
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളുമൊക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. നിലവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നതെങ്കിലും സംഭവം എങ്ങും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് വന്ന ശേഷം ഓരോ സെലിബ്രിറ്റികളുടെയും അഭിപ്രായങ്ങളും അവരുടെ പ്രതികരണങ്ങളും അറിയാന്‍ മാധ്യമങ്ങളും ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചില സെലിബ്രിറ്റികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ മറ്റ് ചിലര്‍ ഒഴിവാക്കി വിടാനാണ് ശ്രമിക്കുന്നത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. താന്‍ ഫൂട്ടേജ് സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് മാധ്യമങ്ങള്‍ സമീപിച്ചതെന്നും ഇക്കാര്യം പറയുന്നതിനിടെയുള്ള തന്റെ ശരീരഭാഷ ശരിയായിരുന്നില്ലെന്ന് വീഡിയോ വീണ്ടും കണ്ടപ്പോള്‍ തോന്നിയെന്നുമാണ് വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയ പേജിലൂടെ പറയുന്നത്.
‘‘ഞാൻ ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞ് ഇറങ്ങി വരുമ്പോഴാണ് മാധ്യമങ്ങള്‍ സമീപിച്ചത്. ചില ഓണ്‍ലൈൻ മാധ്യമ സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർ റിവ്യു ചോദിക്കാനാണ് വരുന്നതെന്ന് കരുതി, എന്നാല്‍ അവർ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ചോദിച്ചത്. സിനിമയുടെ ഷോ നടക്കുന്ന സമയത്താണ് റിപ്പോർട്ട് വന്നത് എന്നതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് പ്രതികരിക്കണമെങ്കില്‍ അതിനെ മനസ്സിലാക്കണം, പഠിക്കണം. അത് വളരെ ഗൗരവമേറിയ ദീര്‍ഘമായൊരു റിപ്പോര്‍ട്ടാണ്. ഒന്നും അറിഞ്ഞു കൂടാത്ത കാര്യത്തെ കുറിച്ച് വായില്‍ തോന്നുന്നത് പറയുന്നത് വിഡ്ഢിത്തമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അന്ന് എന്നോട് ചോദിച്ചപ്പോഴുള്ളതിന്റെ ഒരു ഭാഗമാണ് നിങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ പോലെയുള്ള ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ച് പറയുന്നതിനിടെയുള്ള എന്റെ ശരീരഭാഷ ശരിയായിരുന്നില്ലെന്ന് വീഡിയോ വീണ്ടും കണ്ടപ്പോള്‍ തോന്നി. ചില സുഹൃത്തുക്കളെ അത് വേദനിപ്പിച്ചതായും അറിഞ്ഞു. എന്റെ പ്രതികരണം ആരെയെങ്കിലും വിഷമിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു....’’ എന്നാണ് വിനയ് ഫോര്‍ട്ട് വീഡിയോയില്‍ പറഞ്ഞത്.
പ്രിവ്യൂ ഷോ കഴിഞ്ഞ് തിരിച്ചു വരുമ്പോഴായിരുന്നു വിനയ് ഫോര്‍ട്ട് ആദ്യമായി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
‘‘എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല. ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല.
അപ്പൊ നിങ്ങള്‍ ചോദിക്കുമ്പോള്‍ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല. അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയില്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ്...’’ എന്നായിരുന്നു വിനയ് ഫോർട്ട് ആദ്യപ്രതികരണമായി പറഞ്ഞത്.
ഹേമ കമ്മിറ്റി വിഷയത്തിൽ ചൂടായി താരങ്ങൾ പറഞ്ഞത് ഇങ്ങനെ! 😱👌 Remya Nambeesan Vinay fort hema committee report latestഹേമ കമ്മിറ്റി വിഷയത്തിൽ ചൂടായി താരങ്ങൾ പറഞ്ഞത് ഇങ്ങനെ! 😱👌 Remya Nambeesan Vinay fort hema committee report latest news #hemacommitteereport #malayalamcinema
Posted by FOCUS MEDIA on Monday, August 19, 2024
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോർട്ടില്‍ 300 പേജുകളുണ്ട്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.






