
തെന്നിന്ത്യൻ താരങ്ങളായ സാമന്ത - നാഗ ചൈതന്യ വേർപിരിയലിനെ കുറിച്ച് പരാമർശം നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് തെലങ്കാന പരിസ്ഥിതി, വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖ. സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം. മന്ത്രിയുടെ പരാമർശം വ്യാപക പ്രതിഷേധത്തിന് വഴി വച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാഗ ചൈതന്യ.
‘വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു വേണ്ടതെന്ന തീരുമാനത്തില്‍, രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം മാത്രമാണത്.
അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെയും കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടിയാണ്.
സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്’ - നാഗ ചൈതന്യ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പറഞ്ഞു.






