
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി നടിമാരാണ് തുറന്ന് പറച്ചിലുമായി രംഗത്തെത്തുന്നത്. സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടാണ് തുറന്ന് പറച്ചിലുകള്‍ക്ക് നടിമാരെ പ്രചോദിപ്പിക്കുന്നത്. മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ജയസൂര്യയ്ക്ക് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
ഇപ്പോഴിതാ താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തുകയാണ് നടി സോണിയ മൽഹാർ. വെളിപ്പെടുത്തല്‍ നടത്തിയത് പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.
‘‘എന്റെ വെളിപ്പെടുത്തൽ കാരണം പല ആർടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.
ഞാന്‍ ആരെയും ഭയക്കുന്നില്ല. എനിക്കൊരു മെന്റൽ ട്രോമയിലേക്ക് കടന്നുപോകാനില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ല.
ദയവ് ചെയ്ത് ജയസൂര്യ അടക്കമുള്ള ആളുകളെ എന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. സോണിയ മൽഹാറിന്റെ വാക്ക് നിമിത്തം ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ കേസ് കൊടുക്കുക. അപ്പോൾ അതിനു മറുപടി ഞാൻ കൊടുക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാല്‍ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയും. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പെണ്ണായി ജീവിച്ചിട്ടു കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചു കൂട്ടുന്നത്. ആർക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ സഹിക്കുക. ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീർ ഈ ഇൻഡസ്ട്രിയിൽ വീണിട്ടുണ്ട്.
പുലിവാൽ പട്ടണം ആണ് ആദ്യ സിനിമ. അതിനുശേഷം മോഹൻലാൽ സാറിനൊപ്പം ഗീതാഞ്ജലി സിനിമ ചെയ്തു. സൂപ്പർസ്റ്റാര്‍ പടങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് ആർട് സിനിമകളിൽ നായികയായി. കാറ്റ് പറഞ്ഞ കഥ, വല തുടങ്ങി എട്ട് സിനിമകളില്‍ നായികയായി അഭിനയിച്ചു. യൂട്യൂബിൽ സോണിയ മൽഹാർ സിനിമകൾ എന്ന് ടൈപ്പ് ചെയ്താൽ അറിയാം. തിയറ്റർ റിലീസ് സിനിമകൾ അധികമില്ലാത്തതുകൊണ്ടാണ് ആളുകൾക്ക് എന്നെ അറിയാത്തത്.
എന്റെ പരാതിക്കു സമാനമായ ആരോപണം ഉന്നയിച്ച മിനു എന്ന നടിയെ എനിക്കറിയില്ല. മാത്രമല്ല അവർ ആരോപണം ഉന്നയിച്ച ആളുകളിൽ നിന്നും എനിക്കൊരു മോശമായ അനുഭവവും ഉണ്ടായിട്ടില്ല. അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണം എന്നതും അറിയില്ല. എനിക്ക് അമ്മയിൽ മെംബർഷിപ്പ് ഇല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാൽ അംഗത്വം കിട്ടു. പക്ഷേ പൈസ പല രീതിയിൽ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാൻ പറ്റിയില്ല. ഇടവേള ബാബുവിൽ നിന്നൊക്കെ നല്ല പിന്തുണ മാത്രമാണ് കിട്ടിയിട്ടുള്ളത്.
എല്ലാ സ്ത്രീകളോടും ഒരുകാര്യം പറയാനുണ്ട്. ഈ അവസരം ദുരുപയോഗം ചെയ്യരുത്. പരസ്പരം ഇഷ്ടപ്പെട്ട ശേഷം പരസ്പരം ബന്ധപ്പെട്ട ശേഷം അത് പിന്നീട് ആരോപണമായി ഇവിടേക്കു കൊണ്ടുവരരുത്. നിങ്ങളുടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചാല്‍ പരാതി നൽകിയിരിക്കണം. അതല്ലാതെ രാഷ്ട്രീയത്തിന്റെ ഭാഗമായോ പോപ്പുലാരിറ്റിക്കു വേണ്ടിയോ ഇതിലേക്ക് ഇറങ്ങരുത്. സ്ത്രീകളെ വിശ്വാസമില്ലാത്തതുകൊണ്ട് പറഞ്ഞതാണ്.
ഇൻഡസ്ട്രിയിൽ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്നും ഒരു സ്ത്രീയുടെ അനുവാദമില്ലാതെ കയറിപ്പിടിക്കാൻ ഒരുത്തന് കൈ പൊങ്ങുമെന്നത് തെറ്റായ സന്ദേശമാണ്. അങ്ങനെയൊരു കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചതുകൊണ്ടാണ് ഇത് വെളിപ്പെടുത്താൻ തീരുമാനിച്ചത്. വ്യക്തിപരമായി ഈ വിഷയത്തിൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുത്ത് എല്ലാം തുറന്നു പറയും...’’ എന്നാണ് സോണിയ മല്‍ഹാര്‍ പറഞ്ഞത്.
2013ൽ തൊടുപുഴയിലെ സിനിമാസെറ്റിൽ മേക്കപ് ചെയ്ത ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം. ആരോപണവിധേയന്റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ അത് ജയസൂര്യയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് നടിയുടെ തുറന്നു പറച്ചില്.






