മന്ത്രധ്വനികളും, മണിനാദവും ഭക്തരുടെ പ്രാര്‍ത്ഥനയും നിറഞ്ഞ ക്ഷേത്രാന്തരീക്ഷം പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു.
പോസിറ്റീവ് എനര്‍ജിയുടെ പ്രഭവസ്ഥാനമായി ക്ഷേത്രങ്ങളെ വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല.
പോസിറ്റീവ് എനര്‍ജി നിലനില്‍ക്കണമെങ്കില്‍ ക്ഷേത്ര പുരോഹിതരും ഭക്തരും ഒന്നുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്.
ശരീരശുദ്ധി വരുത്തി ശുദ്ധവസ്ത്രം ധരിച്ചേ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കാവൂ. ശരീര ശുദ്ധിപോലെ തന്നെ മനഃശുദ്ധിയും അത്യാവശ്യമാണ്. കാമ-ക്രോധ ലോഭമോഹാദി ദുര്‍വിചാരങ്ങള്‍ ഒന്നുമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
ക്ഷേത്രത്തിലെത്തുന്നവര്‍ ആദ്യം കൊടിമരത്തെയാണ് വന്ദിക്കേണ്ടത്. കൊടിമരത്തിന്റെയും ബലിക്കല്ലിന്റെയും ഇടതുവശത്തുകൂടി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കണം. തിരിച്ചിറങ്ങുന്നത് ബലിക്കല്ലിന്റെയും കൊടിമരത്തിന്റെയും വലത് വശത്തുകൂടി വേണം.
ജനനവും, മരണവും കാരണം പുലയുള്ളവനും വാസമുറയുടെ അശുദ്ധിയുള്ള സ്ത്രീകളും ക്ഷേത്രദര്‍ശനം പാടില്ലെന്നാണ് വിശ്വാസം.
പുല 16 ദിവസത്തേക്കാണ്. പ്രസവശേഷം 41 ദിവസം കഴിഞ്ഞേ അമ്മ ക്ഷേത്രദര്‍ശനം നടത്താവൂ. ചോറൂണ് കഴിയാത്ത കുഞ്ഞിനെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാനും പാടില്ല. കൈപ്പത്തികള്‍ രണ്ടും താമരമൊട്ടുകള്‍ ആകൃതിയിയില്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് ഉള്‍ക്കാഴ്ചയോട് കൂടി വേണം ഭഗവാനെ തൊഴാന്‍.
ഭഗവദ്‌നാമം സ്മരിച്ചുകൊണ്ട് മന്ദഗതിയായിട്ട് വേണം പ്രദക്ഷിണം നടത്തേണ്ടത്. പല ക്ഷേത്രങ്ങളിലും പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ കാണാം. ഭക്തര്‍ അങ്ങനെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാനും പാടില്ല.
വടക്കേതില്‍ വിനോദ്കുമാര്‍, നറുകര






