ചില കാര്യങ്ങള്‍ നടക്കുന്നതിന് മുമ്പ് തന്നെ നമുക്കൊരു തോന്നലുണ്ടാകും. കഴിഞ്ഞ തലമുറ വരെ പാമ്പുകടിയേറ്റു വരുന്ന ആള്‍ക്കു വേണ്ടി മരുന്ന് തയ്യാറാക്കി അത്താഴം കഴിക്കാതെ കാത്തിരുന്ന വിഷഹാരികള്‍ നമുക്കുണ്ടായിരുന്നു. പ്രകൃതി നമുക്ക് വരാന്‍ പോകുന്ന കാര്യങ്ങളുടെ സൂചന നല്കുന്നു. മഴ വരുന്നതിനു മുമ്പ് മഴക്കാറ് വരുന്നതു പോലെ. എന്നാല്‍ പലര്‍ക്കും അത് മനസ്സിലാവില്ല. ചിലരത് ശ്രദ്ധിക്കുകയും ഇല്ല.
അടുക്കളയുടെ അടുത്തിരുന്ന് കാക്ക കരയുന്നത് കേട്ടാല്‍ അമ്മമാര്‍ക്ക് അരി കൂടുതല്‍ ഇടണമെന്ന് അറിയാമായിരുന്നു. ഊണ് കഴിക്കാന്‍ വിരുന്നുകാര് ഉണ്ടാകുമെന്ന് അവര്‍ കാക്കയുടെ വിരുന്ന് വിളിയില്‍നിന്നും മനസ്സിലാക്കിയിരുന്നു.
പുറത്തുനിന്ന് ഒരാള്‍ ഫോണ്‍ വിളിച്ച് പറയുന്ന കാര്യം ഒരുപക്ഷേ, അത് അടുത്തുവരുന്ന ആളെ ബാധിക്കുന്ന കാര്യം ആവാന്‍ സാധ്യത കൂടുതലാണ്. ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആയിരിക്കും അയാള്‍ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത്. അല്ലെങ്കില്‍ ആ അയാള്‍ ഫോണ്‍ വിളിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ പലപ്പോഴും നിത്യജീവിതത്തില്‍ സാധാരണമാണ്. ചിലപ്പോഴത് ടെലിപ്പതിയുമാകാം.
വരുന്ന രോഗി പറയുന്ന ആദ്യ വാക്കും അയാളുടെ ബോഡി ലാംഗ്വേജും ശ്രദ്ധിക്കണമെന്ന് അക്യുപഞ്ചര്‍ ചികിത്സകരെ പഠിപ്പിക്കുന്നു. പ്രശ്നകാരിയുടെ അടുത്തുവരുന്നവര്‍ പറയുന്ന കാര്യങ്ങളും നിമിത്തമാണ്. പ്രശ്നം നോക്കാനായി ഒരു വീട്ടിലേക്ക് പോകുന്ന വഴിയിലും പല നിമിത്തങ്ങളും ലഭിക്കുന്നു.
ശ്രദ്ധിച്ചാല്‍ നമുക്ക് എല്ലാവര്ക്കും വരാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഓരോ സംഭവങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കാര്യങ്ങള്‍ ആലോചിച്ചു നോക്കുക. ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ നമുക്കത് പഠിച്ചെടുക്കാം. ശാസ്ത്രീയമായി ഇതിനൊക്കെ വിശദീകരണം നല്കാന് ഇപ്പോള്‍ സാധിക്കില്ലായിരിക്കാം. എന്നാല്‍ ഭാവിയില്‍ അതൊക്കെ കണ്ടെത്തുമെന്ന് കരുതാം.
ഡോ. പി.ബി. രാജേഷ്






