ടെക്സ്റ്റ് ബുക്കു വായിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട നാലു സ്റ്റെപ്പുകളാണ് എസ്.ക്യൂ.ആര്.ഡബ്ല്യൂ. വായിച്ചുകൂട്ടിയത് എന്താണെന്നും വായിച്ചത് സംബന്ധിച്ച് നോട്ടു കുറിക്കാനും എസ്.ക്യൂ.ആര്.ഡബ്ല്യൂ സഹായിക്കും. ചര്‍ച്ചയിലോ, പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴോ കുറിച്ചിട്ട ഈ പോയിന്റുകള്‍ ഉള്ളത് നല്ലതാണ്.
1. എസ്. എന്നാല്‍ സര്‍വ്വേ
പാഠം വായിക്കുമ്പോള്‍ ആദ്യമേ ഒരു സര്‍വ്വേ ഉണ്ടാകണം. സര്‍വേ എന്നു പറഞ്ഞാല്‍ പാഠത്തിന്റെ തലക്കെട്ട്, മുഖവുര, ഹൈലൈറ്റുകള്‍ തുടങ്ങിയവ വായിച്ചറിയുന്നതാണ് സര്‍വ്വേ. പടങ്ങള്‍, ടേബിളുകള്‍, ഗ്രാഫുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അതും നോക്കണം. ഇത്രയും ചെയ്യുമ്പോള്‍ സര്‍വ്വേ പൂര്‍ത്തിയായി. പാഠത്തിലെ വിഷയത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം ഇപ്പോള്‍ മനസ്സിലേക്ക് ഓടിവരും. ഇനി നിങ്ങള്‍ പാഠം വായിച്ചു തുടങ്ങുമ്പോള്‍ ഇങ്ങനെ സര്‍വ്വേ നടത്തി ചിന്തിച്ചു നോക്കൂ. കാര്യങ്ങള്‍ കുറച്ച് എളുപ്പമാകും.
2. ക്വസ്റ്റിയന്‍ (ക്യൂ) എന്നാല്‍
പാഠംഭാഗം വായിക്കുന്ന മുറയ്ക്ക് നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങളും ഉണ്ടാവണം. ചോദ്യങ്ങള്‍ വായനയ്ക്ക് അര്‍ത്ഥമുണ്ടാക്കും. മാത്രമല്ല വായിക്കുന്നതില്‍ ശ്രദ്ധ നിലനിര്‍ത്താനും സാധിക്കും. ഹൂ, വാട്ട്, വൈ, വെയര്‍, വെന്‍ തുടങ്ങിയ ചോദ്യങ്ങളുണ്ടാവട്ടെ. ഇലക്ട്രിസിറ്റിയുടെ ഉപയോഗത്തെക്കുറിച്ച് പാഠഭാഗത്തില്‍ വായിക്കുമ്പോള്‍ ഏതൊക്കെ രംഗത്താണ് ഉപയോഗമെന്ന ചോദ്യമുണ്ടാവട്ടെ. ഇങ്ങനെ പലവിധത്തിലുള്ള ചോദ്യങ്ങള്‍ സ്വയം നിര്‍മ്മിക്കുക.
3. ആര് എന്നത് റീഡ്
പാഠത്തിലെ ഓരോ ഭാഗങ്ങളിലെയും വിവരങ്ങള്‍ വായിച്ച് നിങ്ങള്‍ നിര്‍മ്മിച്ച ചോദ്യത്തിനുള്ള ഉത്തരം സ്വയം കണ്ടെത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ചോദ്യം മാറ്റി നിര്‍മ്മിക്കാനും ഒരു ചോദ്യത്തിന്റെ സ്ഥാനത്ത് രണ്ടോ, മൂന്നോ ചോദ്യങ്ങളാക്കി മുറിക്കാനും സാഹചര്യമുണ്ടാകും. അങ്ങനെ വേണ്ടിവന്നാല്‍ അത് ചെയ്യണം.
4. റൈറ്റിംഗ് (ഡബ്ല്യൂ)
ഇനി നോട്ടുബുക്കില്‍ ഓരോ ചോദ്യവും അതിനുള്ള മറുപടിയും കുറിക്കുക. മറുപടി വീണ്ടും വായിച്ച് വിശദവിവരങ്ങളുണ്ടെന്ന് ഉറപ്പാക്കുക. ഇങ്ങനെ എസ്.ക്യൂ.ആര്.ഡബ്ല്യൂ രീതിയില്‍ പാഠങ്ങള്‍ വായിച്ചു നീങ്ങിയാല്‍ നല്ല സ്റ്റഡി നോട്ട് നിങ്ങള്‍ക്ക് കിട്ടും. ഇതുപയോഗിച്ച് പരീക്ഷയ്ക്ക് നിഷ്പ്രയാസം തയ്യാറെടുക്കാം.






