
മഴക്കാലം തുടങ്ങിയാല്‍ പിന്നെ മീന്‍പിടുത്തക്കാര്‍ക്ക് ആവേശമാണ്. കാരണം ആറുകളിലും തോടുകളിലും വെള്ളം പൊങ്ങിയാല്‍ മീന്‍പിടുത്തം കൂടുതല്‍ എളുപ്പമാകും. ചെറിയ മീനുകളുടെ സ്ഥാനത്ത് പിന്നെ വലിയ മീനുകളാകും വലയില്‍ കുരുങ്ങുക. ഒറ്റപ്പിടുത്തത്തില്‍ തന്നെ കിലോകണക്കിന് ഭാരമുള്ള മത്സ്യങ്ങളെ വരെ കിട്ടും. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്നുള്ള രണ്ട് മീന്‍പിടുത്തക്കാര്‍ പിടിച്ചത് ഏകദേശം 125 കിലോയോളം ഭാരമുള്ള ഒരു കൂറ്റന്‍ മത്സ്യത്തെയാണ്. ഈ സംഭവം ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ബീഹാറിലെ മധുബനിയില്‍ നിന്നുള്ള ഹരികിഷോര്‍ സാഹ്നി, സുധന് സാഹ്നി എന്നീ രണ്ട് മത്സ്യത്തൊഴിലാകളികളാണ് 125 കിലോഗ്രാം ഭാരമുള്ള മത്സ്യത്തെ പിടികൂടി വാര്‍ത്തകളില്‍ ഇടം നേടിയത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് മധുബനിയിലെ ജജ്ഞര്പൂരിലെ ഒരു നദിയിലാണ് ഹരികിഷോറും, സുധനും മീന്‍പിടുത്തത്തിനായി എത്തിയത്. വലി വീശുന്നതിന് മുന്‍പ് തന്നെ നദിയിലെ ലക്ഷണങ്ങള്‍ മനസ്സിലാക്കി ജലാശയത്തില്‍ ഒരു വലിയ മത്സ്യമുണ്ടെന്ന് ഇരുവരും തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും സമീപത്തെ കനാലിനരികല് ഉണ്ടായിരുന്ന ഏതാനും ബോട്ടുകാരെ കൂടി സഹായത്തിനായി വിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ സഹായത്തോടെ വലിവീശി വലിച്ചു കരയ്ക്ക് കയറ്റി. ഏറെ ഭാരമുണ്ടായിരുന്ന വല കരയിലേക്ക് കയറ്റിപ്പോഴാണ് കുടുങ്ങിയത് നിസാരക്കാരനല്ലെന്ന് വ്യക്തമായത്. 125 കിലോഗ്രാം ഭാരമുള്ള ഒരു ഭീമന് മത്സ്യമായിരുന്നു വലയില്‍ കുടുങ്ങിയത്. പത്തോളം ബോട്ട് ജീവനക്കാരുടെ സഹായത്തോട് കൂടിയാണ് ഇവര്‍ മീനിനെ വലിച്ച് കരയ്ക്ക് കയറ്റിയത്. മീനിനെ കണ്ട് തങ്ങള്‍ ആദ്യം ഭയന്ന് പോയെന്നാണ് ഇരുവരും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. പുറത്തെടുത്ത മത്സ്യത്തെ മത്സ്യത്തൊഴിലാളികള്‍ തൂക്കിനോക്കിയപ്പോഴാണ് അതിന് 125 കിലോയോളം ഭാരമുണ്ടെന്ന് വ്യക്തമായത്. നിലവില്‍ സുധന്റെ വീട്ടിലെ ബാത്ത് ടബ്ബിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്. ലേലത്തിന് വച്ച് വില്‍പ്പന നടത്താനാണ് തൊഴിലാളികളുടെ തീരുമാനം. എന്നാല്‍ ഇതുവരെയും ഏത് ഇനം മീനാണിതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.






