
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം രണ്ടു ദിവസത്തിനുള്ളില്‍ എങ്ങനെ വ്യത്യാസപ്പെട്ടു? പാരീസ് ഒളിമ്പിക്സിലെ ചൊവ്വാഴ്ചത്തെ മത്സരത്തിനുമുമ്പ് വിനേഷിന്റെ ഭാരം 49.9 കിലോഗ്രാമാണെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കുറച്ചു ഭക്ഷണം കഴിച്ചതോടെ ഭാരം 53 കിലോയിലേക്ക് പെട്ടെന്നുയര്‍ന്നു.
ഇന്നലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരത്തില്‍ പങ്കടുക്കുംമുമ്പ് ശരീരഭാരം 50 കിലോയിലേക്ക് എത്തേണ്ടിയിരുന്നു. എന്നാല്‍ രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം കൂടുതലുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മത്സരത്തില്‍നിന്ന് അവര്‍ അയോഗ്യയാക്കപ്പെട്ടത്. വിധിയുടെ ഈ വിളയാട്ടത്തോടെ ചരിത്ര മെഡല്‍ നേടാനുള്ള അവസരവും അവര്‍ക്കു നഷ്ടപ്പെട്ടു.
ചൊവ്വാഴ്ച രാത്രി നടന്ന സെമിഫൈനലിനു ശേഷം അവസാനവട്ട മത്സരത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തിക്കാരി എന്ന നിലയില്‍ വിനേഷ് അപൂര്‍വമായ ഖ്യാതി നേടിയിരുന്നു. ഫൈനല്‍ മത്സരത്തില്‍ സ്വര്‍ണമല്ലെങ്കില്‍ വെള്ളി മെഡലെങ്കിലും ലഭിക്കുമെന്നായിരുന്നു രാജ്യത്തിന്റെ പ്രതീക്ഷ. ഇതിനിടെ ശരീരഭാരം 52.7 കിലോഗ്രാമായി വര്‍ധിച്ചെന്ന് രാത്രിയില്‍ കണ്ടെത്തി.
പിന്നീട് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച്, ഉറക്കമില്ലാതെ രാത്രി കഴിച്ചുകൂട്ടി. ഭാരം കുറയ്ക്കുന്നതിനായി ഈ സമയം മുഴുവന്‍ ഓടുകയും സൈക്ലിങ്ങില്‍ എര്‍പ്പെടുകയും ചെയ്തു. ഇങ്ങനെ തീവ്രമായ പ്രയത്നത്തിനൊടുവിലാണ് രാവിലെ ഭാരപരിശോധനയ്ക്കെത്തിയത്. എന്നാല്‍ ഭാഗ്യം അവരുടെ പക്ഷത്തായിരുന്നില്ല. പരിശോധനയില്‍ ഭാരം 50.1 കിലോ. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം കൂടുതല്‍.
തികഞ്ഞ നിശ്ചയദാര്‍ഢ്യത്തിലൂടെ 50.1 കിലോയിലേക്കു കൊണ്ടുവരാന്‍ വീനേഷ് ഫോഗട്ടിനു കഴിഞ്ഞെങ്കിലും സ്വപ്നം സഫലമാക്കാന്‍ അതു പര്യാപ്തമായിരുന്നില്ല. കര്‍ശനമായ ഭാരം ആവശ്യകതകള്‍ യാതൊരു വഴക്കവും നല്‍കുന്നില്ല, ക്ലോക്ക് തീര്‍ന്നു, ഭാരത്തിന്റെ പരിധി പാലിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
യുണൈറ്റഡ് വേള്‍ഡ് റെസ് ലിങ്ങിന്റെ രാജ്യാന്തര ഗുസ്തി നിയമങ്ങള്‍ക്ക് കീഴില്‍ വെയ്റ്റ് ഇന്‍ പ്രക്രിയ കര്‍ശനമാണ്. മത്സര നടപടിക്രമത്തിന്റെ ആര്‍ട്ടിക്കിള്‍ 11 ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഗുസ്തിക്കാര്‍ അവര്‍ പങ്കെുടുക്കുന്ന ഭാരവിഭാഗത്തിനായി ഓരോ ദിവസവും രാവിലെ ശരീരഭാരം നോക്കണം. ആദ്യതവണ തൂക്കപരിശോധനയും മെഡിക്കല്‍ കണ്ട്രോള് സെഷനുകളും 30 മിനിറ്റ് നീണ്ടുനില്‍ക്കും. ഫൈനലിലെത്തുന്നവര്‍ക്ക് അടുത്ത ദിവസമുള്ള പരിശോധനാ നടപടികള്‍ 15 മിനിറ്റ് നീളുന്നതാണ്. തൂക്കത്തില്‍ പരാജയപ്പെടുന്നവര്‍ ഗുസ്തിമത്സരത്തില്നിന്ന് ഒഴിവാക്കപ്പെടും. അധികഭാരം ചെറിയ തോതിലാണെങ്കില്‍പ്പോലും പ്രത്യേകിച്ച് യാതൊരാനുകൂല്യവും ലഭിക്കുന്നില്ല.
മത്സരത്തിന്റെ ആദ്യദിവസം വൈദ്യപരിശോധന കൂടാതെ താരങ്ങളുടെ തൂക്കം എടക്കുന്നതല്ല. പരിശോധനാസമയത്തു ധരിക്കുന്ന വസ്ത്രത്തിനും നിഷ്കര്‍ഷയുണ്ട്. ന്യായമായ മത്സരവും പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാണ് കര്‍ശനമായ നിബന്ധനകള്‍.






