
ശരത്കുമാറിന്റെ മകൾ എന്നതിലുപരി അഭിനയത്തിൽ തന്റേതായ കഴിവ് പ്രകടിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി ശരത്കുമാർ. മലയാളത്തിലടക്കം തെന്നിന്ത്യ മുഴുവൻ വരലക്ഷ്മി ആരാധകരെ നേടിയിട്ടുണ്ട്.
അടുത്തിടെയാണ് താരം വിവാഹയാകുന്നു എന്ന് ആരാധകരെ അറിയിച്ചത്. പത്ത് വര്ഷത്തോളം നീണ്ട സൗഹൃദത്തിന് ശേഷമാണ് നിക്കോളായ് സച്ച്ദേവിനെ വരലക്ഷ്മി വിവാഹം കഴിക്കുന്നത്. ഇവർ തമ്മിലുള്ള വിവാഹം ജൂലൈ 2 ന് നടക്കും എന്നാണ് തെലുങ്ക് റിപ്പോർട്ട് പറയുന്നത്.
ഇപ്പോഴിതാ വരലക്ഷ്മിയും പിതാവ് ശരത് കുമാറും നിക്കോളായ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെയും നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ വരലക്ഷ്മി തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.
"നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയെ ഞങ്ങളുടെ റിസപ്ഷനു വേണ്ടി ക്ഷണിച്ചത് എത്ര ഊഷ്മളവും സ്വാഗതാർഹവും ആക്കിയതിനു നന്ദി.. നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും നിങ്ങളുടെ വിലയേറിയ സമയം ഞങ്ങളോടൊപ്പം ചെലവഴിച്ചതിന് നന്ദി സർ...ശരിക്കും ഒരു ബഹുമതിയാണത്... നന്ദി അച്ഛാ ശരത്കുമാർ, അമ്മ രാധിക...ഇത് സംഭവിച്ചതിന്..." വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.
നീലയും പച്ചയും നിറത്തിലുള്ള സാരി ധരിച്ച വരലക്ഷ്മി ശരത്കുമാർ വരന് നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേര്ന്ന് ദില്ലിയില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്ശിച്ച ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
പ്രശാന്ത് വർമ്മയുടെ തേജ അഭിനയിച്ച ഹനുമാൻ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് മുംബൈ നിവാസി നിക്കോളായ് സച്ച്ദേവുമായി വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയത്. ജൂലൈ 2 ന് അവരുടെ വിവാഹം തായ്ലൻഡില് നടക്കും എന്നാണ് വിവരം.
വരലക്ഷ്മി നേരിട്ടെത്തി തന്റെ വിവാഹത്തിന് പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു. രജനികാന്ത്, കമല്ഹാസൻ, രവി തേജ, സംവിധായകൻ പ്രശാന്ത് വർമ്മ, ബാല, പ്രഭു, വംശി പൈഡിപ്പള്ളി, തമൻ എസ്, ഗോപിചന്ദ് മലിനേനി, നയൻതാര, വിഘ്നേഷ് ശിവൻ, കിച്ച സുധീപ്, സിദ്ധാർത്ഥ് എന്നിവരെ വരലക്ഷ്മിയും കുടുംബവും ഇതുവരെ ക്ഷണിച്ചിട്ടുണ്ട്.







Comments