കൊടകരയ്ക്കടുത്തുള്ള മറ്റത്തൂര്‍ ഗ്രാമം ഇപ്പോള്‍ സന്തോഷത്തിലാണ്. കാരണം മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം മറ്റത്തൂര്‍ ഗ്രാമവാസിയായ ശ്രീഷ്മ ചന്ദ്രനാണ് ലഭിച്ചിരിക്കുന്നത്. പൊമ്പളൈ ഒരുമൈ എന്ന സിനിമയിലെ വീട്ടമ്മ സുനിതയ്ക്ക് ശ്രീഷ്മ നല്‍കിയ വേഷപ്പകര്‍ച്ച യാണ് പുരസ്കാരം നേടാനിടയായത്. മറ്റത്തൂര്‍ അവിട്ടപ്പിള്ളിയിലെ മാഞ്ഞൂക്കാരൻ ചന്ദ്രന്റെയും വനജയുടെയും മകളായ ശ്രീഷ്മ നര്‍ത്തകിയും കൂടിയാണ്. വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത പൊമ്പളൈ ഒരുമൈയിലെ സുനിതയായി നര്‍ത്തകിയില്‍നിന്ന് പരകായ പ്രവേശനം നടത്തിയ അനുഭവം ശ്രീഷ്മ പറയുന്നു.
കുട്ടിക്കാലവും വിദ്യാഭ്യാസവും
ചാലക്കുടി വ്യാസ സ്കൂളിലും പിന്നീട് കൊടകര പേരാമ്പ്ര ചെറുകുന്ന് സരസ്വതി വിദ്യാലയത്തിലുമാണ് ചെറിയ ക്ലാസുകള്‍ പൂര്‍ത്തീകരിച്ചത്.
അച്ഛന്‍ ബിസിനസുമായി എറണാകുളത്തേക്ക് മാറിയപ്പോള്‍ ആറാം ക്ലാസുമുതല്‍ പ്ലസ്ടുവരെ കലൂര്‍ എളമക്കര സരസ്വതി വിദ്യാലയത്തിലാണ് പഠിച്ചത്. ഡിഗ്രി പഠിച്ചത് എറണാകുളം മഹാരാജാസിലായിരുന്നു. സ്കൂള്‍കാലം മുതലേ ഞാന്‍ നൃത്തം അഭ്യസിച്ചുവരുന്നു. ഇപ്പോള്‍ നൃത്തം പഠിപ്പിക്കുന്നുമുണ്ട്. 30 ഓളം കുട്ടികളുണ്ട്. സുനില്‍ നെല്ലായിയാണ് എന്റെ ഗുരു.
നാടകാഭിനയം
ബിരുദത്തിനായി ഞാന്‍ മഹാരാജാസില്‍ ചേര്‍ന്നപ്പോഴാണ് നാടകമായി അടുക്കുന്നത്. ഭരതനാട്യത്തിലും ഇംഗ്ലീഷിലും പിജി എടുത്തിട്ടുണ്ട്. ഇംഗ്ലീഷ് പിജി ചെയ്തത് തൃശൂര്‍ സെന്‍റ് തൊമസ് കോളജിലാണ്. സ്കൂള്‍ കാലത്ത് മോണോ ആക്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മഹാരാജാസില്‍ നാടകകളരിയില്‍ പങ്കെടുത്തപ്പോഴാണ് അഭിനയിക്കാന്‍ കൂടുതല്‍ പ്രചോദനമായത്. നര്‍ത്തകി ആയതുകൊണ്ട് എന്റെ ശരീരഭാഷ നൃത്തത്തോടായിരുന്നു ചേര്‍ന്നുനില്‍ക്കുന്നത്. അതില്‍നിന്ന് ഒരു ക്യാരക്ടറിലേക്ക് എങ്ങനെ മാറാം എന്നൊക്കെ പറഞ്ഞ് തന്നത് കോഴിക്കോടുള്ള നാടകക്കാരന്‍ കെ.വി. വിജേഷാണ്. അഭിനയത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പറഞ്ഞു തന്നതെല്ലാം വിജേഷേട്ടനാണ്. നാടകവും സിനിമയും തമ്മിലുള്ള വ്യത്യാസം എങ്ങനെ ? സിനിമയ്ക്ക് വേണ്ടത് എന്താണെന്നെല്ലാം ? പറഞ്ഞു തന്നത് എന്റെ ആദ്യത്തെ സിനിമയായ പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സാറാണ്. പൊമ്പളൈ ഒരുമൈ എന്റെ രണ്ടാമത്തെ സിനിമയാണ്. വിപിന്‍ ആറ്റ്‌ലിയാണ് സംവിധായകന്‍.
