
സിനിമ, സീരിയൽ രംഗത്ത് ഏറെ വർഷങ്ങളായി അഭിനയിച്ചു വരുന്ന ഒരു താരമാണ് നടി ദേവി ചന്ദന. നർത്തകിയായ ദേവിചന്ദന തുടക്കത്തിൽ സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയും അതുവഴി സിനിമയിലേക്ക് എത്തുകയുമായിരുന്നു. ഭാര്യ വീട്ടിൽ പരമസുഖം എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ദേവി ചന്ദന ശ്രദ്ധനേടുന്നത്. അതിൽ വിജയരാഘവന്റെ പെങ്ങളുടെ റോളിലാണ് ദേവിചന്ദന അഭിനയിച്ചത്.
ഭർത്താവുദ്യോഗം, നരിമാൻ, രക്ഷരാജാവ്, കസ്തുരിമാൻ, കളിയോടം, വേഷം, ആയുർ രേഖ, രഹസ്യ പോലീസ്, തത്സമയം ഒരു പെൺകുട്ടി, പോളിടെക്നിക്, തിലോത്തമ്മ, പഞ്ചവർണ തത്ത തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയിലാണ് ദേവി ചന്ദന അവസാനമായി അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിലും കോമഡി പ്രോഗ്രാമുകളിലും ദേവി ചന്ദന ഭാഗമായിട്ടുണ്ട്.
ഇപ്പോൾ സീ കേരളത്തിലെ വാത്സല്യം എന്ന പരമ്പരയിലാണ് ദേവിചന്ദന അഭിനയിക്കുന്നത്. ഗായകനായ കിഷോർ വർമയാണ് താരത്തിന്റെ ഭർത്താവ്. 2006-ലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദേവി ചന്ദന ഇപ്പോഴിതാ അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കുവച്ച വീഡിയോയാണ് ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. യോഗയുടെ പ്രാധാന്യവും താരം പങ്കുവച്ചിട്ടുണ്ട്.
“യോഗ, ഇതൊരു പതിവാണ്. എല്ലാവർക്കും യോഗാദിനാശംസകൾ. ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക.. എല്ലായ്പ്പോഴും പിന്തുണയ്ക്കും മാർഗനിർദേശത്തിനും എൻ്റെ ഗുരുക്കളായ മുകുന്ദ കുമാർ, സുരേഷ് മേനോൻ എന്നിവരോട് നന്ദിയുണ്ട്.. എന്റെ ആർകൈവിൽ നിന്ന്..”, എന്നായിരുന്നു വീഡിയോയോടൊപ്പം താരം കുറിച്ചത്. ഇപ്പോൾ ഇത്തിരി തടിയൊക്കെ കൂടിയ ലുക്കിലാണ് ദേവിചന്ദന.






