്നു, കുഴപ്പമൊന്നുമില്ല. അന്നത്തെ ആ സംഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ സുരക്ഷ പരിശോധന കഴിഞ്ഞ് ഞാൻ ബോർഡിംഗ് ഏരിയയിലേക്ക് പോകുമ്പോൾ ഒരു വനിതാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ എന്റെയടുത്തേക്ക് വരുകയും എന്നെ മർദ്ദിക്കുകയും ആയിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ കർഷക സമരവുമായി ബന്ധപ്പെട്ട് ഞാൻ മുൻപ് നടത്തിയ പ്രസ്താവനയാണ് കാരണം എന്ന് പറഞ്ഞു. ഏതായാലും ഞാൻ ഓക്കേ ആണ്. പക്ഷേ എന്റെ പേടി പഞ്ചാബിനെ കുറിച്ചു ഓർത്താണ്. തീവ്രവാദ മനസ്സുള്ളവരാണ് അവിടെ മുഴുവൻ. അവിടെ ഇപ്പോൾ നിലനിൽക്കുന്ന അവസ്ഥ ശരിക്കും പേടിക്കേണ്ടതാണ്... " കങ്കണ പറയുന്നു.
കുല്‍വീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയാണ് മർദ്ദിച്ചതെന്നാണ് വിവരം. സംഭവത്തില്‍ സിഐഎസ് എഫ് അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുമെന്നാണ് റിപ്പോർട്ട്.
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024
ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ചണ്ഡിഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കങ്കണയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകള്‍. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ മുൻപ് നടത്തിയ പ്രസ്താവന സംബന്ധിച്ച് കങ്കണയുമായി വാക്കുതർക്കത്തില്‍ ഏർപ്പെട്ടെന്നും തുടർന്ന് മർദ്ദിക്കുകയായിരുന്നുമെന്നാണ് പരാതി. കുല്‍വീന്ദർ കൌർ എന്ന ഉദ്യോഗസ്ഥയും താൻ എന്തിന് അങ്ങനെ പ്രതികരിച്ചെന്നു പറയുന്നുണ്ട്. "പ്രതിഷേധിക്കുന്ന എല്ലാ കർഷകരെയും ഖലിസ്ഥാനികളെന്ന് വിളിച്ചു.
കങ്കണ ആ നാണംകെട്ട പ്രസ്താവന നടത്തിയപ്പോൾ അമ്മ പോലും പ്രതിഷേധത്തിൽ ഇരിക്കുകയായിരുന്നു..." കുല്‍വീന്ദർ കൌർ പറയുന്നു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള നിയുക്ത എം.പിയാണ് കങ്കണ.
പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് കങ്കണ വ്യക്തമാക്കി.
2020 ഡിസംബറില്‍ കർഷക സമരം നടക്കുമ്ബോള്‍, കർഷകർ നൂറ് രൂപയ്ക്ക് വേണ്ടിയാണ് കുത്തിയിരിക്കുന്നതെന്ന് കങ്കണ എക്സില്‍ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റില്‍ കർഷകരെന്ന പേരില്‍ സമരം ചെയ്യുന്നവർ ഭീകരവാികളാണെന്നും കങ്കണ കുറിച്ചിരുന്നു. കങ്കണ നിരുപാധികം മാപ്പ് പറയണമെന്ന് അന്ന് ഡല്‍ഹി ഗുരുദ്വാര കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കങ്കണ പോസ്റ്റുകള്‍ നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കങ്കണയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് കങ്കണ ജയിച്ചത്. കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിനെ 74,755 വോട്ടിനാണ് തോല്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ്. പൗരത്വ നിയമം, കർഷക സമരം തുടങ്ങിയ വിഷയങ്ങളില്‍ മോദിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.






