
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന് സിദ്ദിഖിന്റെ ചോദ്യം ചെയ്യല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പൂറത്തിയായി. മകന് ഷഹീന് സിദ്ദിഖും നടന് ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. മൊബൈൽ അടക്കമുള്ള രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
ചോദ്യം ചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടു. പൊലീസിന്റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പോലീസ് അറിയിച്ചു. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണ സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്.
നേരത്തെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് നല്കിയ ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. ഇതോടെ ഒളിവിലായിരുന്നു സിദ്ദിഖ്. ഇതിനിടെ സുപ്രീംകോടതിയെ സമീപിച്ച അദ്ദേഹം അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ് സ്വന്തമാക്കി. ഉത്തരവ് ലഭിച്ച ശേഷമാണ് സിദ്ദിഖ് ഒളിവില്‍ നിന്നും പുറത്തെത്തിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തത്. 2016ല്‍ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി പറഞ്ഞിരുന്നു.






