
സ്പോട്ട് എഡിറ്ററായി വെള്ളിത്തിരയിൽ എത്തി പിന്നീട് അഭിനേതാവായി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സംഗീത് പ്രതാപ്. ഫോർ ഇയേഴ്സ്, ലിറ്റിൽ റാവുത്തര്‍, ജയ് ഗണേഷ് എന്ന ചിത്രത്തിലടക്കം സംഗീത് എഡിറ്ററായിരുന്നു. ഹൃദയം എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ വില്ലനായി എത്തിയതോടെയാണ് പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയത്. ലിറ്റില്‍ മിസ്സ് റാവുത്തർ എന്ന ചിത്രത്തിലെ എഡിറ്റിങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സംഗീതിന് ലഭിച്ചിരുന്നു.
പ്രേമലു, സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിലും താരം തിളങ്ങി. പ്രേമലുവിന്റെ വന്‍ വിജയത്തില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം ലഭിച്ചത് നസ്ലിന്റെ കൂട്ടുകാരനായ അമല്‍ ഡേവിസിനെ അവതരിപ്പിച്ച നടൻ സംഗീത് പ്രതാപിനാണ്. ചങ്ക് കൂട്ടുകാരനായുള്ള സംഗീത് പ്രതാപിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എംജി റോഡിൽ നടന്ന വാഹനാപകടത്തിൽ നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ് എന്നിവർക്ക് പരുക്കേറ്റിരുന്നു. ചിത്രത്തിലെ ചേസിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിൽ ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അർജുനും സംഗീതിനും പരുക്കേറ്റിരുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റ സംഗീത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇപ്പോഴിതാ ഒരു മാസം നീണ്ട വിശ്രമത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങാനായതിന്റെ സന്തോഷം പങ്കിടുകയാണ് സംഗീത്. തന്റെ ഒരു മാസക്കാലം എങ്ങനെയായിരുന്നുവെന്ന് പുതിയ സോഷ്യല്‍മീഡിയ കുറിപ്പിലൂടെ സംഗീത് വിവരിച്ചു. ചികിത്സയിലായിരുന്ന സമയത്ത് തന്നെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിച്ച ഭാര്യയെ കുറിച്ചാണ് സംഗീത് കുറിപ്പില്‍ ഏറെയും എഴുതിയിരിക്കുന്നത്. വീഴ്ചയ്ക്കുശേഷമുള്ള ജീവിതം എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘‘ആദ്യ ചിത്രം - അപകടം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം | രണ്ടാമത്തെ ചിത്രം - ഇന്ന് ഷൂട്ടിന് പോകുന്നതിന് മുമ്പ്.
വീഴ്ചയ്ക്ക് ശേഷമുള്ള ജീവിതം 27/7/24 - 27/8/24
കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു തകർച്ച നേരിട്ടപ്പോൾ എന്റെ ജീവിതം തലകീഴായി. എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപെട്ടതെന്നും ഒരു നഴ്സ് പറഞ്ഞപ്പോൾ ടെൻഷൻ തുടങ്ങി. അന്നുമുതൽ, ഞാൻ പല വികാരങ്ങളിലൂടെ കടന്നുപോയി-ചിലപ്പോൾ ഞാൻ ദുഃഖിതനും, വിഷാദവും, ഭയവും ഉള്ളവനായിരുന്നു, എന്നാൽ മറ്റുചിലപ്പോൾ ഇരിക്കാനും ചിന്തിക്കാനും പ്രാർത്ഥിക്കാനുമുള്ള രണ്ടാമത്തെ അവസരമായി എനിക്ക് തോന്നി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി, ഭാവിയെക്കുറിച്ചുള്ള എന്റെ സംശയങ്ങൾക്ക് എനിക്ക് നിരവധി ഉത്തരങ്ങൾ ലഭിച്ചു. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്.
എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്, അവളുടെ കുഞ്ഞിനെപ്പോലെ എന്നെയവള് പരിപാലിച്ചു, എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് അർഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു. പ്രാർത്ഥന എന്റെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, അങ്ങനെ പ്രതീക്ഷയായി.
ഇന്ന്, ഒടുവിൽ ജീവിതം സാധാരണ നിലയിലായി, ഞാൻ എന്റെ പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാൻ ഇപ്പോഴും അൽപ്പം മേഘാവൃതനാണ്, പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം; മേഘങ്ങൾ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകൾ മുന്നോട്ട് പോകാനുണ്ട്....’’ ചിത്രങ്ങള്‍ക്കൊപ്പം സംഗീത് പ്രതാപ് കുറിച്ചു.
അപകടം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവും, പരിക്ക് മാറി വീണ്ടും ഷൂട്ടിന് പോകാൻ തയ്യാറെടുത്ത് നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് സംഗീതിന്റെ കുറിപ്പ്.
നിരവധി പേർ നടന്റെ കുറിപ്പ് വായിച്ച് സ്നേഹം കമന്റിലൂടെ അറിയിച്ചു. കല്യാണ വീഡിയോ എഡിറ്റ് ചെയ്ത് സിനിമാ സ്പോട്ട് എഡിറ്റിങിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തിപ്പെട്ടയാളാണ് സംഗീത്. താരത്തിന്റെ ബ്രോമാൻസ് എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.






