
ന്യൂഡല്‍ഹി: എന്ത് യുദ്ധം വന്നാലും ഇന്ത്യാക്കാര്‍ ഇസ്രായേലില്‍ ജോലിക്ക് പോകുന്ന പ്രവണത തുടരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഗാസയ്ക്ക് എതിരായി ഇസ്രായേല്‍ യുദ്ധം ആരംഭിക്കുന്നത് വരെ പലസ്തീനികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന മേഖലയില്‍ ഇപ്പോള്‍ പണിയെടുക്കുന്നത് ഉത്തര്പ്രദേശുകാരെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലിലെ നിര്‍മ്മാണമേഖലയില്‍ തൊഴിലാളികളെ അയയ്ക്കുന്ന പ്രധാന ഉറവിടമായി ഉത്തര്‍പ്രദേശ് മാറിയിരിക്കുകയാണ്. തിങ്കളാഴ്ച ലോക്സഭയില്‍ ഇസ്രായേലിലേക്ക് പോയ തൊഴിലാളികളുടെ സംസ്ഥാനം തിരിച്ചുള്ള വിവരം തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്ലാജെ നല്കി. നിലവില്‍ 4825 പേര് ഇന്ത്യയില്‍ നിന്നും ഇസ്രായേല്‍ നിര്‍മ്മാണമേഖലയില്‍ പണിയെടുക്കുന്നുണ്ട്.
സംസ്ഥാനം തിരിച്ചുള്ള വിശദാംശങ്ങള്‍ അനുസരിച്ച്, 4,415 തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ നിന്നും, 156 പേര് ഹരിയാനയില്‍ നിന്നും 149 പേര്, രാജസ്ഥാനില്‍ നിന്നും 30 പേര്, ബംഗാള്‍, കേരളത്തില്‍ നിന്നും 20 പേര്, ആന്ധ്രാപ്രദേശില്‍ നിന്ന് 8 പേര്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് 3 പേര്. ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് വീതവും തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഇസ്രായേലിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
യുദ്ധം തുടരുമ്പോള്‍ ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കുന്നതിനെ ഏതെങ്കിലും കേന്ദ്ര ട്രേഡ് യൂണിയനുകള്‍ എതിര്‍ത്തിട്ടുണ്ടോ, അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍, അയച്ച തൊഴിലാളികളുടെ എണ്ണം എന്നിവ അറിയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റേ ആവശ്യപ്പെട്ടു. 'ഇന്ത്യ-ഇസ്രായേല്‍ കരാര്‍ പ്രകാരം നിര്‍മ്മാണ തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന പ്രോട്ടോക്കോളില്‍, ഇസ്രായേലിലെ പ്രത്യേക തൊഴില്‍ വിപണി മേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. അവിടെ ജോലിക്കായി 10,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള അഭ്യര്‍ത്ഥന ലഭിച്ചിട്ടുണ്ട്. ഇതില്‍ 4,825 ഇന്ത്യന്‍ തൊഴിലാളികള്‍ ഇതുവരെ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്,'' മന്ത്രി പറഞ്ഞു.
ആര്‍എസ്എസ് പിന്തുണയുള്ള ഭാരതീയ മസ്ദൂര്‍ സംഘ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. 2024 മാര്‍ച്ച് 4 ന് ലെബനനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി മരിച്ചിരുന്നു. ഇസ്രായേലുമായി ഒപ്പുവച്ച കരാറും പ്രോട്ടോക്കോളും അനുസരിച്ച്, ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവിടുത്തെ തുല്യമായ സേവനം ലഭിക്കും. ഇസ്രയേലി പൗരന്മാര് എന്ന നിലയിലുള്ള തൊഴില്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട ചികിത്സ, ശരിയായ താമസസൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പ്രസക്തമായ സാമൂഹിക സുരക്ഷാ കവറേജ് എന്നിവ നല്‍കുമെന്നും കരന്ദ്ലാജെ പറഞ്ഞു.
അതേസമയം രാഷ്ട്രം യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പോലും ഇന്ത്യാക്കാര്‍ തൊഴില്‍തേടി ഇസ്രായേലിലേക്കും മറ്റും പോകേണ്ടി വരുന്ന സാഹചര്യം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ നേരിടാനുള്ള മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ പ്രതിഫലനമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. അതേസമയം ഇസ്രായേലിലെ തൊഴില്‍ സാഹചര്യങ്ങള്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണെന്നതാണ് ആകര്‍ഷിക്കുന്ന ഘടകം.






