
ന്യൂഡൽഹി : അഗ്നിവീർ പദ്ധതിയിൽപെടുന്നവർക്ക് സർക്കാർ ജോലിയിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് ഹരിയാന സർക്കാര്‍. മുഖ്യമന്ത്രി നായബ് സിങ് സെയ്നിയാണ് സംവരണം പ്രഖ്യാപിച്ചത്. പോലീസ് കോൺസ്റ്റബിൾ, വനം വകുപ്പ് ഗാർഡ്, ജയിൽ വാർഡൻ, മൈനിംങ് ഗാർഡ്, സ്പെഷൽ പൊലീസ് ഓഫീസർ തുടങ്ങിയ യൂണിഫോം തസ്തികകളിലേക്കാണു സംവരണം.
ഗ്രൂപ്പ് ബി, സി പട്ടികയിലുള്ള സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ മൂന്ന് വർഷം വരെ ഇളവും മുൻ അഗ്നിവീറുകൾക്ക് നൽകും. ഗ്രൂപ്പ് സിയിലുള്ള സിവിൽ പോസ്റ്റുകളിലേക്ക് നേരിട്ട് നിയമനം നൽകുന്നതിനൊപ്പം 5 ശതമാനം സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബിയിലെ പോസ്റ്റുകൾക്ക് ഒരു ശതമാനമാണ് സംവരണം. കൂടാതെ മുൻ അഗ്നിവീറുകൾ അഞ്ച് ലക്ഷം രൂപയുടെ പലിശരഹിത വായ്പയ്ക്കും അർഹരാണെന്ന് സർക്കാർ അറിയിച്ചു.
2022 ജൂണ്‍ 14നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗ്നിവീർ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്ന അഗ്നിവീറുകൾ നാല് വർഷത്തേക്ക് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതാണു പദ്ധതി. നാല് വര്‍ഷം ജോലിച്ചെയതിന് ശേഷം തിരിച്ചെത്തുന്ന യുവാക്കളുടെ ഭാവി വലിയ ചർച്ചാ വിഷയമായിരുന്നു. ഇതിന് പിന്നാലെയാണ് സേവനമനുഷ്ഠിച്ചെത്തുന്ന അഗ്നിവീറുകൾക്ക്സർക്കാർ ജോലികളിൽ ഹരിയാന സർക്കാർ സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്.






