ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മറ്റിയുടെ ചോദ്യങ്ങള്‍ക്ക് മുന്നിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ വിളറിയത്. നിരോധനത്തിനുശേഷം എത്ര പണം തിരിച്ചെത്തിയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഗവര്‍ണര്‍ നല്‍കിയില്ല. തുടര്‍ന്ന് പ്രതിസന്ധി എന്ന് തീരുമെന്ന് കമ്മറ്റി ആരാഞ്ഞു. ഇതിനും മറുപടിയില്ലാതെ ഊര്‍ജിത് പട്ടേല്‍ മൗനം അവലംബിച്ചു.
കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിക്ക് മുന്നിലാണ് ഊര്‍ജിത് പട്ടേല്‍ ഹാജരായത്. അതേസമയം 9.2 ലക്ഷം രൂപയുടെ പുതിയ കറന്‍സി വിതരണം ചെയ്തെന്ന കാര്യം മാത്രമാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. സാമ്പത്തികകാര്യ സെക്രട്ടറി, ബാങ്കിങ് സെക്രട്ടറി, ഐസിഐസിഐ മേധാവി ഉള്‍പ്പെടെ പ്രമുഖരും പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പില്‍ ഇന്ന് ഹാജരായിരുന്നു.
വെള്ളിയാഴ്ച ആര്‍ബിഐ ഗവര്‍ണര്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റിക്കു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കും. പിഎസി യുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ലെങ്കില്‍ പ്രധാനമന്ത്രിയെ വിളിച്ച് വരുത്തുമെന്ന് പിഎസി അധ്യക്ഷന്‍ കെവി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ണായക സാഹചര്യത്തില്‍ മൗനം അവലംബിക്കുന്ന ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.






