മറ്റെന്തെങ്കിലും കാരണം കൊണ്ട് തരുണാസ്ഥിക്ക് നാശമുണ്ടാവുന്ന അവസ്ഥയാണ് സെക്കന്‍ഡറി ആര്‍ത്രൈറ്റിസ്. അസ്ഥികള്‍ക്കുണ്ടാവുന്ന ഒടിവ്, അണുബാധ, ജന്മനാ തന്നെ അസ്ഥികള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍, കാലുകള്‍ക്ക് നീളത്തിലോ ഘടനയിലോ ഉള്ള വ്യത്യാസം തുടങ്ങിയ ഒട്ടനവധി കാരണങ്ങള്‍ കൊണ്ട് സെക്കന്‍ഡറി ആര്‍ൈത്രറ്റിസ് പിടിക്കപെടാം. ചെറുപ്രായത്തില്‍ തന്നെ മുട്ടു വേദനയും മറ്റ് അസ്വസ്ഥകളുമുണ്ടാകുന്നതിന്റെ കാരണം സെക്കന്‍ഡറി ആര്‍ത്രൈറ്റിസ് ആയിരിക്കാം. സെക്കന്‍ഡറി ആര്ത്രൈറ്റിസസിന് ചികിത്സ അത്ര എളുപ്പമല്ല. അതുകൊണ്ട് വേദന ഉണ്ടാകുമ്പോള്‍ തന്നെ ഡോക്ടറെ നേരില്‍ കണ്ട് രോഗകാരണം കണ്ടെത്തി വേണ്ട ചികിത്സകള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
ലക്ഷണങ്ങള്‍:
സന്ധിതേയ്മാനത്തിന്റെ പ്രധാന ലക്ഷണം അസഹനീയമായ സന്ധിവേദന തന്നെയാണ്. സന്ധികള്‍ അമര്‍ത്തുമ്പോള്‍ വേദന, സന്ധികള്‍ക്ക് മുറുക്കം അനുഭവപ്പെടുക, ഉരസുന്നതുപോലുള്ള ശബ്ദം, സന്ധികള്‍ക്ക് ആയാസപ്പെടുമ്പോള്‍ വേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. കാല്‍മുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന ഒരുതരം വിങ്ങല്‍, മുട്ടു മടക്കുമ്പോള്‍ വേദന, മുട്ടു മടക്കി നിവര്‍ത്താന്‍ വിഷമം എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടും. കുറച്ചു സമയം ഇരുന്നു കഴിഞ്ഞ് എഴുന്നേല്ക്കാന് വിഷമമുണ്ടാകുന്നത് സാധാരണയാണ്. മുട്ടിലുണ്ടാകുന്ന വീക്കം സാധാരണയായി കാണപ്പെടുന്ന രോഗ ലക്ഷണമാണ്. പെരുമുട്ട് എന്നും മറ്റും പറയാറുള്ള ഈ വീക്കത്തിന് സൈനോവൈറ്റിസ് എന്നാണ് പറയാറുള്ളത്. മുട്ടിനു തേയ്മാനമുള്ളവര്‍ ടോയ്ലറ്റില് പോകുമ്പോള്‍ യൂറോപ്യന്‍ ക്ലോസെറ്റുകള്‍ ഉപയോഗിക്കുന്നതാവും നല്ലത്.
രോഗ നിര്‍ണയം:
സന്ധി വേദനയുമായി വരുന്ന രോഗിയെ പരിശോധിക്കുമ്പോള്‍ ആദ്യം വേദനയുടെ കാരണം കണ്ടെത്തണം. അതിന്റെ ഉറവിടം കണ്ടെത്തണം. അതായത് സന്ധിവേദനയാണോ അതോ സന്ധികള്‍ക്കു ചുറ്റുമുള്ള ഭാഗത്ത് അനുഭവപ്പെടുന്ന വേദനയാണോ എന്ന് കണ്ടെത്തണം. വേദനയുടെ കാരണം തിരിച്ചറിയുകയാണ് അടുത്ത പടി. പല കാരണങ്ങള്‍ കൊണ്ട് മുട്ടുവേദനയുണ്ടാകാം. മുട്ടു ചിരട്ട തെന്നിപ്പോകുക, പ്ലൈകാരോഗം തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ കൊണ്ട് വേദനയുണ്ടാകാം. അതുകൊണ്ട് രോഗകാരണം ആര്‍ത്രൈറ്റിസ് തന്നെയാണോയെന്ന് തീര്‍ച്ചപ്പെടുത്തിയ ശേഷമേ ചികിത്സ തുടങ്ങാവൂ. വേദനയുടെ സ്വഭാവം, കാഠിന്യം, വേദനയുള്ള സന്ധികളുടെ എണ്ണം, ഏതൊക്കെ സന്ധികളെയാണ് രോഗം ബാധിച്ചത്, ശരീരത്തിന്റെ ഇരു വശങ്ങളിലും രോഗം ഒരുപോലെയാണോ ബാധിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ രോഗമെന്തെന്ന് തിരിച്ചറിയാന്‍ സഹായിക്കും.






