
ഉത്തർപ്രദേശില്‍ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്.
പോലീസിൽ നൽകിയ പരാതിയിൽ ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് യുവതി പറയുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ജസ്പുര പോലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കി.
ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ് സിംഗ് എന്നിവരാണ് കേസിലെ കുറ്റാരോപിതർ. സിക്ഹുലാ ഗ്രാമവാസികളായ ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വീഴ്ച വരുത്തിയത്. ശനിയാഴ്ചയാണ് പോലീസ് എഫ്ഐആർ കേസ് രജിസ്റ്റർ ചെയ്തത്. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായതെന്ന് യുവതിയുടെ ഭർത്താവ് അവകാശപ്പെട്ടു.






