
ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹവാർത്തകളാണ് എല്ലായിടത്തും. വെള്ളിയാഴ്ച രാത്രി നടക്കുന്ന വിവാഹത്തിന്റെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലും വൈറലാണ്. ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി വിശിഷ്ടാതിഥികളാണ് കല്യാണത്തിനായി മുംബൈയിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുകോൺ, രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആലിയ ഭട്ട്, രൺബീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ വിവാഹാഘോഷങ്ങൾക്കായി എത്തിച്ചേർന്നിട്ടുണ്ട്.
മൂന്നു മാസം നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കുശേഷമാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായത്. മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മേയിൽ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. മേയ് 29 ന് ഇറ്റലിയിൽനിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.
ഇന്നലെ വിവാഹം കഴിഞ്ഞെങ്കിലും ജൂലൈ 14 വരെ ആഘോഷങ്ങൾ തുടരും. ഇന്നു നടക്കുന്ന ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.