IMG]
പൊമ്പളൈ ഒരുമൈ
പൂമരം കണ്ടിട്ട് അതിലെ എന്നെ ഇഷ്ടപ്പെട്ട് ഷൈന്‍ സാര്‍ വഴിയാണ് വിപിന്‍ചേട്ടന്‍ സമീപിക്കുന്നത്. വിപിന്‍ ചേട്ടന് ഷൈന്‍സാറില്‍ നല്ല വിശ്വാസമാണ്. 2021 ലെ ഒരു ഉച്ചയ്ക്കാണ് വിപിന്‍ ചേട്ടന്‍ വിളിക്കുന്നത് ' എന്റെ സിനിമയില്‍ ഒന്ന് അഭിനയിക്കണം ' എന്ന് പറഞ്ഞ്. അങ്ങനെമാത്രമേ അപ്പോ പറഞ്ഞിരുന്നുള്ളൂ. അങ്ങനെയാണ് 2021ല്‍ ആ സിനിമ തുടങ്ങുന്നത്. 2024 മേയിലാണ് റിലീസാകുന്നത്.
ശ്രീഷ്മയും സുനിതയും തമ്മില്‍
ഞാന്‍ എന്ന ശ്രീഷ്മയും സുനിതയും തമ്മില്‍ യാതൊരു ബന്ധമില്ലാത്ത രണ്ടുപേരാണ്. രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. സംവിധായകന്‍ വിപിന്‍ചേട്ടന്‍ സുനിതയെ കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ എനിക്ക് കണക്ട്ചെയ്യാനേ സാധിച്ചില്ല. പിന്നെ വീണ്ടും വീണ്ടും വിപിന്‍ചേട്ടന്‍ സുനിതയെ കുറിച്ച് പറഞ്ഞ് തന്ന് സുനിതയെ ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. സുനിതയുടെ ചിന്തകള്‍, തോന്നലുകള്‍, നോട്ടം, മാനസികസംഘര്‍ഷങ്ങള്‍, പെരുമാറ്റ രീതികള്‍ എല്ലാം .... പിന്നെ സുനിത ആറാം ക്ലാസുവരെ പഠിച്ചിട്ടുള്ളൂവെങ്കിലും വളരെ ബുദ്ധിശാലിയാണ്. സംസാരിക്കുന്നവളുമല്ല. അതേസമയം ഞാന്‍ എന്ന ശ്രീഷ്മ എന്റെതായ ചെറിയ സര്‍ക്കിളുകളില്‍ വൈബ്രന്‍റാണ്, നന്നായി സംസാരിക്കും. ഇതിന്റെ ഡബിങ് കേട്ടിട്ട് എന്റെ സുഹൃത്തുക്കള്‍വരെ ചോദിച്ചു, ഞാനെന്താ ഡബ് ചെയ്യാതിരുന്നതെന്ന്. ശരിക്കും ഞാന്‍ തന്നെയാണ് സുനിതയ്ക്ക് ശബ്ദം കൊടുത്തത്. അത്രയ്ക്കും മോഡുലേഷന്‍സ് വരുത്തിയിട്ടാണ് ഡബ് ചെയ്തത്. അതായത് ശ്രീഷ്മയും സുനിതയും തമ്മില്‍ രാവും പകലും വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് എനിക്ക് സുനിത. ഈ വെല്ലുവിളി രസായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ സംവിധായകന്റെ ബ്രയിന്‍ബേബിയാണ് സുനിത എന്ന ആറാം ക്ലാസുകാരിയായ വീട്ടമ്മ.
IMG]
സുനിതയോടുള്ള ഇഷ്ടം
സുനിതയായി അഭിനയിക്കാന്‍ അല്ലെങ്കില്‍ ആ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള ആദ്യകാരണം ആ സിനിമയുടെ സംവിധായകന്‍തന്നെയാണ്. വിപിന്‍ ചേട്ടന്റെ മുന്‍സിനിമകളെല്ലാം എനിക്ക് അറിയാം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. പിന്നെ രണ്ടാമതൊരു കാരണം സുനിതയിലൂടെയാണ് ഈ സിനിമ അവസാനംവരെ സഞ്ചരിക്കുന്നത്. ഒരു പുതുമുഖ അഭിനേത്രി എന്ന നിലയ്ക്ക് എനിക്ക് സുനിതയിലൂടെ എന്നെ നന്നായി പ്രകടിപ്പിക്കാനാകുമെന്നും വിശ്വാസമുണ്ടായിരുന്നു. സിനിമ എത്ര ആളുകളിലേക്ക് എത്തുമെന്നോ ഭയങ്കര വിജയമാകുമെന്നോ ഒന്നും ചിന്തിച്ചിരുന്നില്ല. പിന്നെ റിലീസായി സിനിമ കണ്ട് സുഹൃത്തുക്കളും മറ്റും കുറേപേര്‍ നന്നായി എന്ന് പറഞ്ഞ് മെസേജ് അയച്ചിരുന്നു. അത് കൂടുതല്‍ പ്രചോദനമായി.
