
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 9 വയസ്സായി കുറയ്ക്കുന്ന ബില്‍ ഇറാഖില്‍ വിവാദമാകുന്നു. ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വ്യാപക പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണമായിരിക്കുകയാണ്. നിലവില്‍ വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആയി നിജപ്പെടുത്തുന്ന രാജ്യത്തിന്റെ വ്യക്തിഗത സ്റ്റാറ്റസ് നിയമത്തില്‍ ഭേദഗതി വരുത്താനായിരുന്നു ഉദ്ദേശം.
കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളോ സിവില്‍ ജുഡീഷ്യറിയോ തിരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്ന ബില്‍ പാസായാല്‍, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും വിവാഹിതരാകാന്‍ അനുമതി നല്‍കും എന്നാണ് ഉയരുന്നു ഏറ്റവും വലിയ വിമര്‍ശനം. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഇടയാക്കുമെന്ന് വിമര്‍ശകര്‍ ഭയപ്പെടുന്നു.
ഈ പിന്തിരിപ്പന് നീക്കം ശൈശവ വിവാഹവും ചൂഷണവും വര്‍ദ്ധിക്കുമെന്നും സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പുകളും സിവില്‍ സൊസൈറ്റി പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. ശൈശവവിവാഹം കൊഴിഞ്ഞുപോക്ക്, നേരത്തെയുള്ള ഗര്‍ഭധാരണം, ഗാര്‍ഹിക പീഡനത്തിന്റെ ഉയര്‍ന്ന സാധ്യത എന്നിവയിലേക്ക് നയിക്കുന്നതായി അവര്‍ വാദിക്കുന്നു.
ഇത് ''ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമവിധേയമാക്കും. എണ്ണമറ്റ പെണ്‍കുട്ടികളുടെ ഭാവിയും ക്ഷേമവും മോഷ്ടിക്കുകയും ചെയ്യും.' ''പെണ്‍കുട്ടികള്‍ കളിസ്ഥലത്തും സ്കൂളിലുമാണ് ഉള്ളത്, വിവാഹ വസ്ത്രത്തിലല്ല,'' , എച്ച്ആര്‍ഡബ്ല്യുവിന്റെ സാന്‍ബര്‍ പറഞ്ഞു. നേരത്തെ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തില്‍ നിയമം മാറ്റാനുള്ള ഈ ശ്രമം വിജയിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ബില്ലിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത് ഇത് ഇസ്ലാമിക നിയമത്തെ മാനദണ്ഡമാക്കുകയും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ 'അധാര്‍മ്മിക ബന്ധങ്ങളില്‍' നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ്.






