
കുടുംബകഥകള്‍ക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന സത്യന് അന്തിക്കാടും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമകള്‍ക്കായി പ്രേക്ഷകര്‍ നിറഞ്ഞ ഹൃദയത്തോടെയാണ് കാത്തിരിക്കുന്നത്. സത്യന് അന്തിക്കാട് മോഹന്‍ലാല്‍ കോമ്പോയില്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്ന സിനിമകളാണ്. ഇവര്‍ ഒന്നിക്കുന്ന സിനിമകള്‍ക്കായി എന്ന് വരുമെന്ന് പ്രേക്ഷകര്‍ എപ്പോഴും ചോദിക്കാറുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാല്‍- സത്യന് അന്തിക്കാട് കൂട്ടുക്കെട്ട് വീണ്ടും കൈകോര്‍ക്കുന്ന സന്തോഷം പങ്കിടുകയാണ് സത്യന് അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും. രണ്ടുപേരും ഫെയ്സ്ബുക്ക് സ്റ്റോറിയിലൂടെ ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ‘‘ഒരു സൂപ്പർ ഫൺ മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു...’’ എന്ന് കുറിച്ചാണ് അഖില്‍ സത്യന് സന്തോഷം പങ്കുവച്ചത്. അച്ഛന്റെ അടുത്ത സിനിമ എന്ന തലക്കെട്ടോട് കൂടി സത്യന് അന്തിക്കാടും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് നില്ക്കുന്ന ചിത്രം അനൂപ് സത്യനും പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/stories/2396253037069528/UzpfSVNDOjkxMjgzMjU5MDYwMTk2Mw==/?view_single=1
നൈറ്റ് കോള്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ സോനു ടിപിയാണ് പുതിയ ചിത്രത്തിന്റെ രചന. 2015ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന സിനിമയിലാണ് അവസാനമായി മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച സിനിമ വലിയ ഹിറ്റായിരുന്നു. 2022ല്‍ ജയറാം- മീര ജാസ്മിന് എന്നിവരൊന്നിച്ച മകള്‍ എന്ന സിനിമയാണ് സത്യന് അന്തിക്കാടിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയെക്കുറിച്ച് സത്യന് അന്തിക്കാടും പറയുന്നുണ്ട്.‘‘കഴിഞ്ഞ ദിവസമാണ് ലാലിനെ തിരക്കഥ വായിച്ച് കേള്‍പ്പിച്ചത്. ആന്റണിയും തിരക്കഥാകൃത്ത് സോനുവും ഒപ്പമുണ്ടായിരുന്നു. തിരക്കഥ ലാലിന് ഏറെ ഇഷ്ടമായി. മുമ്പുതന്നെ ലാലിനോട് ഇതിന്റെ ആശയങ്ങള്‍ പറഞ്ഞിരുന്നതാണ്. ഇടയ്ക്കിടെ അതിന്റെ ഡിസ്കഷനും ഉണ്ടായിട്ടുണ്ട്. സമ്പൂര്‍ണ്ണമായൊരു വായന ഇന്നലെയാണ് നടന്നത്. അതിനുശേഷമാണ് പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടത്. ഹൃദയപൂര്‍വ്വം എന്നാണ് ടൈറ്റില്‍.
ഇത്തവണ പുതിയ തലമുറയിലെ ഒരുപാടുപേര് എനിക്കൊപ്പമുണ്ട്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനു ടി.പി. ആണ്. അടുത്തിടെ ഞാനൊരു ഷോര്‍ട്ട്ഫിലിം കണ്ടിരുന്നു. നൈറ്റ് കാള്‍ എന്നായിരുന്നു അതിന്റെ പേര്. സോനുവാണ് അതിന്റെ തിരക്കഥാകൃത്തും സംവിധായകനും. ഒരാള്‍ മാത്രമാണ് ആ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത്. എനിക്കത് ഇഷ്ടമായി. സോനുവിന്റെ നമ്പര്‍ തിരഞ്ഞ് കണ്ടെത്തി അയാളെ വിളിക്കുകയായിരുന്നു. അഭിനന്ദനം അറിയിച്ചു. ഒപ്പം എന്റെ സിനിമയിലേയ്ക്കും ക്ഷണിച്ചു. കഥ എന്റേതാണ്. തിരക്കഥയും സംഭാഷണവും എഴുതുന്നത് സോനുവും. എങ്കിലും കഥാകാരന് എന്നുള്ള ഫുള്‍ ക്രെഡിറ്റും സോനുവിന് നല്‍കിയിരിക്കുകയാണ്. അവരും കടന്നുവരട്ടെ. സോനുവിന് തീര്‍ച്ചയായും നല്ലൊരു ഓപ്പണിംഗ് ആയിരിക്കും.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിലേ ഉണ്ടാവൂ. ലാല്‍ കമ്മിറ്റ് ചെയ്ത രണ്ട് മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. എമ്പുരാന്, തരുണ്‍ മൂര്‍ത്തി ചിത്രം, ഒരു കന്നഡ ചിത്രവും. പുനെയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നല്ല തണുത്ത കാലാവസ്ഥയാണ് പൂനയിലേത്. അതും ഡിസംബറില്‍ ഷൂട്ട് ചെയ്യാന്‍ ഒരു കാരണമായിട്ടുണ്ട്. കൊച്ചിയാണ് മറ്റൊരു ലൊക്കേഷന്‍.
സോനുവിനെ കൂടാതെ ക്യാമറ ചലിപ്പിക്കുന്നത് പുതിയ തലമുറയിലുള്ള അനൂപ് മുത്തേടത്താണ്. സംഗീതസംവിധായകന് ജസ്റ്റിന് പ്രഭാകരനും പുതിയ തലമുറക്കാരനാണ്. താരനിര്‍ണ്ണയം നടന്നുവരുന്നതേയുള്ളൂ. സിദ്ധിക്ക് ചിത്രത്തിലുണ്ടാകും. മറ്റുള്ള കാസ്റ്റിംഗ് ഓരോന്നായി പുറത്തുവിടാനാണ് ഉദ്ദേശിക്കുന്നത്. ‘എന്നും എപ്പോഴി’ന് ശേഷം ആന്റണി പെരുമ്പാവൂരിനൊപ്പം ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം...’ സത്യന് അന്തിക്കാട് പറഞ്ഞു.






