
കൊച്ചി : ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്നതിന്റെ പേരില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസെടുക്കുന്നതു 'റിസ്ക്' ആണെന്നു പോലീസ് വിലയിരുത്തല്‍. താരങ്ങള്‍ ഹോട്ടല്‍ മുറിയിലെത്തിയതു മയക്കുമരുന്നു വാങ്ങാനോ ഉപയോഗിക്കാനാണോ എന്നു തെളിയിക്കേണ്ടതുണ്ട്. മയക്കുമരുന്നു പിടികൂടാനായില്ലെങ്കില്‍ ഓംപ്രകാശിനെതിരേ കേസെടുത്തതു തെളിയിക്കാന്‍ ബുദ്ധിമുട്ടാകും.
കൊക്കെയ്ന്‍ ഉപയോഗിച്ചെന്നു തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിനെതിരേ അപ്പീല്‍ പോകാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തങ്ങളുടെ പേര് ഉള്‍പ്പെടുത്തി സമൂഹത്തില്‍ പ്രചരിച്ചതു വ്യക്തിഹത്യയാണെന്നും അതിനു ഉത്തരവാദികളായവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു സിനിമാതാരങ്ങള്‍ പരാതി നല്‍കാനുള്ള സാധ്യതയും പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. മുമ്പ് നടന് ടിനി ടോമിനെതിരേ കേസെടുത്തതു പുലിവാലായിരുന്നു. അതിനാല്‍, ഇന്നത്തെ ചോദ്യംചെയ്യലില്‍ വിവരങ്ങള്‍ ചോദിച്ചറിയല്‍ മാത്രമാകും. ഇരവുരുടേയും കോള്‍ റെക്കോഡുകളും പോലീസ് എടുത്തിട്ടുണ്ട്. ലഹരി ഇടപാടുമായി തെളിവുകളുണ്ടോയെന്നാണു പരിശോധിക്കുന്നത്.
ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സന്ദര്‍ശിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിക്കുമെതിരേ നോട്ടീസ് അയച്ചിരിക്കുന്നത്. ക്രിമിനലും ഗുണ്ടാനേതാവുമായ ഓംപ്രകാശിന്റെ മുറിയില്‍ എത്തിയതിനു വിശദീകരണം നല്‍കേണ്ടിവരും. ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതു ഓം പ്രകാശിന്റെ സുഹൃത്തുക്കളാണെന്നാണു പോലീസിനു ലഭിച്ച വിവരം.
താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്. ബിനു ജോസഫില്‍നിന്ന് അനേ്വഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പു കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറയുന്നത്. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു.






