
കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമതാ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ സി വി ആനന്ദബോസ്. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ഭരണഘടനാപരമായി നടപടി കൈക്കൊള്ളുമെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് ഒന്നിന് പുറകെ ഒന്നായി ക്രൂരമായ കൊലപാതകവും ബലാത്സംഗവും നടക്കുന്നുണ്ട്. ഇതൊരു വിനോദമായി മാറിയിരിക്കുകയാണ്. വെറുതെ അപലപിച്ചു എന്ന് പറഞ്ഞത് കൊണ്ട് കാര്യമായില്ല. ശക്തമായ നടപടികൾ സ്വീകരിക്കുക തന്നെ വേണം.ഭ്രാന്ത് വന്നാൽ ചങ്ങലയ്ക്ക് ഇടാം. ചങ്ങലയ്ക്ക് തന്നെ ഭ്രാന്ത് വന്നാൽ എന്താണ് ചെയ്യുക. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അതിശക്തമാകുകയാണ്. പ്രതിഷേധം രാജ്യതലസ്ഥാനമായ ഡല്‍ഹിലേക്ക് വ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. കൊല്‍ക്കത്ത സംഭവത്തില്‍ എത്രയും വേഗത്തില്‍ നടപടി സ്വീകരിക്കുക, സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.






