എല്ലാവരിലും പൊതുവേ അനുഭവപ്പെടുന്നതാണ് ഗ്യാസ്ട്രബിള്‍. എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമാവാറുണ്ട്. ഒരാളുടെ ശരീരത്തില്‍ ഗ്യാസ് ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ മറ്റുള്ളവരില്‍ അങ്ങനെയാകണമെന്നില്ല.
സാധാരണയായി പയറുവര്‍ഗങ്ങളായ കടല, പരിപ്പ്, വന്‍പയര്‍, മുതിര, രജ്മ തുടങ്ങിയവയാണ് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പയറുവര്‍ഗങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് അവ പൂര്‍ണമായും ഒഴിവാക്കണം. ഇവയുടെ പരിപ്പുകള്‍ താരതമ്യേന കുഴപ്പം കുറഞ്ഞവയാണ്. കറികളില്‍ ഈ പരിപ്പുകള്‍ ഉപയോഗിച്ച് നോക്കുന്നത് ഗുണം ചെയ്യും.
ഒരു സമയത്ത് അരക്കപ്പില്‍ കൂടുതല്‍ കഴിക്കരുത്. എന്നിട്ടും ഗ്യാസ് ഉണ്ടാകുന്നുണ്ടെങ്കില്‍ അവ ഒഴിവാക്കുക. മുളപ്പിച്ച പയറുവര്‍ഗങ്ങളും ഇത്തരത്തില്‍ പരീക്ഷിച്ചു നോക്കാം. എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ കഴിക്കേണ്ടതില്ല. പയറുകറികള് പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍പ്പൊടി, ജീരകം, കായം എന്നിവ ചേര്‍ക്കുന്നത് ഗ്യാസ് ഉണ്ടാകാതിരിക്കുന്നതിനും ദഹനം എളുപ്പമാകാനും നല്ലതാണ്.
തേങ്ങ, നിലക്കടല, കപ്പലണ്ടി വറുത്തത്, അണ്ടിപ്പരിപ്പ്, ബദാം എന്നിവയും ഗ്യാസ് ഉണ്ടാക്കുന്നവയാണ്. പച്ചക്കറികളില്‍ ചിലത് കൂടുതല്‍ ഗ്യാസ് ഉണ്ടാക്കും. കാബേജ്, കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, ഗ്രീന്‍പീസ്, തണ്ണിമത്തങ്ങ എന്നിവ സാധാരണയായി ഗ്യാസ് ഉണ്ടാക്കുന്നതായി കാണുന്നു. ചിലരില്‍ പാല് പോലും ഗ്യാസിന് കാരണമാകാറുണ്ട്. അങ്ങനെയുളളവര്‍ക്ക് പകരം തൈരു കഴിക്കാന്‍ ശ്രമിക്കാം.
കഴിക്കുന്ന സമയത്തിനുമുണ്ട് പ്രാധാന്യം. ഉച്ചയ്ക്ക് കഴിച്ചപ്പോള്‍ കുഴപ്പമൊന്നും ഉണ്ടാക്കാതിരുന്ന ഭക്ഷണം തന്നെ രാത്രിയില്‍ ഗ്യാസ് ഉണ്ടാക്കിയെന്ന് വരാം.
ചോറ്, ഇഡ്ഡലി, ദോശ എന്നിവയ്ക്ക് മാര്‍ദ്ദവം കൂട്ടാനും പച്ചക്കറികളുടെ നിറം വര്‍ദ്ധിപ്പിക്കാനും ചില ഹോട്ടലുകളില്‍ സോഡാപ്പൊടി ചേര്‍ക്കാറുണ്ട്. ഇതും, ഹോട്ടല്‍ ഭക്ഷണത്തില്‍ കൂടുതലായുള്ള നെയ്യ്, എണ്ണ, തേങ്ങ, കസ്കസ്, അണ്ടിപ്പരിപ്പ് എന്നിവയും ചിലരില്‍ ഗ്യാസ് ഉണ്ടാക്കാറുണ്ട്.
ജീരകം ഇട്ട് തിളപ്പിച്ച ചെറുചൂടുവെളളം കുടിക്കുക. ഭക്ഷണത്തിന് ശേഷം റോസ്റ്റു ചെയ്ത പെരുംജീരകം കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍ സഹായിക്കും.






