
അനന്ത് അംബാനി - രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12 ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. മുംബൈ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം അനന്തിന്റെ വിവാഹത്തോട് അനുബന്ധിച്ച് അംബാനി കുടുംബം സമൂഹവിവാഹവും നടത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ അനന്ത് ധരിച്ച വാച്ചാണ് ശ്രദ്ധേയമായിരിയ്ക്കുന്നത്. 6.91 കോടി വിലയുള്ള ആഡംബരവാച്ചാണ് അനന്ത് ധരിച്ചിരുന്നത്. ആഡംബര ബ്രാന്‍ഡുകളായ പതേക് ഫിലീപിന്റെയും റിച്ചാര്‍ഡ് മില്ലേയുടെയും വാച്ചുകളാണ് അനന്ത് കെട്ടാറുള്ളത്. റിച്ചാര്‍ഡ് മില്ലേയുടെ റെഡ് കാര്‍ബണ്‍ വാച്ചാണ് അനന്തിന്റേതെന്നാണ് വിവരം . 8,28,000 യുഎസ് ഡോളറാണ് വില. ഏകദേശം 6.91 കോടി രൂപ. ലിമിറ്റഡ് എഡിഷനിലുള്ള ഈ വാച്ച് ഇതുവരെ 18 എണ്ണം മാത്രമാണ് വിപണിയിലെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.
ആഡംബര വാച്ചുകളുടെ വലിയ ശേഖരം തന്നെ അനന്തിന്റെ കൈവശം ഉണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീ വെഡ്ഡിങ് ആഘോഷത്തിനിടേയും അനന്ത് ധരിച്ച വാച്ച് ചര്‍ച്ചാവിഷയമായിരുന്നു. ഏകദേശം എട്ടു കോടി രൂപ വില വരുന്ന റിച്ചാര്‍ഡ് മില്ലേയുടെ കളക്ഷനില്‍ നിന്നുള്ള വാച്ചാണ് അനന്ത് അന്ന് ധരിച്ചിരുന്നത്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഭാര്യ പ്രസില്ല ചാന് വാച്ച് അദ്ഭുതത്തോടെ നോക്കുന്ന വിഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.






