
‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരിസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ ആസിഫ് അലിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേശ് നാരായൺ പുരസ്കാരം തിരസ്കരിച്ച സംഭവം വീഡിയോയിലൂടെ വളരെപ്പെട്ടെന്നാണ് വൈറലായത്. സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്തു ഈ സംഭവത്തില്‍ രമേശ് നാരായണിന്റെ ആസിഫ് അലിയോടുള്ള മോശമായി സമീപനത്തെക്കുറിച്ച് പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുകയാണ് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. രമേഷ് നാരായണൻ ചെയ്തത് തെറ്റാണെന്നും, പണി പാളിയെന്ന് മനസിലാപ്പോള്‍ സോറിയുമായി വന്നെന്നും, ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെന്നു തോന്നിയില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്.
‘‘മെമെന്റോ കൊടുക്കുന്ന കാര്യം ഉള്‍പ്പടെ അതിന്റെ ഓര്‍ഗനൈസേഷനില്‍ തന്നെ വലിയ പാളിച്ചകള്‍ വന്നതായി തോന്നിയിരുന്നു. അദ്ദേഹവും സീനിയറായ ഒരു മ്യൂസിഷനാണ്. വേദിയില്‍ വിളിച്ചാണത് കൊടുക്കേണ്ടത്. അതൊന്നും കിട്ടാത്തതിന്റെ മാനസിക വിഷമത്തിലാണ് പുള്ളി ആസിഫിക്കയെ മൈന്‍ഡ് ചെയ്യാതെ പോയതെന്നു പറഞ്ഞു കേട്ടു. നമ്മള് ഇന്സള്റ്റഡായി നില്ക്കുന്ന സമയത്ത് വേറൊരാളെ അതേ നാണയത്തില്‍ ഇന്‍സള്‍ട്ട് ചെയ്യാന്‍ പാടുണ്ടോ ? അതേ ഫീലിംഗ് തന്നെയല്ലേ അപ്പുറത്ത് നില്ക്കുന്ന ആളും അനുഭവിച്ചിട്ടുണ്ടാവുക. പ്രത്യേകിച്ച് പത്തു പേര് അറിയുന്ന ആള് പൊതുവേദിയില്‍ സ്വകാര്യ വിഷമങ്ങളും ഫീലിംഗുകളും അങ്ങനെ പ്രകടിപ്പിക്കാന്‍ പാടില്ലല്ലോ. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ സാറും മമ്മൂക്കയുമൊക്കെ സ്വകാര്യമായി അവര്‍ക്കുണ്ടാകുന്ന മാനസിക വിഷമങ്ങളും ബുദ്ധിമുട്ടുകളും മീഡിയയയുടെ അടുത്ത് കാണിക്കാന്‍ തുടങ്ങിയാല്‍ അവര്‍ ആരെയൊക്കെ ചീത്ത വിളിക്കണം, മൈന്‍ഡ് ചെയ്യാതെ പോകണം....’’ ധ്യാന്‍ പറയുന്നു.
രമേശ് നാരായണിന്റെ ക്ഷമാപണത്തെക്കുറിച്ചും ധ്യാന്‍ തുറന്നു പറയുന്നുണ്ട്. ‘‘പൊതുവേദിയില്‍ എല്ലാവരും കാണുന്ന സമയത്ത് ആസിഫിക്കയെ മൈന്‍ഡ് ചെയ്യാതെ പോയത് ശരിയായില്ല. അത്രയും ഇന്സള്ട്ടായിട്ടും ആസിഫിക്ക എല്ലാം ഒരു ചെറുചിരിയില്‍ ഒതുക്കി.
പുള്ളി പറഞ്ഞത് ആസിഫിക്കയുടെ തോളില്‍ തട്ടിയെന്നാണ്. പച്ചക്കള്ളമാണത്. എന്നിട്ട് സംഭവം കൈയില്‍ നിന്ന് പോയെന്ന് രാത്രിയൊക്കെ ആയപ്പോള്‍ പുള്ളിക്ക് മനസ്സിലായി. പുള്ളി ചെയ്തത് തെറ്റാണ്. പണി പാളിയെന്ന് മനസ്സിലായപ്പോള്‍ രമേശ് നാരായണ്‍ സോറിയുമായി വന്നു. ക്ഷമ പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെന്നു തോന്നിയില്ല. എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ അഹങ്കാരമായി ചെയ്തിട്ടുള്ളതിന് ദൈവം പണി തിരിച്ചു കൊടുത്തതു പോലെയാണ് എനിക്ക് തോന്നിയത്....’’ ധ്യാന്‍ പറയുന്നു.






