
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനുവാദമില്ലാതെ തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി സിഎസ് ഡയസ് വിധി പറഞ്ഞത്. പരാതിക്കാരിക്ക് നിയമപരമായ മറ്റു മാർഗങ്ങൾ തേടുന്നതിലും തടസ്സമില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ അതിജീവിത അപ്പീൽ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ പുനരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്ഹർജി നിയമപരമായി നില നിലനിൽക്കില്ലെന്നും മുമ്പ് തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ ഉന്നയിക്കാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് നൽകിയതെന്നാണ് അതിജീവിത വാദിച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തിൽ നേരത്തെ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.
വിചാരണക്കോടതിയുടേതടക്കം മൂന്ന് കോടതികളുടെ പരിഗണനയിലിരിക്കെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ട്. 2018 ൽ മെമ്മറി കാർഡ് അങ്കമാലി മജിസ്ട്രേറ്റിന്റെ സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി. ഇവിടെ വെച്ചാണ് അങ്കമാലി മജിസ്ട്രേറ്റ് ലീന മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചത്. 2018 ഡിസംബർ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് തന്റെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു.






