
സംവിധായകനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബിബിന്‍ ജോര്‍ജ്. താരത്തിന്റെ ഏറ്റവും പുതിയ സസ്പെന്‍സ് ത്രില്ലര്‍ ജോണറില്‍ പെടുന്ന സിനിമയാണ് ‘ഗുമസ്തന്’. കഴിഞ്ഞ ദിവസം ഗുമസ്തന്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എംഇഎസ് - കെവിഎം വളാഞ്ചേരി കോളേജില്‍ എത്തിയ ബിബിൻ ജോർജിനെയും മറ്റ് താരങ്ങളെയും കോളജിലെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ട വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതാണ്.
ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം തുറന്നു പറയുകയാണ് ബിബിന്‍ ജോര്‍ജ്. ‘‘സത്യം പറഞ്ഞാലത് വിശദീകരിക്കാഞ്ഞത് തന്നെയാണ്. മിക്കപ്പോഴും ഇത്തരം സംഭവങ്ങള്‍ വന്നു കഴിയുമ്പോള്‍ അത് ചെയ്തത് ആരാണെന്ന് വച്ചാല്‍ അവരെയും അവരുടെ വീട്ടുകാരെയും അടക്കം എല്ലാവരും ചീത്ത പറയും. പിന്നതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. അത് ഞങ്ങള്‍ സിനിമയുടെ മാര്‍ക്കറ്റിംഗ് രീതിയില്‍ എടുത്തില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഒരുപാട് വിഷമമുണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ അത് പറയാനും പിന്നീട് അദ്ദേഹത്തിനതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുമാണ് അതിനെക്കുറിച്ച് എവിടെയും പറയാതിരുന്നത്. അതുകൊണ്ട് ഇവിടെയുമത് പറയുന്നില്ല. ഒരു ചെറിയ സംഭവമായി ഞങ്ങളതിനെ വിട്ടു കളയുന്നു. ചിലതൊന്നും തിരുത്താന്‍ കഴിയില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെയത് തിരുത്തിയിട്ടുണ്ടാകും എന്നാണ്. സ്റ്റേജില്‍ നിന്ന് ഞങ്ങളിറങ്ങി പോന്നത് ശരിക്കും വിഷമിച്ചാണ്. എത്രയോ കോളജുകളില്‍ ഞങ്ങള്‍ പ്രൊമോഷനു പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം...’’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
കോളജ് മാഗസിൻ പ്രകാശനത്തിനായാണ് ബിബിൻ ജോർജ് കോളേജിലെത്തിയത്. തിയേറ്ററില്‍ പ്രദർശനം തുടരുന്ന ‘ഗുമസ്തന്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ബിബിൻ ജോർജിന്റെ സന്ദർശനം. പുസ്തകപ്രകാശനത്തിനായി ബിബിൻ വേദിയില്‍ എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ‘ഗുമസ്തന്’ എന്ന് ആര്‍പ്പ് വിളിക്കാന്‍ തുടങ്ങി. ബിബിൻ ചിത്രത്തെ കുറിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കാൻ തുടങ്ങിയതോടെ, പ്രിന്‍സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
‘‘കോളജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞാൻ വന്നപ്പോള്‍ മുതല്‍ പ്രിൻസിപ്പാള്‍ അസ്വസ്ഥനായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രിൻസിപ്പാള്‍ വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി പ്രകാശനം ചെയ്തിട്ട് പൊയ്ക്കോ, പടത്തെക്കുറിച്ച് ഒന്നും പറയേണ്ട എന്നു ആക്രോശിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം. എനിക്കേറ്റവും വിഷമം വന്നത് എന്റെ കൂടെ വന്ന ആളുകള്‍ കൂടി അപമാനിക്കപ്പെട്ടല്ലോ എന്നോർത്തപ്പോഴാണ്. ഞാൻ വേദിയില്‍ നിന്നിറങ്ങി തിരികെ പോരാൻ ഒരുങ്ങിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി മാപ്പു പറഞ്ഞു. അവർ ഒന്നടങ്കം പോകരുതെന്ന് അഭ്യർത്ഥിച്ചു. പക്ഷേ പിന്നീട് ആ വേദിയിലേക്ക് തിരികെ ചെല്ലാൻ എനിക്കു തോന്നിയില്ല...’’ എന്നാണ് ആ സംഭവത്തെക്കുറിച്ച് ബിബിന്‍ അന്ന് പറഞ്ഞത്.






