
തെസ്സലോനികിയില് കണ്ടെയ്നറിൽ കൊണ്ടുവന്ന വാഴപ്പഴത്തിനുള്ളിൽ നിന്ന് പിടികൂടിയത് നൂറ് കിലോയോളം കൊക്കെയ്ൻ. മൂന്ന് മില്യൺ ഡോളർ വിലവരുന്ന കൊക്കെയ്നാണ് പിടികൂടിയത്.
ഗ്രീസിലെ വടക്കൻ മേഖലയിലെ തെസ്സലോനികിയിലെ തുറമുഖത്തേയ്ക്കാണ് വാഴപ്പഴവുമായി കപ്പലെത്തിയത്. ഇക്വഡോറിൽ നിന്നെത്തിയ കപ്പലിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. കപ്പലിലെ വസ്തുക്കൾ റൊമേനിയയിലേക്കുള്ളതായിരുന്നു .
കപ്പലിലെ കണ്ടെയ്നറിൽ എക്സ് റേ പരിശോധന നടത്തിയപ്പോഴാണ് അസ്വഭാവികത കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. കണ്ടെയ്നറിലെ കൂളിംഗ് സംവിധാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ . കൊക്കെയ്ൻ 80 പാക്കറ്റുകളിലാക്കിയാണ് ഒളിപ്പിച്ച് വച്ചിരുന്നത്. കണ്ടെത്തിയ കൊക്കെയ്ൻ കണ്ടെയ്നർ അടക്കം പോലീസിന് കൈമാറി. കണ്ടെയ്നർ കൈപ്പറ്റേണ്ടിയിരുന്ന ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.






