
ലഖ്നൗ: അനിയന്ത്രിതമായ ജനക്കൂട്ടമായിരുന്നു ഹത്രാസില്‍ 121 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിലെ ദുരന്തത്തിന്റെ പ്രധാന കാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ആഗ്ര) അനുപം കുല്‍ശ്രേഷ്ഠ, അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ചൈത്ര വി എന്നിവര്‍ തയ്യാറാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് റിപ്പോര്‍ട്ട് കൈമാറി.
'ഭോലെ ബാബ' എന്ന് വിളിക്കപ്പെടുന്ന നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉള്‍പ്പെടെ 128 സാക്ഷികളുടെ മൊഴികളുണ്ട്. സംസ്ഥാന ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് പരിശോധിച്ചേക്കും. പക്ഷേ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിനും അദ്ദേഹത്തിന്റെ സഹായികള്‍ക്കും ദുരന്തം തടയാമായിരുന്നുവെന്ന് എസ്ഐടി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
നേരത്തെ, സത്സംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ 80,000-ത്തോളം ആളുകള്‍ ഒത്തുചേരാനായിരുന്നു സത്സംഗിന്റെ സംഘാടകര്‍ അനുമതി തേടിയിരുന്നതെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ പരിപാടിക്കായി എത്തിയത് 2.5 ലക്ഷം പേര് ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. ജൂലൈ രണ്ടിന് നടന്ന പരിപാടിയുടെ മുഖ്യ സംഘാടകന്‍ ദേവപ്രകാശ് മധുകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പക്ഷേ സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരിയെ എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഒളിവില്‍ കഴിയുന്ന ഇദ്ദേഹം അന്വേഷകരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് എപി സിംഗ് പ്രസ്താവനയിറക്കി. എന്നാല്‍ പരിപാടിയില്‍ നടന്ന സംഭവത്തില്‍ ഗൂഢാലോചന അഭിഭാഷകന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അജ്ഞാതരായ ആളുകള്‍ പരിപാടിയില്‍ വിഷം തളിക്കുകയും തിക്കും തിരക്കും മനപ്പൂര്‍വ്വം ഉണ്ടാക്കുകയുമായിരുന്നെന്നാണ് ഭോലേബാബയുടെ അഭിഭാഷകന് പറഞ്ഞിരിക്കുന്നത്.
ഇതുവരെ ശേഖരിച്ച തെളിവുകള്‍ സംഘാടകരുടെ ഭാഗത്തുനിന്ന് കുറ്റകരമാണെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഗൂഢാലോചന എന്ന വാദത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ അനുപം കുല്‍ശ്രേഷ്ഠ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. പ്രസംഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭോലി ബാബ സ്പര്‍ശിച്ച മണ്ണ് എടുക്കാനുള്ള ശ്രമത്തിനിടയിലാണ് തിക്കും തിരക്കും ഉണ്ടായതെന്നും വിവരമുണ്ട്.