മികച്ച സ്വഭാവ നടി
ഞാന്‍ ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. കാരണം എനിക്ക് ഇതിലൂടെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ അല്ലെങ്കില്‍ ഇതൊരു അവസരമായാണ് കരുതിയത്. പക്ഷേ വിപിന്‍ ചേട്ടന് നല്ല വിശ്വാസമുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് പകുതി ആയപ്പോ തന്നെ വിപിന്‍ ചേട്ടന്‍ പറഞ്ഞു ; എന്തായാലും അവാര്‍ഡ് വരും, സിനിമ ഇറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോഴും പറഞ്ഞു; ' 'അവാര്‍ഡ് വരും നീ ഈ മെസേജ് സ്റ്റാര്‍ ചെയ്‌ത് വച്ചോ, എന്ന്. ഞാന്‍ ആ സ്ക്രീന്‍ഷോട്ട് ഒരു ദിവസം സ്റ്റോറിയും ആക്കിയിരുന്നു. ഞാന്‍ തൃശൂര് പോയി വരുന്ന സമയത്ത് പാലിയക്കര ടോളിന്റെ അവിടെ വച്ചാണ് പുരസ്കാരം കിട്ടിയത് അറിയുന്നത്. ഞാന്‍ ഡ്രൈവ് ചെയ്യായിരുന്നു, കൂടെ അമ്മയും ഉണ്ടായിരുന്നു. എന്റെ സുഹൃത്തുക്കളെല്ലാവരും ഞെട്ടി എന്നാണ് പറഞ്ഞത്, ഞാനും ആ ഞെട്ടലില്‍നിന്ന് ഇപ്പോഴും മാറിയിട്ടില്ല.
IMG]
ഇംതിയാസ് അലിയുടെ സിനിമകള്‍
ബോളിവുഡ് സംവിധായകന്‍ ഇംതിയാസ് അലിയുടെ സിനിമകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഇംതിയാസിന്റെ സിനിമകള്‍ വളരെ ഡെപ്താണ്. അവ നമ്മള്‍ വിചാരിക്കുന്നതിനു അപ്പുറം ആഴത്തില്‍ അര്‍ഥങ്ങളുള്ളവയാണ് അല്ലെങ്കില്‍ പലതരത്തില്‍ ഇന്‍റര്‍പ്രെറ്റ് ചെയ്യേണ്ടതാണ്. ആദ്യം കാണുമ്പോള്‍ ചിലപ്പോ ആകര്‍ഷിക്കാറില്ല എന്നാല്‍ രണ്ടാമതും മൂന്നാമതും കാണുമ്പോള്‍ നമ്മള്‍ അഡിക്റ്റായി പോകും. തമാശ വളരെ വളരെ എനിക്കിഷ്ടപ്പെട്ട സിനിമയാണ്. സിനിമയിലെ ഓരോ ലെയേഴ്സും അതിലെ ഓരോ ക്യാരക്ടേഴ്സും ഭയങ്കര രസകരമായി തോന്നിയിട്ടുണ്ട്. മലയാളത്തില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സംവിധായകരുണ്ട്. അതുകൊണ്ട് തന്നെ ഒരാളുടെ പേര് പറയാന്‍ ബുദ്ധിമുട്ടാണ്.
നര്‍ത്തകിയും അഭിനേത്രിയും
സംവിധാനം ഒരിക്കലും എനിക്ക് പറ്റില്ല. എഴുതാനും സംവിധാനം ചെയ്യാനും നിസാര ബുദ്ധിപോര. അതിന് നല്ല ബുദ്ധിതന്നെ വേണം. അതുകൊണ്ട് എപ്പോഴും ഓണ്‍ സ്ക്രീനിലും ഓണ്‍ സ്റ്റേജിലും തിളങ്ങാനാണ് ഇഷ്ടം. എഴുത്തുക്കാരും സംവിധായകരും പറഞ്ഞുതരുന്നത് ഭംഗിയായി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അത് നൃത്തത്തിലായാലും നാടകത്തിലായാലും സിനിമയിലായാലും.
- ധനേഷ് കൃഷ്ണ






